മോഹൻലാൽ ആരാധകർക്ക് വേണ്ടി മാത്രം ഒരു പ്രിത്വിരാജ് സുകുമാരൻ സിനിമ – ലൂസിഫർ .

0

ലൂസിഫർ റിവ്യൂ: പ്രിയ തെക്കേടത്

 

 

ഏറെ കാത്തിരുന്ന മോഹൻലാൽ ചിത്രം “ലൂസിഫർ” തിയേറ്ററിൽ എത്തിയപ്പോൾ പൃഥ്വിരാജ് എന്ന നടൻ തന്റെ ആദ്യ സംവിധാനത്തിൽ പൂർണ്ണമായി വിജയിച്ചോ എന്നത് ഇരുത്തി ചിന്തിക്കേണ്ട കാര്യമാണ്. ഇത് ഒരു മുഴുനീള മോഹൻലാൽ മയമുള്ള സിനിമയാണ്, മോഹൻലാലിന്റെ മാസ് ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലറാണ് ലൂസിഫർ .

 

 

 

 

പൂർണമായി മോഹൻലാൽ എന്ന നടനെ ഉപയോഗിക്കാൻ പൃഥ്വിരാജ് എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. ഒടിയന്റെ ഇരുട്ടിൽ നിന്ന് സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയപ്പോൾ തിയേറ്ററിൽ വൻ വരവേല്പായിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ഹൈപ്പ് കൊടുത്ത അത്രയും എത്തിയില്ല എന്ന് പറയുന്നവർ ഒരു ഭാഗത്ത് , പഴയ മോഹൻലാലിനെ തിരിച്ചുകിട്ടിയെന്ന് മറുഭാഗത്തും.

 

 

 

 

 

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ വേണ്ടവിധത്തിൽ മുരളിഗോപി കഥയിൽ കൊട്ടിയിട്ടുണ്ട്. മുരളി ഗോപി എഴുതിയപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായപ്പോൾ മോഹൻലാൽ ഫാൻസിന് ആഘോഷിക്കാൻ കാരണമായി എന്നല്ലാതെ ലൂസിഫർ എന്ന സിനിമക്ക് മറ്റൊരു വ്യസ്തസ്ഥയും കാണാൻ കഴിഞ്ഞില്ല. സിനിമ ത്രില്ല് അടിപ്പിക്കുന്നില്ല എന്നത് ഒരു സത്യം അതിനപ്പുറത്തേക്ക് സിനിമ വലിച്ചുനീട്ടി പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
സൂപ്പർ താര പതാകയും ബഡ്ജറ്റുമല്ല ഒരു നല്ല സിനിമയുടെ മാനദണ്ഡം. മോഹൻലാൽ എന്ന താരമൂല്യത്തേ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള സിനിമയാണ് ലൂസിഫർ. അതിനാൽ മോഹൻലാൽ എന്ന മഹാനടനെക്കാൾ മോഹൻലാലിലെ മാസ്സ് നായകനെയാണ് സംവിധായകനായ പ്രിത്വിരാജ് ചിത്രീകരിച്ചിരിക്കുന്നത്.

 

 

 

 

 

നിഗുഢതകൾ നിറഞ്ഞ ഐ.യു.എഫ് പാർട്ടിയുടെ അമരക്കാരൻ രാംദാസ് മരിക്കുന്നതോടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്.രാഷ്ട്രീയ ചതുരംഗക്കളികൾ തുടങ്ങി . ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ, കള്ളന്മാർ, കുതുകാൽ വെട്ടികൾ, ഇരിപ്പിടം താങ്ങികൾ എന്നിവർ ഒന്നിന് പിറകെ ഒന്നായി, ചിലപ്പോൾ കൂട്ടത്തോടെയും, നിരക്കുന്നു. ചെറിയ കഥാപാത്രങ്ങൾ പോലും ശക്തം. മുരളി ഗോപിയുടെ കാരിരുമ്പിന്റെ കരുത്തുള്ള സ്ക്രിപ്റ്റും, പൃഥ്വിരാജ് എന്ന തന്റേടിയായ സംവിധായകനും, അടി ഇടി രാഷ്ട്രീയ പടങ്ങളുടെ ഫോർമാറ്റിൽ പെട്ട് ചക്രശ്വാസം വലിക്കുന്ന ഫ്രയിമുകളെ പടിക്ക് പുറത്തു നിർത്തുന്ന സുജിത് വാസുദേവിന്റെ ക്യാമറ തികവും തുടക്കത്തിലേ തെളിഞ്ഞു നിൽക്കുന്നു.

