“ലവ് ആക്ഷൻ ഡ്രാമ” – സേഫ് സോൺ നിവിൻ , ലേഡി സൂപ്പർസ്റ്റാർ നയൻസ്; റിവ്യൂ വായിക്കാം.

0

ലവ് ആക്ഷൻ ഡ്രാമ റിവ്യൂ: ധ്രുവൻ ദേവർമഠം

 

അഭിനേതാവായി മികച്ച പ്രകടനങ്ങളൊന്നും കാഴ്ച്ചവെയ്ക്കാൻ കഴിയാതെ പോയൊരു നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമ കുടംബത്തിൽ നിന്ന് എത്തിയ ആൾ എന്ന നിലയിൽ വലിയ രീതിയിൽ തന്റെ കഴിവുകൾ അദ്ദേഹം ഇനിയും കാഴ്ച്ചവെയ്ക്കേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കണ്ടപ്പോൾ തോന്നിയത്.

 

 

 

വളരെ മോശം കഥാപശ്ചാത്തലത്തിൽ ശരിക്കു പറഞ്ഞാൽ കഥയില്ലായിമയിൽ നിന്നു കൊണ്ടാണ് അദ്ദേഹം തന്റെ ആദ്യ ചിത്രമായ “ലൗ ആക്ഷൻ ഡ്രാമ” ഒരുക്കിയിട്ടുള്ളത്. സ്വന്തം തിരക്കഥ പഴംകഥ ആയപ്പോൾ ധ്യാനിലെ സംവിധായകൻ കളർഫുള്ളായ അവതരണം കൊണ്ട് ചിത്രം ഒറ്റത്തവണ കണ്ടിരിക്കാവുന്ന പരുവത്തിലായിട്ടുമുണ്ട്.

 

 

 

നിവിൻ പോളി തന്റെ കരിയറിലെ മോശം സിനിമകളിലൊന്നായ മിഖായലിന് ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാകുമ്പോൾ താരത്തെ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകർക്ക് പ്രതീക്ഷയേറുമെന്ന് പറയാം എന്നാൽ ജെസ്റ്റ് പാസ് എന്ന അവസ്ഥ മാത്രമായി പോയി ചിത്രത്തിന്റെത്. ദിനേശനും ശോഭയും ഈ രണ്ടു പേരുകൾ ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായിരുന്ന വടക്കുനോക്കിയന്ത്രത്തിൽ നിന്ന് കടം കൊണ്ടതാണ്. എന്നാൽ ആ കഥാപാത്രങ്ങളോട് പോലും ഈ ശോഭയ്ക്കും ദിനേശനും നീതി പുലർത്താൻ കഴിഞ്ഞോ എന്നത് ചോദ്യമായി തന്നെ അവശേഷിക്കുന്നു.

 

 

 

മോഹൻലാലിസവും-ശ്രീനിവാസനിസവുമാണ് അഭിനയത്തിൽ നായകനും ശിങ്കിടിയും ഫോളോപ്പ് ചെയ്യുന്നത്. അത്തരത്തിലുള്ള തിരക്കഥാ റഫറൻസാകാം ഒരു പക്ഷേ അതിന് കാരണവും. നായക കഥാപാത്രത്തെ പലയിടങ്ങളിലും ഓവർ ആക്ടിങ്ങിലൂടെ പ്രേക്ഷകനെ ചൊടിപ്പിക്കുന്ന രീതിയിലാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. ഹ്യൂമർ വർക്കാവാൻ വേണ്ടി മനപൂർവ്വം ചെയ്ത അഭിനയമായാണ് അതിനെ തോന്നിയത്. നിവിൻപോളി ഇനിയും നന്നായി കഥാപാത്ര അവതരണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ വൈകാതെ തന്നെ താരം പരാജയങ്ങളെ ഏറ്റു വാങ്ങിയേക്കാം. സേഫ് സോൺ നിവിൻ പോളി കഥാപാത്രമായി ഒതുങ്ങുന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’.

