എന്നാ…പറയാനാ…ഇനി എന്നാ പറയാനാ : ഇതന്നെ ഞങ്ങൾക്കും ചോദിക്കനുള്ളത് , മാർക്കോണി മത്തായി റിവ്യൂ.

0

മാർക്കോണി മത്തായി റിവ്യൂ: പ്രിയ തെക്കേടത്

 

എന്നാ…പറയാനാ…ഇനി എന്നാ പറയാനാ… എന്നൊരു ഗാനമുണ്ട് ജയറാം പ്രധാന വേഷത്തിൽ എത്തിയ “മാർക്കോണി മത്തായി”യിൽ … ഇതേ അവസ്ഥയാണ് ചിത്രം തിയേറ്ററിൽ നിന്ന് കണ്ടിറങ്ങിയ പ്രേക്ഷകരുടെയും അവസ്ഥ. എന്നാ പറയാനാ എന്ന അവസ്ഥയാ. ആദ്യ സിനിമയായ ഉത്തരക്ക് ശേഷം നീണ്ട പതിനേഴ് വർഷത്തെ ഇടവേള കഴിഞ്ഞു രണ്ടാമത്തെ സംവിധാന ചിത്രത്തിലേക്ക് സനിൽ കളത്തിൽ എത്തുമ്പോൾ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താൻ അദ്ദേത്തിനു കഴിഞ്ഞില്ല എന്നാണ് വാസ്തവം. തെന്നിന്ത്യൻ സൂപ്പർതാരം മക്കൾ സെൽവൻ മലയാളത്തിൽ ആദ്യമായി എത്തുന്ന ചിത്രം എന്ന പരസ്യ വാചകമുള്ള പോസ്റ്ററുകൾ ‘മാർക്കോണി മത്തായി’ക്കുണ്ടായിരുന്നു. എന്തിനായിരുന്നു അതെന്ന് ആരാധകർ ഒന്നടങ്കം ചോദിക്കുന്നു ; ഒരു പരസ്യ ചിത്രം കാണുന്ന ഫീൽ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട് . ചിത്രത്തിൽ നിഷ്കളങ്കമായ പ്രണയം പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരിലേക്ക് യാതൊരുവിധ ഫീലും കൊണ്ടുവരാൻ ഈ ചിത്രത്തിന് സാധിക്കുന്നില്ല.

 

 

 

മലയാള സിനിമ സ്ഥിരം കണ്ടുമറന്ന അല്ലെങ്കിൽ മടുത്ത നായകനാണ് ജയറാം അവതരിപ്പിക്കുന്ന മത്തായി. നന്മ മരമായി നിൽക്കുന്ന അഞ്ചങ്ങാടി ഗ്രാമത്തിലെ സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ. എല്ലാവരോടും സ്നേഹം കാണിക്കുന്ന. സ്നേഹം പങ്കിടുന്ന മത്തായിയെന്ന നായക കഥാപാത്രത്തെ ഇതിനുമുൻപും മലയാള സിനിമ കണ്ടിട്ടുണ്ട്. ചിത്രത്തിൽ റിയാലിസ്റിക്ക് മൂഡിന്റെ കൂടെ ഫാന്റസി ചേർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതീവ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. ആദ്യപകുതിയിൽ നന്മ വിതറുന്ന നായകനായ ജയറാമിന്റെ നാടകമാണെങ്കിൽ രണ്ടാം പകുതി റെഡ് എഫ് എമ്മിന്റെ പരസ്യമായാണ് തോന്നിയത്.

 

 

 

ജയറാം ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപേയും ഇപ്പോഴും ചെയ്യുന്ന പല നായക കഥാപാത്രങ്ങളുടെ ക്ളീഷേ മിശ്രിതമാണ് മത്തായി. നായകനിൽ നിന്നും വില്ലനായോ സഹനടനായോ മാറേണ്ട സമയമായോ എന്ന് ചിന്തിക്കേണ്ട അവസ്ഥയാണ് ജയറാമിന്..!! ആത്മീയയും അജു വര്‍ഗ്ഗീസും ജോയ് മാത്യുവും സുധീര്‍ കരമനയുമൊക്കെ ജയറാം കഴിഞ്ഞാൽ പ്രധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. പക്ഷേ ഇവർക്കൊന്നും കാര്യമായൊന്നും ചെയ്യാനില്ല. സഹകരണ ബാങ്കിലേക്ക് വരുന്ന സഹായി സ്റ്റാഫിന്റെ കഥാപാത്രമായാണ് ആത്മീയ എത്തുന്നത്. ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽകൂടെ വന്ന നായിക ഇതിൽ തന്റെ കഥാപാത്രം നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇവർക്കൊന്നും വേണ്ട വിധത്തിലുള്ള സ്പേസ് സംവിധായകൻ കൊടുത്തിട്ടില്ല. ഇവരുടെ പ്രണയവും , അതിൽ ഉണ്ടാകുന്ന നാടകീയ പ്രതിസന്ധികളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. രണ്ടാം പകുതിയിലെ ഗോവ കാഴ്ചകൾ എല്ലാം സംവിധായകന് വലിയ കാര്യമായി തോന്നിയെങ്കിൽ പ്രേക്ഷകന് വെറും കോമഡി മാത്രമായാണ് തോന്നിയത്. വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം; എന്ത് അവസ്ഥയിലാണ് അദ്ദേഹത്തെ പോലൊരു നടൻ ഈ ചിത്രം സ്വീകരിച്ചത് എന്ന് അറിയില്ല. ജയറാമിനെ രക്ഷിക്കാനോ അതോ വെറുതെ മലയാള സിനിമ ഇൻഡസ്ടറി കണ്ടു മടങ്ങാനോ?!

 

 

 

സത്യം സിനിമാസിൻ്റെ ബാനറിൽ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സനില്‍ കളത്തില്‍, രജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും. കണ്മണി രാജയാണ് ചിത്രത്തിൻ്റെ തമിഴ് ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത്. ശശി കലിംഗ, അലൻസിയര്‍, മുകുന്ദൻ, സേതുലക്ഷ്മി, മല്ലിക, ഇടവേള ബാബു, ഷംന കാസിം, സിദ്ധാർഥ് ശിവ, മാമുക്കോയ, കലാഭവൻ പ്രജോദ്, പ്രേം പ്രകാശ്, നരെയ്ൻ, അനാര്‍ക്കലി മരക്കാര്‍, സുര്‍ജിത്ത്, മാമ്മുക്കോയ, കോട്ടയം പ്രദീപ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ എന്തിനോവേണ്ടി അവിടേയും ഇവിടേയുമൊക്കെ വന്നുപോകുന്നുമുണ്ട്.

 

 

 

You might also like