ആസിഫ് അലിയുടെ വൺ മാൻ ഷോ മാത്രം; കെട്ട്യോളാണ് എന്റെ മാലാഖ റിവ്യൂ വായിക്കാം.

0

കെട്ട്യോളാണ് എന്റെ മാലാഖ റിവ്യൂ: ധ്രുവൻ ദേവർമഠം

 

ആസിഫ് അലിയുടെ പ്രിമാരിറ്റൽ കോഴ്സ് അങ്ങനെ വിളിക്കാം നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്ത “കെട്ട്യോളാണ് എന്റെ മാലാഖ” എന്ന ചിത്രത്തെ. ഇടുക്കിയുടെ നാട്ടിൻ പുറ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സ്ലീവാച്ചൻ എന്ന മലയോര കർഷകന്റെ വേഷമാണ് ചിത്രത്തിൽ ആസിഫിന്റെത്.മുപ്പത്തഞ്ച് വയസ്സുകാരനായ സ്ലീവാച്ചന്റെ കല്ല്യാണവും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് സംവിധായകൻ പ്രധാന പ്രമേയമാക്കിയിരിക്കുന്നത്.

 

 

 

സ്ലീവാച്ചൻ എന്ന കഥാപാത്രമായുള്ള ആസിഫിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. രണ്ടേകാൽ മണിക്കൂറുകൾക്കിടയിൽ ലാഗ് അടിപ്പിച്ച് ബോറടിപ്പിക്കുന്നുമുണ്ട് ചിത്രം. പ്രധാനമായും സംവിധായകൻ പ്രേക്ഷകന് എങ്ങനെയാവണം കല്ല്യാണ ശേഷമുള്ള നവദമ്പതികളുടെ ജീവിതം തുടങ്ങേണ്ടത് എന്ന ഉപദേശം നൽകുന്നതായാണ് ചിത്രം കാണുന്നവർക്ക് അനുഭവപ്പെടുക.

 

 

 

മുൻ ആസിഫ് ചിത്രമായ കക്ഷി അമ്മിണിപിള്ളയുടെ പ്രമേയവുമായി ചിത്രത്തിന് വിദൂരമായ സാമ്യം ചിത്രം കാണുന്ന പ്രേക്ഷകർക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഭാര്യ ഭർത്തൃബന്ധത്തിലെ താളപ്പിഴകൾ പ്രമേയമാക്കി മലയാളത്തിൽ നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്.അതിന്റെ ചുവടുപിടിച്ചു തന്നെയാണ് ഈ ചിത്രത്തിന്റെ യാത്രയെങ്കിലും. മനുഷ്യന്റെ ലൈംഗികതയെ അടിസ്ഥാനമാക്കി ഒട്ടും വൾഗർ ആവാതെ സിനിമയെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുമുണ്ടെന്ന് പറയാതെ വയ്യ.

 

 

 

ഏറെക്കുറെ പുതുമുഖങ്ങളാണ് ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തി ശ്രദ്ധ നേടിയിരിക്കുന്നതും. ജാഫർ ഇടുക്കി , ബേസിൽ ജോസഫ്, മാല പാർവ്വതി, റോണി, ശ്രുതിലക്ഷ്മി, രവീന്ദ്രൻ തുടങ്ങി വളരെക്കുറച്ചു മാത്രമേ ചിത്രത്തിൽ അറിയപ്പെടുന്നതാരങ്ങളായുള്ളു. ബാക്കിയുള്ളവർ എല്ലാം പുതുമുഖങ്ങളാണ്. നവാഗതയായ വീണ നന്ദകുമാറാണ് നായികയായ റിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വലുതായൊന്നും ചെയ്യാൻ ഇല്ലെങ്കിലും തനിക്ക് ലഭിച്ച കഥാപാത്രത്തെ ഭേദപ്പെട്ട നിലയിൽ തന്നെ വിണ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ.

 

 

 

ഏറെ സമയവും ആസിഫ് അലി എന്നതാരത്തിന്റെ പ്രകടനം കൊണ്ടുമാത്രമാണ് ചിത്രം മുന്നേറുന്നത്. ചിത്രത്തിലെ പാട്ടുകൾ ഒന്നും രസകരമല്ലെങ്കിലും പശ്ചാത്തല സംഗീതം ചിത്രത്തിന് യോജിച്ച രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.കഥയുടെ സഞ്ചാരത്തിന് അനുസരിച്ച രീതിയിൽ തന്നെയാണ് സിനിമയുടെ ഫ്രെയിമുകൾ ഒക്കെയും ഛായാഗ്രാഹകൻ പകർത്തിയിട്ടുള്ളത്. എഡിറ്റിങ്ങ് ഒന്നുകൂടി നന്നാക്കിയിരുന്നെങ്കിൽ അൽപ്പം കൂടി ആസ്വാദ്യകരമായെനെ എന്ന് തോന്നി. വൻ ട്വിസ്റ്റുകളോ വഴിത്തിരുവുകളോ വൻ പ്രതീക്ഷയൊ ഇല്ലാതെ സമീപിച്ചാൽ ആസിഫ് അലിയുടെ ഒറ്റയാൾ പ്രകടനമികവിൽ കണ്ടിരിക്കാം “കെട്ട്യോളാണ് എന്റെ മാലാഖ” .

 

 

 

You might also like