“മാമാങ്കം” ഒരു ദൃശ്യ വിസ്മയ ചരിത്ര യാത്ര – റിവ്യൂ.

0

മാമാങ്കം റിവ്യൂ: ധ്രുവൻ ദേവർമഠം

 

പാണന്റെ പാട്ടിലൂടെ ഒരു കുറ്റാന്വേഷണം ഒറ്റവാക്കിൽ “മാമാങ്കം” എന്ന ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കാം. മനോഹരമായ കഥാപശ്ചാത്തലത്തിൽ. ഇതൾ വിരിയുന്ന ഒരു കുറ്റാന്വേഷണ സിനിമ. ചരിത്രത്തിന്റെ ഏടുകളിൽ അടയാളപ്പെടുത്താതെ പോയ ഒരു യുദ്ധവീരനെ അടയാളപ്പെടുത്തുക കൂടിയാണ് ചിത്രം ചെയ്യുന്നത്.

 

 

 

 

 

രാജഭരണകാലത്തെ കുറ്റാന്വേഷകരിൽ നിന്ന് ഇന്നത്തെ പോലീസ് എങ്ങനെയായിരിക്കുമെന്ന് അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഏറെ രസകരമായി അത് വരച്ചുകാണിക്കുകയും ചെയ്യുന്നുണ്ട് ചിത്രം. ചരിത്ര കഥാപാത്രങ്ങളിൽ മമ്മൂട്ടി എന്ന മെഗാ താരത്തിന്റെ കയ്യൊപ്പ് മലയാളീ പ്രേക്ഷകർക്ക് എന്നും ഏറെ പ്രിയപ്പെട്ടവയാണ്. അതിനു ഒരു തുടർ കൂട്ടാണ് മാമാങ്കം. ചന്ദ്രോത്ത് വലിയ പണിക്കർ എന്ന കഥാപാത്രമായി യോധാവിന്റെ വേദനകളും പോരാട്ട വീര്യവും നന്നായി തന്നെ അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. ഉണ്ണീ മുകുന്ദൻ, അച്ച്യുതൻ തുടങ്ങിയർ അവരവർക്ക് ലഭിച്ച കഥാപാത്രങ്ങളെ വളരെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ചന്ദ്രോത്ത് പണിക്കർ എന്ന് നിസ്സംശയം പറയാം. സംഘടന രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും പക്വതയാർന്ന പ്രകടനമാണ് താരം കാഴ്ച വയ്ക്കുന്നത്. അച്യുതൻ എന്ന ബാലതാരമാണ് മാമാങ്കത്തിലെ മറ്റൊരു ആകർഷണ ഘടകം. ക്ലൈമാക്സ് രംഗങ്ങളിലെ അച്യുതന്റെ അഭ്യാസപ്രകടനം പ്രേക്ഷക കയ്യടി നേടുന്നുണ്ട്. പുതുമുഖ താരത്തിന്റെ ഒരു പതർച്ചയുമില്ലാതെ അച്യുതൻചന്ദ്രോത് ചന്തുണ്ണി എന്ന കഥാപാത്രത്തെ മികവുറ്റതാക്കി.

 

 

 

 

 

തലച്ചേകവരായി സിദ്ദിഖും ഉണ്ണിമായയായി പ്രാചി തെഹ്‌ലാനും മോയിനായി മണി കുട്ടനും രാരിച്ചനായി സുദേവ് നായരും സമർ കോയയായി തരുൺ അറോറയും ലഭിച്ച വേഷങ്ങൾ ഗംഭീരമാക്കി. മണികണ്ഠൻ അവതരിപ്പിച്ച കുങ്കൻ എന്ന കഥാപാത്രം, ബൈജു എഴുപുന്നയുടെ കോന്തി നായർ തുടങ്ങിയവർ ആ കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹിക ജീവികളുടെ നേർസാക്ഷ്യങ്ങളായി നില നിൽക്കുന്നു. സുരേഷ് കൃഷ്ണ, മാല പാർവ്വതി, കനിഹ, ഇനിയ, അനു സിത്താര, കവിയൂർ പൊന്നമ്മ, അന്തരിച്ച ഷഫീർ സേട്ട്, അബു സലിം , മോഹൻ ശർമ്മ , സുധീർ സുകുമാരൻ , ഇടവേള ബാബു തുടങ്ങിയ വലുതും ചെറുതുമായ താരങ്ങൾ തന്നെയാണ് ചിത്രത്തിന്റെ പിൻബലം.

