“മധുരരാജ” ട്രിപ്പിൾ സ്‌ട്രോങ് ആയോ …? അതോ വെറും തള്ള് മാത്രമായോ ? റിവ്യൂ വായിക്കാം…

0

മധുര രാജ റിവ്യൂ: വൈഷ്ണവി മേനോൻ

 

ഇത് തളളല്ല …. എന്ത് പ്രതീക്ഷിച്ചോ അതു നൽകി “മധുര രാജ”. തിയേറ്ററുകളെ ഇളക്കി മറിച്ചാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ പ്രദർശനത്തിനെത്തിയത്. ഒൻപതു വർഷത്തെ കാത്തിരിപ്പിന് ശേഷം പോക്കിരിരാജയുടെ രണ്ടാം ഭാഗം എത്തിയപ്പോൾ ആരാധകർ ആഘോഷപൂർവ്വം ചിത്രത്തെ സ്വീകരിച്ചു.

 

 

 

 

 

തീയേറ്ററിൽ നിന്ന് ഇറങ്ങുന്ന ഓരോരുത്തരും തകർപ്പൻ മാസ്സ് ചിത്രമാണെന്ന് ഒന്നടങ്കം പറയുന്നു. മാസ്സ് മസാല എന്ന ഗണത്തിൽ നല്ല സിനിമകളെടുക്കാൻ വൈശാഖിനോളം മിടുക്ക് ആർക്കും തന്നെയില്ല മലയാളത്തിൽ അതൊന്നു കുടെ ഉറപ്പിക്കുകയാണ് ‘മധുരരാജ’ .പുലിമുരുകന് ശേഷം ഒരുക്കിയ മധുര രാജ കെട്ടിലും മട്ടിലും എല്ലാം വൈശാഖിന്റെ മുൻ ചിത്രത്തിനോട് ഒപ്പത്തിനൊപ്പം നില്ക്കുന്നത് തന്നെയാണ്.

 

 

 

 

 

മലയാളികൾക്ക് പരിചയമുള്ള അതെ രാജ …വർഷങ്ങൾക്ക് ശേഷം എത്തുമ്പോഴും സംവിധായകൻ ഒട്ടും പിന്നോട്ട് പോയിട്ടില്ല. പാമ്പിൻ തുരുത് എന്ന സ്ഥലത്തേക്ക് മധുരരാജയുടെ വരവാണ് ചിത്രത്തിന്റെ കഥ പറയുന്നത്. രാജ അവിടെ എന്തിനു വന്നു..?, അതിനു ശേഷം എന്ത് സംഭവിക്കുന്നു..? എന്നതൊക്കെ ആണ് ചിത്രത്തിന്റെ കഥാസഞ്ചാരം.

 

 

 

 

 

ആദ്യ ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും മധുരരാജയിലും അതേ വേഷങ്ങളിൽ ഉണ്ട്. തമിഴ് നടൻ ജയ് , ജഗപതി ബാബു, സിദ്ധിഖ്, നെടുമുടി വേണു, അജു വർഗീസ്, സലീം കുമാർ, ബിജു കുട്ടൻ, പ്രശാന്ത്, ജയൻ ചേർത്തല , സന്തോഷ് കീഴാറ്റൂർ, നരേൻ , കൈലാഷ് , അന്ന രാജൻ, അനുശ്രി, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നിട്ടുള്ളത്.

 

 

 

 

 

 

ഒരു സ്കൂളിനോട് ചേർന്നുള്ള നടേശന്‍റെ (ജഗപതി ബാബു) ബാറിനെക്കുറിച്ചു, റിപ്പോർട്ട് തയ്യാറാക്കാൻ പാമ്പിൻതുരുത്തിലേക്ക് മാധവൻ മാഷ് (നെടുമുടി വേണു) എന്ന അധ്യാപകൻ എത്തുന്നതോടു കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. എങ്കിലും ചില പ്രതിസന്ധികൾ അവരെ കീഴടക്കുമ്പോൾ രക്ഷയ്ക്കായി മധുരരാജ എന്ന രാജ (മമ്മൂട്ടി) എത്തുകയാണ്. ആദ്യ പകുതി കഴിയുന്നതോടെ കളി നടേശനും രാജയും നേർക്കുനേര്‍ ആവുകയാണ്.

 

 

 

 

 

നാട്ടിലെ ബൈ ഇലക്ഷനിൽ ഇരുവരും നേർക്കുനേർ വരുന്നതോടെ തന്ത്രങ്ങളും കുതന്ത്രങ്ങളും സ്‌ക്രീനിൽ നിറയുന്നുണ്ട്. മാസ് രംഗങ്ങൾ, തകർപ്പൻ ഗാനങ്ങൾ, ഉൾപ്പെടുന്ന വൈശാഖിന്‍റെ മുൻകാല ചിത്രങ്ങളുടെ ചേരുവകൾ തന്നെയാണ് മധുരരാജയിലും കാണുന്നത്. മമ്മൂട്ടിയുടെ എൻട്രി സീൻ തീയറ്ററിനെ ആവേശത്തിലാക്കാൻ പാകത്തിലായിരുന്നു.

