പോര് കുറഞ്ഞ കോഴിപ്പോര് ; റിവ്യു വായിക്കാം.

0

കോഴിപ്പോര് റിവ്യൂ: മീര ജോൺ

ഇന്ദ്രന്‍സ്, പൗളി വത്സന്‍, സുധി കോപ്പ, സോഹന്‍ സീനുലാല്‍, ജോളി ചിറയത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതരായ ജിബിറ്റ് ജോര്‍ജും ജിനോയ് ജനാര്‍ദ്ദനനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് “കോഴിപ്പോര്”. കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക.

ഒരു ഗ്രാമപ്രദേശത്ത് ജീവിക്കുന്ന കുറേ ജീവിത കഥാപാത്രങ്ങള്‍ അധിക ചമയങ്ങള്‍ ഒന്നും തന്നെയില്ലാതെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് കടന്നുവരുന്നു. ഇതു തന്നെയാണ് ഈ ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്. എന്നാലിത് സിനിമയെ എത്രത്തോളം തൃപ്തിപ്പെടുത്താനായി എന്നത് പ്രേക്ഷകര്‍ ഓരോരുത്തരും വിലയിരുത്തേണ്ടതാണ്. രണ്ട് കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കൊച്ചി നഗരത്തിന് അടുത്തുള്ള ഒരു ഗ്രാമത്തിലെ അയല്‍വാസികളായ മേരിയുടെയും ബീനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.

അടുത്തിടപഴകിയ രണ്ട് കുടുംബക്കാര്‍ ഒരു സുപ്രഭാതത്തില്‍ തെറ്റുന്നിടത്ത് നിന്നാണ് ചിത്രത്തിന്റെ സഞ്ചാരം തുടങ്ങുന്നത്. ഒരു വീട്ടിലെ കോഴി ഇടുന്ന മുട്ട കാണാതാകുന്നതോടെ ഇരുകുടുംബങ്ങളും തമ്മില്‍ തെറ്റുന്നു. പിന്നീടുള്ള സംഭവങ്ങള്‍ വളരെ രസകരമായി തന്നെ ചിത്രം ദൃശ്യാവിഷ്‌കരിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ഒരു കഥാപാത്രത്തിന് മാത്രമല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. മറിച്ച് നിരവധി കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കഥാപാത്രത്തെയും പരസ്പരം താരതമ്യം ചെയ്യാനാകില്ല ആരാണ് മികച്ചതെന്ന്. നഗര ജീവിതത്തില്‍ അധികമാരും കാണാത്ത കുറേ കഥാപാത്രങ്ങളും അവരുടെ സംഭാഷണ ശൈലിയുമൊക്കെ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റാണ്. അഞ്ജലി നായർ , നന്ദിനി ശ്രീ, ജിനോയ് ജനാർദ്ദനൻ , വിനീത് ഇടക്കൊച്ചി, ബിറ്റോ ഡേവിഡ് , ശങ്കർ ഇന്ദുചൂഡൻ എന്നിവരാണ് മറ്റ് താരങ്ങൾ.

രാഗേഷ് നാരായണന്റെ ഛായാഗ്രഹണവും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ മാറ്റുകൂട്ടി. ചിത്രത്തിലെ ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ മനസ്സിലാകുന്ന വാമൊഴി ചന്തമുള്ള ഗാനങ്ങളാണ് ചിത്രത്തിന് വേണ്ടി വിനായക് ശശികുമാര്‍ സംഭാവന ചെയ്തിരിക്കുന്നത്. ഗാനങ്ങള്‍ക്ക് ബിജിബാലിന്റെ സംഗീതം ചിത്രത്തിനൊപ്പം ചേർന്ന് നിന്നു. ചിത്രത്തിനായി വൈക്കം വിജയലക്ഷ്മി ആലപിച്ച നാടന്‍ ഗാനം ശ്രദ്ധേയമാണ്.

പ്രചരണ കുറവും സൂപ്പർ താരങ്ങളുടെ സാന്നിധ്യമില്ലായ്മയും ചിത്രത്തിന് വിനയായി മാറുന്നുണ്ടെന്നു തിയേറ്ററിലെ ഒഴിഞ്ഞ സീറ്റുകൾ പറയുന്നുണ്ട്. ഒരു ഷോർട്ട് ഫിലിം ആണോ എന്ന് തോന്നി പോകുന്ന വിധമായിരുന്നു അണിയറ പ്രവർത്തകരുടെ പ്രചരണം. മിനി സ്‌ക്രീനിൽ വരുമ്പോൾ ചിലപ്പോൾ പ്രശംസ ലഭിച്ചേക്കാവുന്ന മറ്റൊരു സിനിമയാണ് “കോഴിപ്പോര്”.

You might also like