 

 

 

നയൻതാരയെ പോലെ സൗത്ത് ഇന്ത്യയാകെ നിറഞ്ഞു നിൽക്കുന്നതാരത്തെ തന്റെ ആദ്യ ചിത്രത്തിൽ കിട്ടിയിട്ടു പോലും എന്നെന്നും ഓർമ്മയിൽ നിൽക്കുന്നൊരു കഥാപാത്രത്തെ സമ്മാനിക്കാൻ പോലും സംവിധായക താരത്തിന് കഴിയാതെ പോയി. എന്നാൽ കച്ചവട തന്ത്രമായി നോക്കിയാൽ ‘ലേഡി സൂപ്പർസ്റ്റാർ’ നയൻ‌താര എന്ന ഓപ്‌ഷൻ കൃത്യമാണ് ഈ ചിത്രത്തിന് . അജു വർഗീസ് സ്ഥിരം പാറ്റേർനിലാണ് അഭിനയിച്ചതെങ്കിലും താരത്തിന്റെ ഹാസ്യ നമ്പറുകൾ പ്രേക്ഷകരിൽ ചിരി പടർത്തുന്നുണ്ട്.

 

 

നയൻതാര അവതരിപ്പിക്കുന്ന ശോഭയുടെ ഫോട്ടോയിൽ കത്തി കുത്തിയിറക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ദിനേശന്റെ പ്രണയിനിയായ ( വൺവേ ) കസിൻ സ്വാതിയുടെ വിവാഹത്തിന് എത്തുന്നിടത്തു നിന്നാണ് നായകനും നായികയും കണ്ടുമുട്ടുന്നത്.വിദ്യാഭ്യാസം കുറഞ്ഞ കള്ളുകുടിയും സിഗരറ്റ് വലിയും ജീവിത വ്രതമാക്കിയ പൂത്ത പണമുള്ള ഒരാളാണ് കഥയിലെ നായകൻ ദിനേശൻ. അയാളെക്കുറിച്ച് നല്ലവാക്ക് പറയുന്ന ഒരാൾ പോലും ഇല്ലെന്നത് ശോഭയ്ക്ക് ദിനേശനോടുള്ള ക്യൂരിയോസിറ്റി വർദ്ധിപ്പിക്കുന്നു. കല്ല്യാണതലേന്നിലെ വിവാഹ പാർട്ടിയിലാണ് അവർ ആദ്യമായി കണ്ടുമുട്ടുന്നത്. തന്റെ കാമുകിയെ കെട്ടാൻ പോകുന്നവന് വേണ്ടി അയാൾ ഒരുക്കുന്ന കെണിയിൽ നായിക ശോഭയാണ് ചെന്ന് കയറിക്കൊടുക്കുന്നത്. അത് ശോഭയും ദിനേശനും കൂടുതൽ അടുക്കുന്നതിലേക്ക് വഴിയൊരുക്കുന്നു.

 

 

 

 

അതിലേക്ക് വെള്ളമൊഴിച്ച് വഴിയൊരുക്കുന്നതാവട്ടെ ദിനേശന്റെ ബന്ധുവും കൂട്ടുകാരനുമായ സാഗറും. അജുവർഗ്ഗീസാണ് ചിത്രത്തിൽ സാഗറായെത്തുന്നത്. അജുവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. കല്ല്യാണത്തിന് ശേഷം ശോഭ തിരികെ ചെന്നൈയിലേക്ക് പോകുന്നു.അവളെ യാത്രയാക്കാൻ പോകാൻ വേണ്ടി ഒരുങ്ങിയ ദിനേശൻ സാഗറിന്റെ പ്രലോഭനത്തിൽ മദ്യം കഴിച്ച് ആഘോഷിച്ച് അവളെയാത്രയാക്കുവാനുള്ള അവസരം നഷ്ട്ടപ്പെടുത്തുകയും ചെയ്യുന്നു.പിന്നെ നിനച്ചിരിക്കാത്ത നേരത്ത് വളരെ ഫോർമലായി ശോഭയുടെ മെസേജ് തേടിയെത്തുന്നു.

