ഒരു മാർഗ്ഗവുമില്ലെങ്കിൽ പോയി കാണാവുന്ന സിനിമ: “മാർഗ്ഗംകളി” റിവ്യൂ.

0

മാർഗ്ഗംകളി റിവ്യൂ: പ്രിയ തെക്കേടത്

 

നിങ്ങൾക്ക് ഒരു മാർഗ്ഗവുമില്ലെങ്കിൽ ടിക്കറ്റെടുത്ത് കാണാവുന്നതാണ് ഈ “മാർഗ്ഗംകളി”. നടനും തിരക്കഥ കൃത്തുവുമായ ബിബിൻ ജോർജ് അഭിനയ ലോകത്തേക്ക് കാലെടുത്ത് വെക്കുമ്പോൾ വെറും നിരാശയാണ് പ്രേക്ഷകർക്ക് നല്കുന്നത്. ‘ഒരു പഴയ ബോംബ് കഥ’ക്ക് ശേഷം ബിബിൻ നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘മാർഗ്ഗംകളി’. ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രീജിത്ത് വിജയന്റെ രണ്ടാമത്തെ ചിത്രം ചെറുതായൊന്നു പാളിപ്പോയി എന്നതാണ് വാസ്തവം.

 

 

 

ചിത്രത്തിന്റെ ടാഗ് ലൈനിൽ സൂചിപ്പിച്ചത് പോലെ ഒരു മാർഗവും ഇല്ലാതെ വരുമ്പുമ്പോൾ കളിക്കുന്ന കളിയാണ് ഈ മാർഗ്ഗംകളി ; എന്നാൽ വല്ലാത്ത ചെയ്തതായി പോയി എന്ന് സിനിമ കണ്ടിറങ്ങിയവർ ഒന്നടങ്കം പറയുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിമിക്രി താരവും നടനുമായ ശശാങ്കന്‍ ആണ്. പൊട്ടിച്ചിരിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ചീറ്റിപോകുന്ന പടക്കം പോലെയാണ് ഇതിലെ തമാശരംഗങ്ങൾ. ചിത്രത്തിന് അലങ്കാരമായി സ്ത്രീ വിരുദ്ധത, ബോഡിഷെയിമിങ് , ദ്വയാർത്ഥ പ്രയോഗമാണ്. ചിരിപ്പിനായിട്ടാണോ അതോ പ്രേക്ഷകന്റെ നിലവാരം അവർ അളന്നതുകൊണ്ടാണ് എന്നറിയില്ല ഇത്തരത്തിലുള്ള ഇൻ കറപ്റ്റായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാൻ സംവിധായകനും തിരക്കഥകൃത്തും പരമാവധി ശ്രമിച്ചിട്ടുണ്ട്.

 

 

 

ദുൽഖർ സൽമാന്റെ ശബ്ദത്തോടെയാണ് സിനിമ തുടങ്ങുന്നത്. ചിത്രത്തിന്റെ തുടക്കം മാത്രം ഉഷാറായി. തന്‍റെ പ്രണയം സഫലമാക്കാനായി ഒരു യുവാവ് യാതൊരു മാര്‍ഗ്ഗവുമില്ലാതെ കളിച്ച കളിയാണ് ‘മാര്‍ഗ്ഗംകളി’. സച്ചി എന്ന സച്ചിദാനന്ദന്റെ കഥയാണ് ‘മാര്‍ഗ്ഗംകളി’. അവന്റെ പ്രണയത്തിന് വേണ്ടി അവൻ നടത്തുന്ന യാത്രയാണ് ഈ ചിത്രം. സംഗീതത്തിൽ ഏറെ താൽപ്പര്യമുള്ള രമണൻ നായരുടെയും (സിദ്ദിഖ്) ചിത്രക്കാരിയായ ചന്ദ്രികയുടെയും (ശാന്തികൃഷ്ണ) മകനാണ് ഭിന്നശേഷിയുള്ള സച്ചിദാനന്ദൻ (ബിബിൻ ജോർജ്). ഇവരിലൂടെയാണ് കഥയുടെ തുടക്കം. സാമ്പത്തിക ഭദ്രതയുള്ള സച്ചിയേ ജോലിക്ക് പോലും പോവാൻ അനുവദിക്കാത്ത മാതാപിതാക്കൾ. അവന്റെ കൂടെ ഫുൾടൈം ഒപ്പമുള്ള രണ്ട് ചങ്ക് കൂട്ടുക്കാർ. കുടിയനായ ആന്റപ്പൻ (ബൈജു), ലെസ്സി ഷോപ്പ് നടത്തുന്ന ടിക്ടോക് ഉണ്ണി (ഹരീഷ് കണാരൻ).