 

 

 

 

 

ഇനി വലിയ തിന്മയും ചെറിയ തിന്മയും തമ്മിലെ യുദ്ധം. രാംദാസിന്റെ പിന്തുടർച്ചാവകാശി ആരെന്നതാണ് പിന്നീടുളള ചോദ്യം. അത് നീളുന്നത് അഞ്ചുപേരിലേക്കും. മൂത്തമകൾ പ്രിയദർശിനി, മരുമകൻ ബോബി, ഇളയമകൻ ജതിൻ, രാംദാസിന്റെ വിശ്വസ്തനായ മഹേന്ദ്ര വർമ, പിന്നെ സ്റ്റീഫൻ നെടുമ്പള്ളി. പാർട്ടിയിലെ ഒറ്റയാനായ സ്റ്റീഫന് പിന്തുണയായുളളത് നേതാക്കന്മാരല്ല അണികൾ തന്നെയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ചതികളിൽ വീണുപോകുന്ന സ്റ്റീഫന്റെ കൈകളിൽനിന്ന് അധികാരം നഷ്ടപ്പെടുന്നു. പകരം പിന്നിൽനിന്നു ബോബി നയിക്കുന്ന ഭരണം. ആ ഭരണം കേരളത്തെ കൊണ്ടുപോകുന്നത് വലിയൊരു വിപത്തിലേക്കാണെന്ന സത്യവും സ്റ്റീഫന് അറിയാമായിരുന്നു.

 

 

 

 

 

രാഷ്ട്രീയം പറയുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതി എത്തുന്നത് മസാല പുരട്ടിയ മാസ്സ് രംഗങ്ങളും നെടുനീളൻ ആക്ഷനുകളുമായാണ്. അരങ്ങേറ്റ സംവിധാന സംരംഭം എന്ന നിലയിൽ കയ്യടി അർഹിക്കുന്നു പൃഥ്വിരാജ് സുകുമാരൻ. സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിലൂടെ മാസ്സ് മോഹൻലാലിനെ ആരാധകർക്ക് തിരിച്ചു കിട്ടിയിരിക്കുകയാണ്. പക്ഷേ നായകനേക്കാൾ സ്ക്രീൻ സ്പേസ് ലഭിച്ചത് വിവേക് ഒബ്റോയിയുടെ ബോബി എന്ന വില്ലൻ കഥാപാത്രത്തിനാണ്. ഈ അടുത്ത കാലത്ത് മഞ്ജുവാര്യരുടെ കഥാപാത്രങ്ങൾ എടുത്തു പറയുവുന്ന ഒരു റോൾ തന്നെയാണ് പ്രിയദര്‍ശിനി രാംദാസ്. ജതിൻ രാംദാസായി ടോവിനോയും കയ്യടി നേടുന്നുണ്ട്. കലാഭവൻ ഷാജോൺ , ബൈജു, സായികുമാർ എന്നിവർ മുൻ സിനിമകളിൽ അവതരിപ്പിച്ചപോലത്തെ രാഷ്ട്രീയ ക്ളീഷേ വേഷങ്ങളായി ഒതുങ്ങി. പൃഥ്വിരാജ് അവതരിപ്പിച്ച സെയ്യ്ദ് മസൂദ് എന്ന കഥാപാത്രം ഈ സിനിമയ്ക്ക് ആവശ്യപ്പെടുന്നില്ലെന്നു തോന്നി. ലഭിച്ച ചെറിയ കഥാപാത്രം പതിവ് പോലെ അഭിനയമികവ് കൊണ്ട് ഇന്ദ്രജിത്ത് മനോഹരമാക്കി. നൈല ഉഷ , സാനിയ ഇയ്യപ്പൻ എന്നിവർ നിർവികാരം ലഭിച്ച കഥാപാത്രങ്ങൾ ചെയ്തു. സച്ചിൻ ഖേദക്കർ , ഫാസിൽ, ജോൺ വിജയ് , ബാല , സുരേഷ് ചന്ദ്ര മേനോൻ , നന്ദു , മുരുഗൻ , ആദിൽ ഇബ്രാഹിം , ഷോൺ റോമി എന്നിവരാണ് മറ്റു താരങ്ങൾ .

 

 

 

 

 

ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ സുജിത് വാസുദേവന് കരങ്ങളിൽ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഭഭ്രമായിരുന്നു. എഡിറ്റിംഗ് സംജിത്ത് മുഹമ്മദ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.നെടുനീളൻ സംഭാഷണങ്ങൾ ഒന്നുമില്ലെങ്കിലും ഒരു മാസ് ചിത്രത്തിനു വേണ്ട മൂഡ് ഒരുക്കുന്നതിൽ തിരക്കഥ വിജയിച്ചുവെങ്കിലും, മലയാള സിനിമാസ്വാദനം ആവശ്യപ്പെടുന്നതിലും അധികമായിരുന്നു ചിത്രത്തിൻ്റെ ബൗദ്ധികതലം. ലൂസിഫർ പൂർണ്ണമായും ഒരു ആരാധക ചിത്രമാണ്. മുൻപും രാഷ്ട്രീയ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയിട്ടുള്ള മുരളി ഗോപി ഇത്തവണ കൊമേഴ്സ്യൽ സിനിമകൾ ഡിമാൻഡ് ചെയ്യുന്ന മസാല എത്തിയിരിക്കുന്നത്.

 

 

 

You might also like