മാര്‍ജ്ജാര ഒരു കല്ലുവെച്ച മിസ്റ്ററി – റിവ്യൂ വായിക്കാം.

0

മാര്‍ജ്ജാര ഒരു കല്ലുവെച്ച നുണ റിവ്യൂ: മീര ജോൺ

 

ജൈസണ്‍ ചാക്കോ, വിഹാന്‍, രേണുക സൗന്ദര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ രാകേഷ് ബാല രചനയും നിര്‍വ്വഹിച്ച “മാര്‍ജ്ജാര ഒരു കല്ല് വെച്ച നുണ” ഒരു മിസ്റ്ററി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളി നിര്‍മ്മിച്ച ചിത്രം പേര് പോലെ തന്നെ ഒരു നുണയാണ്. ഒരു വലിയ വീടിനെയും ആ വീടിനെ ചുറ്റിപറ്റിയുള്ള ഒരു വലിയ നുണയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ എത്തിച്ചേരുന്ന ചില പ്രധാന കഥാപാത്രങ്ങളും അവിടെ വെച്ചവര്‍ നേരിടുന്ന ചില ദുരൂഹത നിറഞ്ഞ പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

 

 

 

ആദ്യാവസാനം വരെ വളരെ രസകരമായും പുതുമയേറിയ രീതിയിലുമാണ് കഥ പറയുന്നത്. സസ്പെന്‍സും ത്രില്ലറും ഫാന്റസിയും ഹൊറര്‍ , മിസ്റ്ററി ഘടകങ്ങൾ നിറഞ്ഞ ഈ ചിത്രം തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകന് ആകാംഷ പകര്‍ന്നു നല്‍കുന്നു. ത്രില്ലടിപ്പിക്കുന്ന ഒരു കഥ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച വിനോദ ചിത്രമെന്ന് ഈ കൊച്ചു സിനിമയെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം.

 

 

 

 

ഒട്ടേറെ നുണകളുടെ ഇടയില്‍ നിന്നും ഒരു സത്യം കണ്ടെത്തുന്നത് എങ്ങനെയെന്ന് ഈ ചിത്രം പരിചയപ്പെടുത്തുന്നു. മിസ്റ്ററിയും ഹൊററും ഫാന്റസിയും എല്ലാം നിറഞ്ഞ ഈ ചിത്രത്തില്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്ക് കൂടിയുണ്ട്. മിസ്റ്ററി ത്രില്ലര്‍ അല്ലെങ്കില്‍ മിസ്റ്ററി ഡ്രാമ വിഭാഗത്തിലുള്ള ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം പുതുമയേറിയ ഒരു സിനിമാനുഭവമാണ് “മാര്‍ജ്ജാര ഒരു കല്ല് വെച്ച നുണ”.

 

 

 

ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത ജെയ്‌സണ്‍ ചാക്കോ, വിഹാന്‍, രേണുക എന്നിവരാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ജെയ്‌സണ്‍, വിഹാന്‍ എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയപ്പോള്‍ നായിക രേണു സൗന്ദറും മികച്ച പിന്തുണ നൽകി. രേണുവിന്റെ മുഖ സൗന്ദര്യം ദൃശ്യങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്. അഭിരാമി, അഞ്ജലി നായർ, സുധീര്‍ കരമന, ടിനി ടോം, രാജേഷ് ശര്‍മ്മ, ബാലാജി ശര്‍മ്മ, ഹരീഷ് പേരാടി, കൊല്ലം സുധി എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

 

 

 

പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന് നിറംകൂട്ടി. കിരണ്‍ ജോസിന്റെ ഗാനങ്ങളും അദ്ദേഹത്തിന്റെ തന്നെ പശ്ചാത്തല സംഗീതവും പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്തുന്നുണ്ട്. ചിത്രത്തിലെ മിസ്റ്ററി ഫീല്‍ പ്രേക്ഷകനിലേയ്ക്കു പകരാന്‍ വളരെയധികം സംവിധായകനെ സഹായിച്ചത് ചിത്രത്തിലെ പശ്ചാത്തല സംഗീതമാണ്. പലപ്പോഴും പാളി പോകാവുന്ന നിമിഷങ്ങൾ ഉണ്ടായിട്ടും ലിജോ പോള്‍ എന്ന പരിചയ സമ്പന്നന്റെ എഡിറ്റിംഗ് മികവ് കഥ പറച്ചിലിന്റെ താളം നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ജെറി സൈമണ്‍ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന് സാങ്കേതികമായി മികച്ച നിലവാരം പകര്‍ന്നു നല്‍കുന്നതില്‍ നിര്‍ണ്ണായകമായിട്ടുണ്ട്.

 

 

 

ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കാത്ത ഈ ചിത്രം തീര്‍ത്തും രസകരമായ ഒരു സിനിമാനുഭവമാണ്. സൂപ്പർ താര ബഹളങ്ങൾ ഇല്ലാതെ മലയാളത്തിന് ലഭിച്ച ഒരു നല്ല സിനിമ അതാണ് “മാര്‍ജ്ജാര ഒരു കല്ല് വെച്ച നുണ”.

 

 

You might also like