നമ്മളിലൊരാൾ ലോനപ്പൻ. ഫീൽ ഗുഡ് ജയറാം ചിത്രം വീണ്ടും.

0

ലോനപ്പന്റെ മാമോദീസാ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

ലോനപ്പൻ അയാൾ ഒരു സാധാരണക്കാരനാണ്. ജീവിതത്തിൽ എത്രയോ ഉയരങ്ങൾ താണ്ടുമെന്ന് മറ്റുള്ളവർ പ്രതീക്ഷിച്ച എന്നാൽ ഒന്നുമാകാതെ തന്റെ നാട്ടിൻ പുറത്തെ ഇണക്കങ്ങളിലും പിണക്കങ്ങളിലും. ജീവിതം തള്ളിനീക്കുന്ന വെറും സാധാരണക്കാരൻ ; അയാൾക്ക് വലിയ സ്വപ്നങ്ങൾ ഒന്നുമില്ല. എന്നാൽ ഒരാളുടെ ഉള്ളിലേക്ക് സ്വപ്നങ്ങൾ നിറയാൻ മറ്റുള്ളവരുടെ സാനിധ്യം ഉണ്ടായാൽ മതി. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല ലിയോ തദേവൂസ് എന്ന സംവിധായകൻ തന്റെ മൂന്നാം സംവിധാന സംരംഭമായ “ലോനപ്പന്റെ മാമോദീസാ”യുമായി എത്തിയപ്പോൾ മലയാളികൾക്ക് ലഭിച്ചിരിക്കുന്നത് കവിതപോലെ മനോഹരമായൊരു ചിത്രമാണ്.

 

 

 

 

 

 

 

ലോനപ്പന്റെ കഥയാരംഭിക്കുന്നത് അയാളുടെ മാമ്മോദീസ ചടങ്ങോടെയാണ്. പള്ളിയിൽ ലോനപ്പന്റെ തലയിൽ ആനാം വെള്ളം തളിക്കുമ്പോൾ അയാളുടെ അപ്പൻ പുറത്തു നിൽക്കുകയാണ്. നാടകം കളിച്ച് ജീവിതം തീർക്കുന്ന അയാളോട് എല്ലാവർക്കും പുഛമാണ് സ്വന്തം ഭാര്യയ്ക്ക് പോലും.

 

 

 

 

 

 

 

 

ആ അച്ഛനും അയാളുടെ നാടകങ്ങളുമാണ് ലോനപ്പനെ പിന്നീട് ഒരു നല്ല കഥ പറിച്ചിലുകാരനാക്കി മാറ്റുന്നത്. വളരെ സാധാരണമായൊരു പരിസരത്ത് നിന്നാണ് ഇത്തവണ ലിയോ തദേവൂസ് ലോനപ്പനെയും അയാളുടെ ജീവിത പരിസരങ്ങളെയും പ്രേക്ഷകർക്കായി കണ്ടെത്തിയിരിക്കുന്നത്. ലോനപ്പനെ വളരെ കൈയ്യടക്കത്തോടെ തന്നെ ചിത്രത്തിൽ ജയറാം അവതരിപ്പിച്ചിട്ടുണ്ട്. ഏറെനാളുകൾക്ക് ശേഷം മികച്ചൊരു വേഷത്തിൽ ജയറാമിനെ പ്രേക്ഷകർക്കായി സമ്മാനിച്ച സംവിധായകൻ കൈയ്യടി അർഹിക്കുന്നു. ഇതിൽ ജയറാം ഒട്ടുമില്ല , ഉള്ളത് ലോനപ്പൻ മാത്രമാണ്. ഏറെക്കുറെ റിയലിസ്റ്റിക്കായി തന്നെ കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിന്റെതായോരു ഇഴച്ചിൽ ആദ്യ പകുതി വരെ ഫീൽ ചെയ്യും. ആ ഒരു ഇഴച്ചിൽ കഥ ആവശ്യപ്പെടുന്നുണ്ടുതാനും.

 

 

 

 

 

 

 

ഇരിങ്ങാലക്കുടയിലെ ഒരു നാട്ടിൻ പുറത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അപ്പൂപ്പൻ താടിയെപോലെ കാറ്റിൽ എങ്ങോട്ടോ പറന്നു പോകുകയാണ് ലോനപ്പന്റെ ജീവിതം. പാരാമ്പര്യമായി ലഭിച്ച വാച്ച് കടയും, വിവാഹ പ്രായമെത്തിയിട്ടും അവിവാഹിതകളായി കഴിയുന്ന മൂന്ന് പെങ്ങൻമാരുമാണ് അയാളുടെ ആകെ സമ്പാദ്യം.

 

 

 

 

 

 

 

 

 

ജീവിതമിങ്ങനെ ലക്കും ലഗാനുമില്ലാതെ അപ്പൂപ്പൻ താടികണക്കെ പറന്നു കളിക്കുന്നതിനിടയിൽ അയാൾക്ക് തന്റെ സ്ക്കൂൾ കാലത്തേക്ക് ഒരിക്കൽക്കൂടി മടങ്ങേണ്ടിവരുന്നു. ആ പൂർവ്വ വിദ്യാർത്ഥി സംഗമമാണ് അയാളുടെ ജീവിതത്തിലെ വലിയ മാറ്റങ്ങൾക്ക് കാരണമായിത്തീരുന്നത്.

 

 

 

 

 

 

 

 

 

ജയറാം ചിത്രങ്ങളിലേ പൂർവ്വമാതൃകകളെ പാടെ ഒഴിവാക്കികൊണ്ട് ജയറാമിലെ അഭിനേതാവിനെ വെള്ളിത്തിരയുടെ ആകാശത്തേക്ക് പറത്തി വിടാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മനോഹരമായ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥ പറയലിന് ഏറെ ഗുണകരമായിട്ടുണ്ട്. അൽഫോൺസാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബാന്റ് മേളവും ഫ്ലൂട്ടിന്റെ സംഗീതവും അത്രമേൽ ആസ്വാദ്യകരമായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് സംഗീത സംവിധായകൻ.

 

 

 

 

 

 

 

‘ഉപ്പും മുളകും’ ഫെയിം നിഷാ സാരംഗിന്റെ പീട്ടി ടീച്ചറായുള്ള പ്രകടനം എടുത്തു പറയേണ്ടതാണ്. അന്ന രാജൻ, ഈവ പവിത്രൻ, ശാന്തികൃഷ്ണ, ഹരീഷ് കണാരൻ, ജോജു ജോർജ്ജ്, ഇർഷാദ് ,അഞ്ജലി നായർ, ദിലീഷ് പോത്തൻ, നിയാസ് ബക്കർ, സ്നേഹ ശ്രീകുമാർ, കനിഹ തുടങ്ങിയവരും പേരറിയാത്ത ഒറ്റ സീനുകളിലും മറ്റും വന്നു പോയവരും അവരുടെ കഥാപാത്രങ്ങളെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

 

 

 

 

 

 

 

ഇത് ടോൾസ്റ്റോയിയുടെ കഥയാണ് . നമ്മളിൽ എല്ലാവരിലും ഉറങ്ങിക്കിടക്കുന്ന പാവം ലോനപ്പന്റെ കഥ. ഒരു ചെറുകഥ വായിച്ച് തീർക്കുന്നതു പോലെ ഒറ്റക്കാഴ്ച്ചയ്ക്ക് വേണ്ടിയെങ്കിലും ഈ കുഞ്ഞ് ചിത്രത്തിനായി ടിക്കറ്റ് എടുക്കാം.

 

 

 

 

 

 

 

 

You might also like