 

 

 

 

 

രാജയായി വീണ്ടും മമ്മൂട്ടി എത്തുമ്പോൾ പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നുവോ അത് നൽകാൻ നടന് കഴിയുന്നുണ്ട് . പ്രായത്തെ വെല്ലുന്ന സൗന്ദര്യവും , മാസ് ആക്ഷൻ രംഗങ്ങളും കൊണ്ടും മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ് വശമില്ലാത്ത രാജയുടെ സംഭാഷണങ്ങളും തിയേറ്ററിൽ ചിരിപടർത്തി. ഈ വർഷം പേരന്പ് , യാത്ര പോലെയുള്ള ക്ലാസ്സ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച മമ്മൂട്ടി ; മാസ് സിനിമകളുടെ ആരാധകർക്ക് വേണ്ടി നൽകിയ വിഷു സമ്മാനമാണ് മധുര രാജ.

 

 

 

 

തമിഴ് താരം ജയ് മികച്ച പ്രകടനം കാഴ്ച് വയ്ക്കുന്നുണ്ട് . നടന് ഈ അടുത്ത കാലത്ത് തമിഴിൽ പോലും ഇത്രയും സാന്നിധ്യമുള്ള കഥാപാത്രം ലഭിച്ചിട്ടില്ലെന്നും വാസ്തവം. ചിത്രത്തിലെ നായിക വേഷത്തിലെത്തിയ അനുശ്രീ, മഹിമ നമ്പ്യാർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. ജഗപതി ബാബു നടേശൻ എന്ന വില്ലൻ കഥാപാത്രത്തെ മനോഹരമാക്കി , എന്നാലും ഇടയ്ക്കു എവിടെയോ ഡാഡി ഗിരിജ കേറി വരുന്നുമുണ്ട്. നോവലിസ്റ്റ് എഴുത്തച്ഛൻ (മനോഹരൻ) എന്ന സലിം കുമാർ കഥാപാത്രം കൗണ്ടർ കോമഡികൾ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. നായകനെ ചുറ്റിപറ്റിയ ഉപഗ്രഹ കഥാപാത്രങ്ങളെയും ചിത്രത്തിൽ കാണാം. അജു വർഗീസ് , കലാഭവൻ ഷാജോൺ, ബിജു കുട്ടൻ , സുരേഷ് കുമാർ, ഷംന കാസിം എന്നിവരുടെ കഥാപാത്രങ്ങൾ ക്ളീഷേയായി തോന്നി. അതിഥി താരമായി എത്തിയ നരേൻ ലഭിച്ച വേഷം മനോഹരമാക്കി. ഗാനരംഗത്തിലെത്തി സണ്ണി ലിയോൺ മലയാളത്തിലെ ആദ്യ ചിത്രത്തിൽ വരവറിയിച്ചു.

 

 

 

 

പീറ്റർ ഹെയിന്റെ സംഘട്ടന മികവാണ് എടുത്തു പറയേണ്ടത് . പുലിമുരുകന് ശേഷം ഒടിയനിൽ പീറ്റർ ഹെയിൻ നിരാശപ്പെടുത്തിയെങ്കിലും ഈ ചിത്രത്തിലൂടെ താൻ എത്രത്തോളം മികച്ചൊരു ഫൈറ്റ് മാസ്റ്റർ ആണെന് തെളിയിക്കുകയാണ് വീണ്ടും. ഒന്നിനൊന്ന് മികച്ച ഫൈറ്റുകളാണ് ചിത്രത്തിനുവേണ്ടി പീറ്റർ ഒരുക്കിയിരിക്കുന്നത്. അതുപോലെ ഷാജികുമാറിന്റെ ക്യാമറയും ഉന്നത നിലവാരം പുലർത്തി.

 

 

 

 

ഗോപി സുന്ദർ ഒരുക്കിയ സംഗീതം ശരാശരി നിലവാരം പുലർത്തി. എന്നാൽ അദ്ദേഹം തന്നെയൊരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ താളത്തിനു മാറ്റ് കൂട്ടുന്നുണ്ട് . മഹേഷ് നാരായണൻ, സുനിൽ എസ് പിള്ള എന്നിവരുടെ എഡിറ്റിംഗും ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ആകെ മൊത്തത്തിൽ ഈ വിഷുക്കാലത്ത് ഫാമിലിയോടൊപ്പം ആഘോഷിച്ചു കാണാൻ പറ്റുന്ന ഒരു എന്റർടെയ്‌നർ തന്നെയാണ് “മധുരരാജ”.

 

 

 

 

 

 

You might also like