 

 

 

 

 

മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിവെയ്ക്കേണ്ടതാണ് ഈ ചിത്രവുമെന്ന് നിസംശയം പറയാം. കാരണം കഴിഞ്ഞു പോയ കാലത്തും ഈ കാലത്തും പ്രസക്തമായ യുദ്ധങ്ങളും വംശീയതകളും മനുഷ്യർക്ക് എന്താണ് ബാക്കി നൽകുന്നതെന്നാണ് ചിത്രം സംസാരിക്കുന്നത്. സംവിധായകൻ പത്മകുമാർ രണ്ടേമുക്കാൽ മണിക്കൂറോളം വരുന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകരോടായി പറയുന്നത്. സംവിധായകൻ രഞ്ജിത്തിന്റെ സംഭാഷണങ്ങളോടെയാണ് സിനിമയുടെ ആരംഭം. അദ്ദേഹം വള്ളുവകോനാതിരിയും സാമൂതിരിയുമായുള്ള കുടിപ്പകയെക്കുറിച്ച് പറഞ്ഞവസാനിക്കുമ്പോൾ മാമാങ്കത്തിലെ പോരാട്ടത്തിലേക്കാണ് പ്രേക്ഷനെ കൂട്ടികൊണ്ടു പോകുന്നത്.

 

 

 

 

മാമാങ്കോത്സവത്തിന് ഭയമുണർത്തുന്ന യുദ്ധം ചാവേറുകൾ സാമൂതിരിയുടെ തലയെടുക്കുവാനായി വന്നെത്തുന്നു. പതിനായിരങ്ങളോടു പോരാടുവാൻ വെറും വിരൽ എണ്ണാവുന്നവർ മാത്രം. കൂടെയുള്ള വീരൻമാരെല്ലാം പിടഞ്ഞു വീഴുമ്പോൾ മനസിലെ ധൈര്യം മാത്രം കൈമുതലാക്കി സാമൂതിരിയുടെ അടുക്കലേക്ക് എത്തുവാൻ അയാൾ ശ്രമിക്കുകയാണ്. അയാൾ അവിടെ എത്തുമ്പോഴെക്കും പടയാളികൾ സാമൂതിരിയെ രഹസ്യ മാർഗത്തിലൂടെ രക്ഷപ്പെടുത്തുന്നു. യുദ്ധവീരനായി ചാവേറായി മരിച്ചു വീഴാതെ അവിടെ നിന്ന് മറയേണ്ടി വരുന്ന ചന്ദ്രോത്ത് വലിയ പണിക്കർ അതോടെ കുലദ്രോഹിയും ദേശ ദ്രോഹിയുമായി മുദ്രകുത്തപ്പെടുന്നു. സ്വന്തം ദേശത്തേക്കു പോലും പോകാൻ പറ്റാതെ അയാൾക്ക് പല വേഷങ്ങളിൽ അലയേണ്ടിവരുന്നു. നഷ്ട്ടങ്ങളുടെ മാത്രം കഥ പറയേണ്ടിവരുന്ന യുദ്ധവീരൻമാരുടെയും അവരുടെ കുടുംബങ്ങളുടെയും ആത്മനൊമ്പരങ്ങളുടെയും വീരതകളുടെയും കഥയാണ് ‘മാമാങ്കം’.

 

 

 

 

നൂറ്റാണ്ടുകൾക്കു മുൻപുള്ള മാമാങ്കത്തിന്റെ പുനരാവിഷ്ക്കാരത്തിന് കലാ സംവിധായകന് കൈയ്യടി നൽകാം. അത്രയ്ക്ക് മനോഹരമായിട്ടുണ്ട് അത്. ചിത്രത്തിൽ ഏറ്റവും എടുത്ത് പറയേണ്ടത് അതിലെ മർമ്മ പ്രധാനമായ യുദ്ധരംഗങ്ങളെക്കുറിച്ചാണ്. അത്രമേൽ ഗംഭീരമായി തന്നെ യുദ്ധരംഗങ്ങൾ ചിത്രത്തിനായി ആവിഷ്ക്കരിച്ചിട്ടുണ്ട്. പത്ത് മിനുറ്റോളം നീളുന്ന ആ രംഗങ്ങൾ എല്ലാം തന്നെ അത്രമേൽ പ്രേക്ഷനെ ആവേശത്തിലാക്കുന്നുണ്ട്.

 

 

 

 

എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങൾ എല്ലാം സിനിമയുടെ കഥാസന്ദർഭത്തിന് ഒത്ത് ഒഴുകുന്നുണ്ട്. ബെൽഹാര സഹോദരന്മാർ നൽകിയ പശ്ചാത്തല സംഗീതവും കമല കണ്ണന്റെ വി എഫ് എക്സ്, ശ്യാം കൗശലിന്റെ സംഘട്ടനം മാമാങ്കത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിർമ്മിച്ചത്. “മാമാങ്കം” ഒരു ദൃശ്യ വിസ്മയ ചരിത്ര യാത്രയാണ് അതു തിയേറ്ററുകളിൽ തന്നെ കണ്ടറിയണം.

 

 

 

You might also like