ജീവിതത്തിന്റെ കരുത്തും കുഞ്ഞിരാമന്റെ കുപ്പായവും.

0

കുഞ്ഞിരാമന്റെ കുപ്പായം റിവ്യൂ: വൈഷ്ണവി മേനോൻ

 

മണ്ണിനേയും കൃഷിയേയും സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന കുഞ്ഞിരാമൻ എന്ന കർഷകന്റെ ജീവിത സംഘർഷങ്ങളുടെ ആവിഷ്കാരമാണ് സിദ്ധിഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന “കുഞ്ഞിരാമന്റെ കുപ്പായം”. കുഞ്ഞിരാമനായി എത്തുന്നത് തലൈവാസൽ വിജയ് ആണ്. നടന്റെ കരിയറിൽ തന്നെ മികച്ചതും വ്യത്യസ്തയുമായ കഥാപാത്രമാണ് കുഞ്ഞിരാമൻ.

 

 

 

സാമ്പത്തിക ബാധ്യതകൾ ഉണ്ടെങ്കിലും ഭാര്യ സുധയോടും മൂന്നു പെൺമക്കളോടും – അമ്മു, ചിന്നു, പൊന്നു, കൂടി നയിക്കുന്ന സന്തുഷ്ട കുടുംബമാണ് അദ്ദേഹത്തിന്റേത്. കാൻസർ പരത്തുന്നതിനുള്ള പ്രധാന കാരണം പ്ലാസ്റ്റിക്കുകളുടേയും മൊബൈൽ ഫോണിന്റേയും അമിത ഉപയോഗം മൂലമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പല ചികിത്സകൾ ചെയ്തിട്ടും മാറാതിരുന്ന ഒരു വയറുവേദന കുഞ്ഞിരാമനെ കലശലായി അലട്ടിയിരുന്നു. ആയിടയ്ക്ക് അത്ഭുതങ്ങൾ കാണിക്കുന്ന ഒരു സിദ്ധനെകുറിച്ച് കേൾക്കാൻ ഇടവന്നപ്പോൾ, തന്റെ വയറുവേദന കാണിക്കാൻ അവിടെവരെ പോയിനോക്കുവാൻ തീരുമാനിച്ചു. അവിടെ ചെന്നപ്പോൾ മന്ത്രിച്ചൂതിയ ഒരു പൊടി വെള്ളത്തിൽ കലക്കി കുടിക്കാൻ കൊടുത്തു. അത് കുടിച്ചതോടെ വയറുവേദന ശമിക്കുകയും അദ്ദേഹം ആ സിദ്ധനിൽ കുടുതൽ വിശ്വാസം അർപ്പിക്കുകയും ചെയ്തു.

 

 

 

 

ഇതിനിടയിൽ കുഞ്ഞിരാമന്റെ സുഹൃത്ത് റിയാസ്, അദ്ദേഹത്തിന് ഒരു കുപ്പായം തയ്ക്കാനുള്ള തുണി സമ്മാനിച്ചു. കുഞ്ഞിരാമൻ തന്റെ ഭാര്യയോട് ഒരു ഷർട്ട് തുന്നികൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സുധ, താൻ തയ്ച്ച ആ തുണി നാശമായിപ്പോയാലോന്ന് ഓർത്ത് ആദ്യം മടിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. കുഞ്ഞിരാമന്റെ മൂത്തമകൾ അമ്മു, രതീഷ് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ കുഞ്ഞിരാമൻ, ആ ബന്ധത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. നല്ല സ്വഭാവഗുണഗണങ്ങളും കുടുംബ മഹിമയും ഉണ്ടെന്നറിഞ്ഞതിനാൽ ഈ ബന്ധത്തിന് അദ്ദേഹം സമ്മതം നല്കി. സിദ്ധന്റെ കഴിവിനാൽ മാറാരോഗങ്ങൾ വരെ മാറിയ പലരുടേയും കഥകൾ വായിച്ചറിഞ്ഞ കുഞ്ഞിരാമൻ അങ്ങനെ സിദ്ധനിൽ കൂടുതൽ വിശ്വസിക്കാൻ തുടങ്ങി.

 

 

 

 

ആയിടക്ക് കുഞ്ഞിരാമനെ കാണാതായ വിവരം സുധയും റിയാസും ചേർന്ന് പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നല്കി. മൂന്നുമാസങ്ങൾ കഴിഞ്ഞു. കുഞ്ഞിരാമനെ കുറിച്ച് യാതൊരു വിവരവും ഇല്ല. അങ്ങനെ ഇരിക്കെ കുഞ്ഞിരാമൻ വ്യത്യസ്തമായ വേഷത്തിൽ സ്വന്തം വീട്ടിൽ തിരിച്ചെത്തി. സിദ്ധനാൽ സ്വാധീനിക്കപ്പെട്ട കുഞ്ഞിരാമൻ അങ്ങനെ അദ്ദേഹത്തിന്റെ മതം സ്വീകരിക്കാൻ തീരുമാനിച്ചു. അടുത്തുള്ള ആദം സെന്ററിൽ പോയി കുഞ്ഞിരാമൻ, ഹസ്സൻ ആയി. സുധയും മക്കളും വലിയ ഞെട്ടലോടെയാണ് ഇത് നോക്കിക്കണ്ടത്. ഈ സംഭവത്തിന് ശേഷം കുഞ്ഞിരാമനും കുടുംബവും അനുഭവിക്കേണ്ടി വന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.

 

 

 

യുഗപുരുഷൻ എന്ന ചിത്രത്തിന് ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി തലൈവാസൽ വിജയ് എത്തുന്നു എന്നതാണ് ‘കുഞ്ഞിരാമന്റെ കുപ്പായം’ എന്ന സിനിമയുടെ മുഖ്യ സവിശേഷത. വിജയുടെ സ്ഥിരം കാണുന്ന സഹ കഥാപാത്രങ്ങളിൽ നിന്നും വേർതിരിഞ്ഞു തീർത്തും ഒരു മികച്ച നായക കഥാപാത്രം തന്നെയാണ് കുഞ്ഞിരാമൻ. സജിത മഠത്തിൽ , ലിന്റ കുമാർ എന്നിവർ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളായി തിളങ്ങി. മേജർ രവി ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ വേഷത്തിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രീരാമന്‍, ഗിരിധര്‍, അശോക് മഹീന്ദ്ര, പ്രകാശ് പയ്യാനക്കല്‍, സ്വാതി, ദർശിക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

 

 

 

രാജേഷ് രാജുവിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ ഒഴുക്കിനൊപ്പം സഞ്ചരിക്കുന്നു. സിദീഖ് ചേന്ദമംഗല്ലൂര്‍, ഹരിപ്രസാദ് കോളേരി എന്നിവര്‍ തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിന്റെ എഡിറ്റർ സഫ്തർ മർവയാണ്. ഗാനങ്ങൾ ചിത്രത്തിന്റെ മൂല്യം കൂട്ടുന്നവയാണ്. പി.കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

 

 

 

മാസ് മസാല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് ഒരു വാതിൽ അല്ല “കുഞ്ഞിരാമന്റെ കുപ്പായം”; എന്നാൽ സാമൂഹിക പ്രസക്തിയും കലാമൂല്യവുമുള്ള മലയാള സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് കുഞ്ഞിരാമന്റെ കുപ്പായത്തെ മനസ്സോട് ചേർത്തു വയ്ക്കാം.

 

 

You might also like