പേര് പോലെ “മനോഹരം”; റിവ്യൂ വായിക്കാം.

0

മനോഹരം റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

“മനോഹരം” പേരു പോലെ തന്നെ ലളിതമായ രീതിയിൽ കഥ പറഞ്ഞു പോകുന്ന ചിത്രം. ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അൻവർ സാദിഖ് ഒരുക്കിയിരിക്കുന്ന സിനിമയാണിത്. നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചുവരെഴുത്തടക്കമുള്ള ആർട്ട് വർക്കുകൾ ചെയ്ത് ജീവിക്കുന്ന മനോഹരൻ (മനു വിളിപ്പേര് ) എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.

 

 

 

കഴിഞ്ഞവർഷം ഇറങ്ങി സൂപ്പർ ഹിറ്റായ അരവിന്ദന്റെ അതിഥികളിലെ കഥാപാത്രവുമായാണ് ഈ ചിത്രത്തിലെ വിനീതിന്റെ കഥാപാത്രത്തിന് ഏറെക്കുറെ സാമ്യം. ഫ്ളക്സ് ബോർഡുകളുടെ കടന്നുവരവോടെ ആ ചെറുപ്പക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. മനോഹരമായി തന്നെ പാലക്കാടൻ ഗ്രാമീണ ഭംഗി ദൃശ്യവൽക്കരിച്ചിരിക്കുന്നത് ചിത്രത്തിന് ഗുണകരമാകുന്നുണ്ട്. അതിനൊത്ത പശ്ചാത്തല സംഗീതത്തിലൂടെയുള്ള കഥാപാത്ര സഞ്ചാരമാണ് കാണികളെ തീയറ്ററിൽ പിടിച്ചിരുത്തുന്നതിന്റെ ഒരു പ്രാധാനസംഗതി .

 

 

 

2002 സ്ക്കൂൾ യുവജനോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ആരംഭം. അവിടെ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന അപകർഷതാബോധമുള്ള കുട്ടിയാണ് മനോഹരൻ . പ്ലസ്ടു പഠനത്തിന് ശേഷം അവൻ നാട്ടിലെ സൈൻ ബോഡ് എഴുത്തുകളും മറ്റുമായാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. എന്ത് നല്ല കാര്യങ്ങളും അവന്റെ ജീവിതത്തിൽ തുടക്കം മുതൽ തന്നെ പരാജയമാവുകയാണ് ചെയ്യുന്നത്. അങ്ങനെ അവന്റെ കല്ല്യാണതലേന്ന് പെണ്ണ് ഒളിച്ചോടി പോകുന്നു. അതിന് കാരണം വലിയ വരുമാനമൊന്നും ഉണ്ടാക്കാൻ പറ്റാത്ത ബോഡ് എഴുത്തു ജോലിയാണ്. അതും നഗരത്തിലെ ഒരു സ്ഥാപനത്തിൽ ഡിസൈനറായ ഒരാളുടെ കൂടെയാണ് അവൾ ഒളിച്ചോടുന്നതെന്നത് മനോഹരന് ജീവിതത്തിൽ മറ്റൊരു ഷോക്കാകുന്നു.

 

 

 

പിന്നീട് അങ്ങോട്ട് കളിയാക്കലുകൾക്കിടയിലാണ് മനോഹരന്റെ ജീവിതം. അയാളുടെ ജീവിതത്തിൽ അടുത്ത പ്രഹരമായി ഒരു ഫ്ലക്സ്പ്രിന്റിങ്ങ് സ്ഥാപനം നാട്ടിൽ വരാൻ പോകുന്ന വാർത്ത വരുന്നു അത് സത്യമാണ് താനും പിന്നീട് ഫോട്ടോഷോപ്പുപോലും അറിയാത്ത മനോഹരൻ സ്വന്തമായി ഫ്ലക്സ്പ്രിന്റിങ്ങ് സ്ഥാപനം തുടങ്ങുന്നതും അതിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥാ സഞ്ചാരവഴി.

 

 

 

വലിയ കഥയൊന്നും പറയാനില്ലാത്ത ഒരു സംഭവത്തെ കുഞ്ഞുകുഞ്ഞു സംഭവങ്ങളിലൂടെയാണ് ക്ലൈമാക്സ് വരെ കൊണ്ടു പോകുന്നത്. അതിൽ തന്നെ ചില സീനുകൾകല്ലുകടിയായും തോന്നി. നായികയുടെ വീട് അന്വേഷിച്ചു പോകുമ്പോൾ വഴി ചോദിക്കുന്ന രംഗത്തിൽ പകിട കളിക്കുന്നവരുടെ വർത്തമാനങ്ങൾ ഒക്കെ ക്ലീഷേയാണെന്ന് പറയേണ്ടി വരും. ടു ഹരിഹർ നഗർ പോലുള്ള സിനിമകളിൽ നമ്മൾ നേരത്തെ കണ്ടു മടുത്തതാണെന്ന് സംവിധായകനും നായകനുമൊന്നും എന്തെ ഓർക്കാതെ പോയി എന്ന ചോദ്യം ബാക്കിയാണ്.

 

 

 

 

അതുപോലെ ക്ലൈമാക്സ് രംഗത്തിലെ നായകന്റെ പ്രകടനവും യുക്തിക്ക് ചേരുന്നതായി തോന്നിയില്ല. ആ രംഗം തന്നെ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിൽ ആമീർഖാൻ ഡോക്ടർ അല്ലാതിരുന്നിട്ടും പ്രസവം എടുക്കുന്ന സീനിൽ നിന്ന് കടം കൊണ്ടതായാണ് തോന്നിയത്. ഇന്ദ്രൻസ്, ബേസിൽ ജോസഫ്, ഹരീഷ് പേരടി, ദീപക് പാറുമ്പോൾ എന്നിവരുടെ പ്രകടനം മികച്ചതായപ്പോൾ അഹമ്മദ് സിദ്ദീഖ് , ജൂഡ്ആന്റണി ജോസഫ് എന്നിവരുടെ പ്രകടനം ശരാശരി മാത്രമായി. നായിക വേഷത്തിലെത്തിയ അപർണ ദാസ് ലഭിച്ച വേഷം മനോഹരമാക്കി. ശ്രീലക്ഷ്മി , ഡൽഹി ഗണേഷ്, വി.കെ.പ്രകാശ്, നന്ദിനി, നിസ്താർ സേട്ട്, കലാരഞ്ജിനി,വീണാ നായർ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

ചിത്രത്തിലെ ഗാനങ്ങൾ ഒന്നും തന്നെ മനസ്സിൽ തങ്ങിനിൽക്കുന്നവയായില്ല എന്നത് നിരാശയേകി. എന്നിരുന്നാലും എഡിറ്റിങ്ങ് ബിജിഎം ഛായാഗ്രഹണം എന്നിവയുടെ പിൻബലത്തിൽ സംവിധായകൻ അൻവർ സാദിഖ് ചിത്രത്തെ ഏറെക്കുറെ മനോഹരമാക്കിയെന്നു പറയാം. അതു കൊണ്ട് തന്നെ ഒറ്റ തവണ കണ്ടിരിക്കാം എന്നതിൽ കൂടുതൽ മറ്റൊരു പ്രത്യേകതയും ഈ കുഞ്ഞു ചിത്രത്തിന് അവകാശപ്പെടാനില്ല.

 

 

 

You might also like