 

 

 

 

ഇവരിൽ ഒതുങ്ങുന്ന സച്ചിയുടെ പ്രണയം നഷ്ടപ്പെട്ട ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് ഊർമിള (നമിത പ്രമോദ്) കടന്നു വരുന്നത്. തമ്മിലുള്ള പരിമിതികളും കോംപ്ലക്സുകളുമെല്ലാം അവരുടെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു. അവളെ സ്വന്തമാക്കാനുള്ള സച്ചിയുടെ അഭ്യാസങ്ങളിലൂടെയാണ് മാർഗ്ഗംകളി സഞ്ചരിക്കുന്നത്.

 

 

 

 

ബിബിൻ ജോർജ് ലഭിച്ച നായക വേഷം മനോഹരമാക്കി. നമിത പ്രമോദ് മോശമില്ലാത്ത പ്രകടനം കാഴ്‌ചവയ്ക്കുന്നുണ്ട്. ഹരീഷ് കണാരൻ, ബൈജു എന്നിവരുടെ ചില തമാശ രംഗങ്ങൾ ചിരിയുണർത്തുന്നുണ്ട്; എന്നാൽ ചിലത് തീർത്തും ക്ളീഷേ നിലവാരവുമാണ് . ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിനു തൃക്കാക്കര, ഗൗരി ജി കിഷൻ, ബിന്ദു പണിക്കർ, അനു ജോസഫ്, സുരഭി സന്തോഷ്, സൗമ്യാ മേനോന്‍ എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണം , ജോൺ കുട്ടിയുടെ എഡിറ്റിംഗ് , ഗോപി സുന്ദറിന്റെ സംഗീതം ചിത്രത്തിൽ വേറിട്ട് നിൽക്കുന്നു.

 

 

 

ബോഡി ഷേമിംഗ് പ്രയോഗങ്ങളുടെ അതിപ്രസരം മാർഗ്ഗം കളിയിലെ അരോചക ഘടകമാണ്. ചിത്രത്തിൽ ബോഡി ഷേമിംഗിന് ഇരയാവുന്നത് ബിനു തൃക്കാക്കരയുടെ കഥാപാത്രമാണ്. ‘അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ?’ എന്ന് കഥാപാത്രം പലപ്പോഴും ചോദിക്കുന്നുണ്ട്. ബോഡി ഷെയിമിങ്ങിനെതിരെ ഇറങ്ങിയ തമാശയും , കക്ഷി അമ്മിണി പിള്ളയൊക്കെ ഇതിന്റെ തിരക്കഥകൃത്തും സംവിധായകനൊക്കെ കണ്ടിരിക്കേണ്ടതാണ്. കോമഡി എന്റെർറ്റൈനെർ എന്ന നിലയിൽ നിലവാരം ഇല്ലാത്ത തമാശകൾ കുത്തിത്തിരുക്കിയത് തന്നെയാണ് “മാർഗ്ഗംകളി”യുടെ ഏറ്റവും വലിയ പോരായ്മ. സമയം കാശും വെറുതെയുണ്ടെങ്കിൽ ഈ “മാർഗ്ഗംകളി”യ്ക്ക് തല വയ്ക്കാം.

 

 

 

You might also like