 

 

 

ആ മെസേജ് ദിനേശനെ ചെന്നൈയിലേക്ക് എത്തിക്കുന്നു ഒപ്പം സാഗറിനെയും. പിന്നെ കഥ മുഴുവൻ ചെന്നൈയിലാണ് നടക്കുന്നത് .ശോഭയെ ജീവത സഖിയാക്കുവാനുള്ള ദിനേശന്റെ കഠിന ശ്രമങ്ങൾ അതിനായി അയാൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ. അതിന്റെ സഞ്ചാരവഴികൾ. ഏറെ രസകരം എന്തെന്നാൽ ഹ്യൂമർ രംഗങ്ങൾ കൊണ്ടാണ് കല്ലുകടിയാകുന്നിടങ്ങളിൽ നിന്നെല്ലാം ചിത്രം കരകയറുന്നത് എന്നതാണ്.

 

 

 

പിന്നെ ആദ്യാവസാനം വരെ വേണ്ടുവോളം മദ്യപാനവും പുകവലിയും വളരെ നന്നായി തന്നെ കാട്ടുന്നുമുണ്ട് ചിത്രത്തിൽ. ഒരു പാട് ചിത്രങ്ങളിൽ കണ്ടു മറന്ന ചില രംഗങ്ങൾ വളരെ വിദഗ്ദമായി വീണ്ടും ഇതിൽ ഉപയോഗിച്ചിട്ടുണ്ട് ധ്യാൻ. അതെല്ലാം സൂക്ഷ്മനിരീക്ഷണബുദ്ധിയോടെ നോക്കിയാൽ തിരിച്ചറിയാവുന്നതുമാണ്. അത് അയാളിലെ സംവിധായകന്റെ കഴിവു തന്നെയാണ്. എന്നാൽ അത്തരം സൂക്ഷ്മത ചിത്രത്തിലുടനീളം പാലിക്കുവാൻ ആകാതെ പോയതാണ് അതിന്റെ മാറ്റ് കുറയുന്നതിലേക്ക് എത്തിച്ചതും.

 

 

 

ഷാൻ റഹ്മാന്റെ പാട്ടുകൾ ഒന്നും മനസ്സിൽ തങ്ങിനിൽക്കുന്നവയല്ല എന്നാൽ അദ്ദേഹമൊരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മുഴുനീള യാത്രയ്ക്ക് ഗുണമായിമാറുന്നുമുണ്ട്. വിവേക് ഹർഷന്റെ എഡിറ്റിങ്ങാണ് മറ്റൊരു എടുത്തു പറയേണ്ട ഘടകം.കൃത്യതയാർന്ന കട്ടുകളാൽ സിനിമയുടെ അഴക് കൂടിയത് നമുക്ക് മനസ്സിലാകും ചിത്രം കാണുമ്പോൾ.ജോമോൻ ടി ജോൺ- റോബി വർഗ്ഗീസ് ടീമിന്റെ ഛായാഗ്രാഹണവും ചിത്രത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ട്.

 

 

 

രൺജിപണിക്കർ തന്റെ പതിവ് അച്ഛൻ വേഷവുമായി വന്നു എന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോയി ചിത്രത്തിൽ. മല്ലിക സുകുമാരന്റെ അമ്മവേഷം വലിയ തരക്കേടില്ലാ എന്നു പറയാം . വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ ഒരു നെഗറ്റീവ് ഷെയിഡുള്ള ഹ്യൂമർ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് അത് രസകരമായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. ഒരൊറ്റസീനിൽ വന്നു പോകുനുണ്ട് ചിത്രത്തിന്റെ സംവിധായകൻ ധ്യാനും, ബേസിൽ ജോസഫും. ജൂഡ് ആന്റണി, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ, സുന്ദർരാമു, ഗായത്രി ഷാൻ, മൊട്ടരാജേന്ദ്രൻ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭേദപ്പെട്ട നിലയിൽ അവതരിപ്പിച്ചിട്ടുണ്ട്.

 

 

 

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുമ്പോലെ കുറെ ലവ് , ഇടക്ക് ഡ്രാമ , കുറച്ചു ആക്ഷൻ എന്നിവയുടെ ചേരുവയാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രം. ഒരു അവധിക്കാല ചിത്രമെന്ന നിലയിൽ ലൗ ആക്ഷൻ ഡ്രാമ വലിയ നിരാശ നൽകില്ല. അതുകൊണ്ട് തന്നെ ഒറ്റത്തവണക്കാഴ്ച്ചയ്ക്കായി ടിക്കെറ്റടുക്കാം.

 

 

 

You might also like