പ്രണയത്തിന് അപ്പുറത്തേക്ക് കൊണ്ടുപോയി ത്രില്ലടിപ്പിക്കുന്ന “ലൂക്ക”.

0

ലൂക്ക റിവ്യൂ: പ്രിയ തെക്കേടത്

 

“ലൂക്ക” ഒരു പ്രണയ കഥാമാത്രമല്ല….. ലൂക്കയുടെ കഥക്ക് പലതും പറയാനുണ്ട്. നവാഗതനായ അരുൺ ബോസ് ടോവിനോ തോമസിനെ നായകനാക്കിഒരുക്കിയ ലൂക്ക തിയേറ്ററുകളിലെത്തി. റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. സ്ക്രാപ്പ് ആര്‍ട്ടിസ്റ്റായ ലൂക്ക ആയിട്ടു ടൊവീനോ തോമസ് ചിത്രത്തിൽ എത്തുമ്പോൾ നടന്റെ ലൂക്കും സ്ക്രീൻ പ്രെസെൻസുമെല്ലാം സ്റ്റാർ പകിട്ട് തന്നെ ഉണ്ടായിരുന്നു. മാത്രമല്ല ടോവിനോയുടെ ഒരു ചിത്രങ്ങൾ കഴിഞ്ഞുള്ള പെർഫോമൻസ് ഗ്രാഫ് ഉയർത്തി കാണിക്കുന്ന ഒരു കഥാപാത്രം കൂടിയാണ് ലൂക്ക. അഹാന കൃഷ്ണ നായികയായി എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും മികവ് പുലർത്താൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. മൃദുൽ ജോർജ്ജ്, അരുൺ ബോസ് എന്നിവർ ചേർന്നാണ് കഥയും തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ഹാഫ് ഏറെ ത്രില്ലിങ്ങാണ്. ഒരു റൊമാന്‍റിക് ത്രില്ലര്‍ ഗണത്തിൽ പെട്ടുതാവുന്ന ചിത്രമെന്നാണ് ആദ്യഭാഗം തരുന്ന സൂചന. ഒരു ആത്മഹത്യയെ തുടര്‍ന്ന് പോലീസ് അന്വേഷണവുമായി മുന്നേറുന്ന ചിത്രം മറ്റൊരു കേസിലേക്കുള്ള തുമ്പായി മാറുന്നിടത്താണ് ഇടവേള.

 

 

ചിത്രത്തിന്റെ ആദ്യന്തം പ്രണയത്തോടൊപ്പം മാനസിക, ശാരീരിക വ്യാപാരങ്ങളെ കൂടി അതിന്റേതായ രീതിയിൽ സിനിമ അനാവരണം ചെയ്യുന്നുണ്ട്. മാനസിക വികാരങ്ങളെ അതിതീവ്രവമായി ഒപ്പിയെടുത്തിരിക്കുന്നതും സിനിമയിൽ കാണാം. ഒരു മരണരംഗത്തിൽ നിന്നുതുടങ്ങി ഡയറിത്താളുകളിലൂടെ സഞ്ചരിക്കുന്ന സിനിമ പ്രേക്ഷകരെ ബോറടിപ്പിക്കുന്ന പതിവ് പ്രണയത്തിൽ നിന്ന് വഴിമാറി നടക്കുന്നുണ്ട്.ക്ഷിപ്രകോപവും നെക്രോഫോബിയയും ഉൾപ്പടെ പല മാനസിക വ്യതിയാനങ്ങളുമുള്ള പെയിന്റർ/ആർട്ടിസ്റ്റ് ആണ് ലൂക്കയുടെ ജീവിതത്തിലേക്ക് കയറി വരുന്ന നിഹാരികയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.

 

 

കൊച്ചിയിലെ ഒരു ബിനാലെ വേദിയിൽ വച്ച് അസുഖകരമായ ഒരു വാഗ്വാദത്തെ തുടർന്ന് ലൂക്കയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെൺകുട്ടിയാണ് നീഹാരിക. രണ്ടുപേരും തമ്മിലുള്ള സംഗീത നിർഭരമായ കുളിരുള്ള പ്രണയകഥയാവും ലൂക്കയെന്ന് ഇതിനിടെ പുറത്ത് വന്ന പാട്ടുകളിലൂടെ ഒരു പ്രതീതി പരന്നിരുന്നു. എന്നാൽ പ്രണയം മാത്രമല്ല ലൂക്ക എന്നത് രണ്ടാം പകുതിയിലാണ് പ്രേക്ഷകന് മനസിലാവുന്നത്.

 

 

 

ലൂക്കയുടേയും നിഹാരികയുടേയും പ്രണയത്തിന് സമാന്തരമായി അതിതീവ്രമായ മറ്റൊരു പ്രണയകഥ കൂടി സംവിധായകൻ പറയുന്നുണ്ട്. പരസ്‌പരം ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് മരണങ്ങൾ അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറുടെ ജീവിതത്തിലെ കടുത്ത പ്രതിസന്ധി കൂടിയാണ് സംവിധായകൻ വരച്ചുകാട്ടുന്നത്. ഒരുവശത്ത് ഇരട്ട മരണങ്ങളുടെ പൊരുൾ തേടുമ്പോൾ തന്റെ ജീവിതം എന്താകുമെന്ന ഒരു നിശ്ചയവുമില്ലാതെ അക്ബർ എന്ന ആ പൊലീസ് ഉദ്യോഗസ്ഥനും യാത്ര തുടരുന്നു.

 

 

 

നായികയായി എത്തുന്ന അഹാന കൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി തന്നെ നിഹാരികയെ കാണാം. ഞാൻ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങളിലൊന്നും അഹാനയുടെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാൽ, തന്നിലെ അഭിനയപ്രതിഭയെ കൂടുതൽ പ്രകടിപ്പിക്കാൻ കഴിഞ്ഞ വേഷമാണ് ഈ സിനിമയിലേത്. നായകനോളം പോന്ന പ്രകടനമാണ് അഹാനയുടേതെന്ന് പറയാതിരിക്കാനാകില്ല. ചിത്രത്തിലെ സെക്കന്‍റ് ഹീറോ എന്നു പറയാവുന്ന നിതിന്‍ ജോര്‍ജ്ജിന്‍റെ കഥാപാത്രം അവതരിപ്പിക്കുന്ന പോലീസ് വേഷവും ഉഗ്രനാണ്. വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

ഒരു നവാഗത സംവിധായകന്റെ ഒരു പാളിച്ചകളുമില്ലാതെ തന്നെ അരുൺ ബോസ് ലൂക്കയെ അവതരിപ്പിച്ചിരിക്കുന്നത്. നിമിഷ് രവിയുടെ ഛായാഗ്രഹണം ‘ലൂക്കയുടെ മാറ്റ് ഇരട്ടിയാകുന്നു. ഫോര്‍ട്ടു കൊച്ചിയുടേയും കടമക്കുടിയുടേയും സൗന്ദര്യത്തെ തന്റെ ക്യാമറകണ്ണിലൂടെ പകർത്തി ചിത്രത്തെ കൂടുതൽ വർണ്ണമാക്കുന്നതിൽ നിമിഷ് വിജയിച്ചു. സൂരജ് എസ് കുറുപ്പിന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. അനീസിന്റെ കല സംവിധാനവും പ്രശംസനീയം. കല , പ്രണയം, ജീവിതം, മരണം ഇതിലൂടെയുള്ള ഒരു ഹൃദയസ്പർശിയായ യാത്രയാണ് “ലൂക്ക”.

You might also like