പാളിപ്പോയ തള്ളൽ ; കുട്ടിമാമ റിവ്യൂ വായിക്കാം .

0

കുട്ടിമാമ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

ഒരു ഇടവേളയ്ക്ക് ശേഷം കുടുംബ ചിത്രങ്ങളുടെ സംവിധായകനായ വി.എം വിനുവിന്റെ സംവിധാനത്തിൽ ഒരു സിനിമ പ്രദർശനത്തിന് എത്തുമ്പോൾ പ്രതീക്ഷകളോടെയാകും പ്രേക്ഷകർ തീയറ്ററുകളിൽ എത്തുക. എന്നാൽ ആ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നതിൽ സംവിധായകൻ ഒട്ടും തന്നെ മിടുക്കുകാട്ടിയില്ലെന്നാകും തീയറ്ററിൽ നിന്ന് “കുട്ടിമാമ” എന്ന സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകർക്കും പറയാനുണ്ടാവുക.

 

നവാഗതനായ മനാഫിന്റെ രചനയിൽ ഒരുങ്ങിയ ‘കുട്ടിമാമ’ എന്ന ചിത്രം പ്രേക്ഷകരെ വളരെയെറെ നിരാശയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. കുട്ടിമാമയായുള്ള ശ്രീനിവാസന്റെ പ്രകടനം തന്നെ ഒട്ടും നന്നാകാതെ പോയി എന്ന് പറയേണ്ടി വരും. പട്ടാളക്കാരുടെ തള്ളൽ കഥകളെ പിൻപറ്റി ആരംഭിക്കുന്ന സിനിമ കാഴ്ച്ചക്കാരന്റെ ആസ്വാദന നിലവാരത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് സംവിധായകൻ ഒരുക്കിയത് എന്ന് പറയാതെ വയ്യ.

 

മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് അവരുടെ കരിയറിലെ തന്നെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകന് കുട്ടി മാമ എന്ന തിര നാടകം തിരഞ്ഞെടുത്തതിൽ വൻ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് ചിത്രം കാണുന്നവർക്ക് മനസ്സിലാക്കാം . കഥയ്ക്ക് ഒപ്പം പ്രേക്ഷകരെയും കഥാപാത്രങ്ങളെയും കൊണ്ടു പോകുന്നതിൽ തിരക്കഥാകൃത്തിനും സംവിധായകനും സംഭവിച്ച പാളിച്ചകൾ തന്നെയാണ് ചിത്രം പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നതിൽ നിന്ന് പുറകോട്ട് പോയത്.

 

ചിത്രത്തിനായി തയ്യാറാക്കിയ വൺലൈൻ കൊണ്ട് ചിത്രീകരിച്ചതായാണ് ചിത്രം കാണുമ്പോൾ തോന്നുക. ചിത്രത്തിനായി എഴുതി ചേർക്കപ്പെട്ട ഹാസ്യരംഗങ്ങൾ എല്ലാം തന്നെ മുഴച്ചുനിൽക്കുന്നതായാണ് കാണാൻ സാധിച്ചത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമാണ് അൽപ്പമെങ്കിലും ഭേദമായി തോന്നിയത്. പ്രേംകുമാർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരുടെ പ്രകടനം ശരാശരിക്കും താഴെയായി തോന്നി. ധ്യാൻ ശ്രീനിവാസൻ, ദുർഗ്ഗാ കൃഷ്ണ എന്നിവരുടെ പ്രകടനങ്ങളും ഒട്ടും നന്നായില്ല. മീര വാസുദേവ് , വൈശാഖ് നായർ എന്നിവരാണ് മറ്റു താരങ്ങൾ.

 

ബാലേട്ടൻ, വേഷം, ഉത്തമൻ , പെൺപട്ടണം, യെസ് യുവർ ഓണർ തുടങ്ങിയ ഹിറ്റ് സിനിമകൾ മലയാളികൾക്കായി സമ്മാനിച്ച സംവിധായകന്റെ കരിയറിലെ തന്നെ മോശം ചിത്രമായാകും “കുട്ടിമാമ” സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തിവെയ്ക്കുക എന്ന് നിസംശയം പറയാം. നല്ല കഥകളുമായി എത്രയോപേർതാരങ്ങളുടെയും നിർമ്മാതാക്കളുടെയും പുറകെ അലയുമ്പോൾ ഗോകുലം പോലെ ഒരു നിർമ്മാണ കമ്പനി എങ്ങനെയാണ് ഇത്തരം മോശം ചിത്രങ്ങൾക്കായി പണം മുടക്കുന്നത് എന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുകയാണ്.

 

 

പട്ടാളക്കാരുടെ വീരകഥകൾ തള്ളു മാത്രമായി കാണുന്ന ആളുകൾക്ക് മുന്നിൽ അയാളെ ധീരനാക്കി വാഴ്ത്തുന്ന കഥാന്ത്യമുള്ള സിനിമകൾ മുൻപും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെന്നകാര്യം ഇതിന്റെ അണിയറക്കാർ കാണാതെ പോയെന്നതും ഈ സിനിമ തീയറ്ററിൽ പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപ്പലക അളക്കുകയാണെന്ന് പറയാം. അറിയാതെ പോലും ഈ സിനിമയ്ക്ക് തലവെയ്ക്കാൻ പ്രേക്ഷകർ ഇടയാവാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ കുട്ടിമാമ ശരാശരിയ്ക്കും കീഴെ കീഴെ നിലവാരം മാത്രം പുലർത്തുന്ന സിനിമയാണ്.

 

 

 

You might also like