മാസ് മസാല മാരി ..

0

മാരി 2 റിവ്യൂ: പ്രിയ തെക്കേടത്

 

തമിഴ് മാസ്സ് ചിത്രങ്ങളുടെ പ്രത്യേകത എന്തെന്ന് വച്ചാൽ ; ചിത്രത്തിൽ നായകൻറെ മാസ്സ് പരിവേഷം മാത്രം മതി പ്രേക്ഷകന് അത് ആസ്വാദകരമാകാൻ. കാമ്പുള്ള തിരക്കഥയോ മനസ്സിൽ തൊടുന്ന അഭിനയമോ ആവശ്യമില്ല. അതിനു ഒരു ഉദാഹരണം കൂടിയാണ് ധനുഷിന്റെ “മാരി 2”. മാരിയുടെ രണ്ടാം വരവിൽ സംവിധായകൻ ബാലാജി മോഹൻ പ്രേക്ഷകർക്ക് നൽകുന്നത് ഒരു സമ്പൂർണ്ണ മാസ് എന്റര്‍ടെയിനറാണ്.

 

 

 

ധനുഷ്, സായി പല്ലവി, ടൊവിനോ തോമസ് എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം നിർമ്മിച്ചതും ധനുഷ് തന്നെ. ആദ്യ ചിത്രം പോലെ തന്നെ ആക്ഷൻ , കോമഡി , റൊമാൻസ് തുടങ്ങിയ ചേരുവകൾ ചേർത്തു പകമാക്കിയ ഒരു മസാല ചിത്രം. തമിഴ് മാസ്സ് ചിത്രങ്ങളുടെ ആരാധകരെ ബോറടിപ്പിക്കാത്ത രീതിയിൽ ചിത്രം ഒരുക്കാൻ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

 

 

 

ഗംഗാധർ ബീജ എന്ന ടോവിനോ അവതരിപ്പിച്ച വില്ലൻ വേഷത്തിലൂടെയാണ് മാരി 2 ആരംഭിക്കുന്നത്. മരണത്തിന്റെ ദൈവമെന്ന് സ്വയം വിശേഷിപ്പിക്കുന്ന വില്ലൻ ബീജയുടെ ഇൻട്രോയും ആദ്യ രംഗങ്ങളുമൊക്കെ മാസ്സ് ലെവലിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ ടോവിനോ വെറും ക്ലീഷെ വില്ലനായി മാറി. സ്ഥിരം മാസ്സ് ചിത്രങ്ങളിലെ പോലെ നായകനോട് പ്രതികാരം തീർക്കാൻ എത്തുന്ന വില്ലൻ , കൂടെ നായിക , കൂട്ടുക്കാർ ഇത് തന്നെയാണ് മാരി 2വിന്റേയും കഥാതന്തു.

 

 

 

ചിത്രത്തിന്റെ ആദ്യ പകുതി നായകൻ – വില്ലൻ ഇൻട്രോ , ആക്ഷൻ രംഗങ്ങൾ , മാസ്സ് ഡയലോഗുകൾ കൊണ്ട് ആരാധകരെ തികച്ചും രസിപ്പിക്കുന്നുണ്ട്. ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞ ആദ്യ പകുതിൽ നിന്നും രണ്ടാം പകുതിയിൽ എത്തുമ്പോൾ അൽപം വേഗത കുറയുന്നുണ്ടെങ്കിലും ; ഒരു മാസ് മസാല ചിത്രത്തിന് സംഭവിക്കാവുന്ന കാഴ്ച്ചകളും പോരായ്മകളും പ്രേക്ഷകന്റെ മനസ്സിൽ നിന്നും ലോജിക് എന്ന ഭാരം ഇറക്കി കളയുന്നുണ്ട്. അതിന്റെ ഫലമായി തുടക്കം മുതൽ ഒടുക്കം വരെ മാസ്സ് ചിത്രങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തുവാൻ മാരിയ്ക്ക് കഴിയുന്നുണ്ട്.

 

 

 

സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. മാരിയുടെ പ്രണയിനിയായ ആനന്ദിയെയാണ് സായ് അവതരിപ്പിക്കുന്നത്. സ്ഥിരം മാസ് ചിത്രങ്ങളിലെ പോലെ ഗാനങ്ങളിൽ മാത്രം വന്നു ഒതുങ്ങുന്ന നായികയല്ല മാരി 2വിലെ ആനന്ദി. ധനുഷിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് സായി പല്ലവിയുടെ ആനന്ദിയും. ധനുഷ് – സായ് പല്ലവി ജോഡി ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്.

 

 

 

കൃഷ്ണ കുലശേഖരനാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രമായ കലൈയെ (മാരിയുടെ ഉറ്റ സുഹൃത്ത്)
അവതരിപ്പിച്ചിരിക്കുന്നത്. ടോവിനോ തോമസിന്റെ ആദ്യ തമിഴ് ചിത്രമെന്ന നിലയിലും , വില്ലൻ വേഷത്തിലും നടൻ മോശമല്ലാത്ത പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാറിന്റെ വിജയ ചാമുണ്ഡേശ്വരി എന്ന കഥാപാത്രം നടിയുടെ സ്ഥിരം റോളുകളിൽ ഒന്നായി തോന്നി. റോബോ ശങ്കർ , കല്ലൂരി വിനോദ് , കാളി വെങ്കട്ട് , വിദ്യ പ്രദീപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.

 

 

യുവൻ ശങ്കർ രാജയുടെ ഗാനങ്ങൾ തിയേറ്ററുകളിൽ ആവേശം ഉണർത്തുന്നുണ്ട്. ഒരു മാസ്സ് ചിത്രത്തിന് വേണ്ടിയുള്ള സാങ്കേതിക പിന്തുണ ഓം പ്രകാശ് (ക്യാമറ) , പ്രസന്ന (എഡിറ്റിംഗ്) നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു മാസ്സ് മസാല ചിത്രം പ്രതീക്ഷിച്ചു പോകുന്നവരെ “മാരി 2” നിരാശപ്പെടുത്തില്ല.

 

 

 

 

You might also like