കുമ്പളങ്ങിയിലെ രാത്രികള്‍ മനോഹരം.

0

കുമ്പളങ്ങി നൈറ്റ്സ്  റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

കുമ്പളങ്ങി അത് മനോഹരമായ ഇടമാണ്; അവിടെത്തെ ജീവിതങ്ങൾ നെല്ലിക്ക പോലെയും. നവാഗതനായ മധു സി നാരായണൻ എന്ന സംവിധായകൻ തന്റെ ആദ്യ ചിത്രവുമായി എത്തിയപ്പോൾ നല്ല നാടൻ നെല്ലിക്കയുടെ രുചിയുള്ള മനോഹരമായ ചിത്രം സമ്മാനിച്ചിരിക്കുന്നു പ്രേക്ഷകർക്കായി.

 

 

 

 

 

 

 

 

നാട്ടിൻ പുറത്തെ ജീവിതങ്ങളെ അതിഭാവുകത്തമോ കലർപ്പോ ഇല്ലാതെ കാട്ടിതരികയാണ് ചിത്രത്തിലൂടെ. ഒന്നിന് ഒന്ന് മെച്ചമായ അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുന്നത്. ചിത്രം അവസാനിച്ചിറങ്ങുമ്പോൾ അവർ അത്രമേൽ പ്രിയപ്പെട്ടവരും നമുക്ക് പരിചയമുള്ളിടത്തിലെ ആരല്ലാമോ ആണെന്നും തോന്നിയാൽ അതിശയോക്തിയാവില്ല.

 

 

 

 

 

 

 

 

 

ചിത്രത്തിലെ ഓരോ ഫ്രെയിമുകളും മനോഹരമായി തന്നെ അവർ പ്രേക്ഷകർക്കായി ഒപ്പിയെടുത്തിട്ടുണ്ട്. പൂച്ചയും പട്ടിയും തുടങ്ങി മനുഷ്യന് വേണ്ടാത്ത വസ്തുക്കൾ ഉപേക്ഷിക്കപ്പെടുന്ന കുമ്പളങ്ങിയിലെ ഒരു തുരുത്തിൽ വാതിലുകൾ ഇല്ലാത്ത വീട്ടിൽ താമസിക്കുന്ന; പ്രത്യേകിച്ച് ജോലികൾ ഒന്നും തന്നെ ഇല്ലാതെ ജീവിക്കുന്ന; പലതന്തമാർക്ക് പിറന്ന സഹോദരങ്ങളാണ് സജിയും ബോബിയും ബോണിയും ഫ്രാങ്കിയും.

 

 

 

 

 

 

 

 

ഫ്രാങ്കി പറയുന്നതു പോലെ, ഭൂമിയിലെ നരകമെന്നോ,​ ആ പഞ്ചായത്തിലെ ഏറ്റവും മോശം വീടെന്നോ പറയാവുന്ന ഒരിടം. അവർ ആ തുരുത്തിൽ കടിപിടികൂടിയും സ്നേഹിച്ചും ജീവിക്കുന്നതിനിടയിൽ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയ പശ്ചാത്തലം.സൗബിൻ ഷാഹിർ എന്ന നടന്റെ കരിയറിലെ തന്നെ പ്രധാനകഥാപാത്രങ്ങളിൽ ഒന്നായി കുമ്പളിങ്ങിനൈറ്റ്സിലെ സജിയെ വരും കാലങ്ങളിൽ ചർച്ചചെയ്യും എന്നതിൽ തർക്കമുണ്ടാകില്ല.

 

 

 

 

 

 

 

 

അത്രമേൽ മനോഹരമായി താരം ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. അരക്ഷിതാവസ്ഥകളും സങ്കടങ്ങളും അപമാനവുമൊക്കെ അനുഭവിക്കുന്ന സജിയായി സൗബിൻ പ്രേക്ഷകരുടെ ഉള്ളു പൊള്ളിക്കുന്നുണ്ട്. ഷെയിൻ നിഗം തനിക്ക് ലഭിച്ച കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ. ശ്യാംപുഷ്ക്കരന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലെന്ന് പറയാതെ വയ്യ.

 

 

 

 

 

 

 

 

അത്ര രസകരമായ രചനയാണ് ചിത്രത്തിന്റെത്. ജിംഷിഖാലിദ് ക്യാമറ കൊണ്ട് കവിത എഴുതുകയാണ് ചെയ്തിരിക്കുന്നതെന്ന് കുമ്പളങ്ങിനൈറ്റ്സിലെ യാത്രയിൽ നമുക്ക് അനുഭവമാകും. അത്രയധികം ഇഴചേർന്ന് നിൽക്കുന്നുണ്ട് ജിംഷി പകർത്തിയ ഓരോ ഫ്രെയിമുകളും. സുശിൻശ്യാം ഒരുക്കിയ സംഗീതവും വളരെയധികം ഗുണമായി തീരുന്നുണ്ട് ചിത്രത്തിന്റെ സഞ്ചാരവഴിക്ക് എന്ന് പറയാം.

 

 

 

 

 

 

 

ഫഹദ് ഫാസിൽ പ്രതീക്ഷിച്ചതു പോലെ തന്നെ ഗംഭീരമാക്കിയിരിക്കുന്നു തനിക്ക് ലഭിച്ച വേഷത്തെ. ചിലപ്പോഴെങ്കിലും ഭരത്ഗോപി കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട് ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം. ഫഹദിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറയുന്നില്ല കാരണം അത് തീയറ്ററിൽ ആസ്വദിക്കാൻ ബാക്കി നിൽക്കട്ടെ.

 

 

 

 

 

 

 

 

 

കുമ്പളിങ്ങിനൈറ്റിസിന്റെ മറ്റൊരു പ്രത്യേകത അതിന്റെ എഡിറ്റിങ്ങാണ് . ലാഗ് ഫീൽ തുടങ്ങുന്നതിന് മുൻപ് അടുത്ത സീനി ലേക്കുള്ള യാത്ര വളരെ വേഗത്തിൽ സംഭവിക്കുന്നുണ്ട് അത് എഡിറ്റിങ്ങിന്റെ കഴിവു കൊണ്ടുമാത്രമാണെന്ന് തോന്നുന്നു. ശ്രീനാഥ് ഭാസിയും, ഗ്രേസ് ആന്റണിയും, പുതുമുഖ താരം മാത്യുതോമസും അവർക്ക് ലഭിച്ച കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

ഷെയിൻ നിഗത്തിന്റെ നായികയായെത്തിയ പുതുമുഖം അന്നബെൻ റിയലിസ്റ്റിക്കായി തന്നെ അഭിനയിച്ചിട്ടുണ്ട് ചിത്രത്തിൽ. സ്വാഭാവികമായ കഥ പറച്ചിലാണ് ചിത്രത്തെ മനോഹരമാക്കി തീർക്കുന്നത്. അരികുവൽക്കരിക്കപ്പെട്ടു പോയവരുടെ ഇമോഷനുകൾ ഒന്നാവുന്നതുകൊണ്ട് തന്നെ ചിത്രം ഒരു ക്ലാസ് സ്വഭാവം കൈവരിക്കുന്നുണ്ട്. സിനിമയുടെ രചന നിർവ്വഹിച്ച ശ്യാംപുഷ്കറും സംവിധായകൻ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതെ ഒരു നാടൻ നെല്ലിക്കയുടെ മധുരം അനുഭവിക്കാൻ കുമ്പളങ്ങി നൈറ്റ്സിന് ധൈര്യപൂർവ്വം ടിക്കറ്റ് എടുക്കാം.

 

 

 

 

 

 

 

You might also like