
ബ്രില്ലൻസ് അല്ല ചിരിയാണ് മുഖ്യം; “മറിയം വന്ന് വിളക്കൂതി” റിവ്യൂ.
മറിയം വന്ന് വിളക്കൂതി റിവ്യൂ: മീര ജോൺ
നവാഗതനായ ജെനിത് കാച്ചപ്പിള്ളിയുടെ “മറിയം വന്ന് വിളക്കൂതി” ഒരു ഫുള്‍ ടൈം കോമഡി എന്റര്‍ടെയ്നറാണെന്ന് ഒറ്റ വാക്കില്‍ തന്നെ പറയാം. സൗഹൃദത്തിന്റെ ആഘോഷങ്ങളും തമാശകളും പ്രമേയമാക്കിയ ചിത്രം മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ഒരു ഫ്രഷ്നസ് നിലനിര്‍ത്തുന്നുണ്ട്. പ്രേമം ടീമിലെ നിവിനും ഷറഫുദ്ദീനും ഒഴികെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ്, കൃഷ്ണ ശങ്കര്‍ എന്നിവര്‍ക്കൊപ്പം സേതുലക്ഷ്മിയും ഒന്നിച്ചപ്പോള്‍ തിയേറ്ററുകളില്‍ ഉയര്‍ന്നത് ചിരിയുടെ പൊടി പൂരമായിരുന്നു. ഒരു രാത്രിയിലെ കുറച്ച് മണിക്കൂറുകളില്‍ നടക്കുന്ന രസകരമായ സംഭവ വികാസങ്ങളെ സംവിധായകന് വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കുന്നത്.
സ്കൂളില്‍ ഒന്നച്ച് പഠിച്ച സുഹൃത്തുക്കള്‍ കോര്‍പ്പറേറ്റ് കമ്പനിയില്‍ ഒന്നിക്കുന്നതും ഒരു പിറന്നാള്‍ ആഘോഷത്തിനായി ഒത്തുചേരുന്നതും പിന്നീടാ രാത്രിയില്‍ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. സുഹൃത്തുക്കളായ ഉമ്മന്‍, ബാലു, അഡ്ഡു, റോണി, ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവരുടെ ഒരു മുഴുനീള രാത്രിയുടെ അനുഭവങ്ങളാണ് ചിത്രപശ്ചാത്തലം. അലമ്പുകളുടെ രാജാവാണ് റോണി. ഈ റോണിയില്‍ നിന്നാണ് ആ ഒരു രാത്രിയുടെ കഥ തുടങ്ങുന്നതും. ഉമ്മന്‍, ബാലു, അഡ്ഡു എന്നിവര്‍ ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മൂവരുടെയും ജീവിതത്തിലേയ്ക്ക് വീണ്ടും റോണി തിരിച്ചെത്തുന്നത്. റോണി ഇവര്‍ക്കൊപ്പം കൂടിയാല്‍ എന്തെങ്കിലുമൊക്കെ കുഴപ്പങ്ങള്‍ സംഭവിക്കും.
കൂട്ടത്തില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരി സല്‍ഗുണ സമ്പന്നനാണ്. ഈ ഉണ്ണികൃഷ്ണന്റെ പിറന്നാള്‍ ആഘോഷത്തിനായി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഇവര്‍ ഒത്തുകൂടുമ്പോള്‍ അവിടെ മദ്യത്തിന് മന്ദാകിനിയുമായി റോണി എത്തുന്നതോടെ കഥയുടെ ഗതി മാറുന്നു. ഒരുവശത്ത് മന്ദാകിനിയുടെ തിക്തഫലം ഓരോരുത്തരിലും ഉണ്ടാക്കുന്ന മാറ്റങ്ങളും അതിന്റെ ദൂഷ്യ ഫലങ്ങളും സംവിധായകന് വളരെ രസകരമായി അവതരിപ്പിക്കുമ്പോള്‍ മറുവശത്ത് വിദേശ ലഹരി നുകരുന്നതിനെ തുടര്‍ന്നുള്ള രസകരമായ സംഭവങ്ങള്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്നു. സംഭവിച്ചു പോയ പ്രശ്നങ്ങളുടെ കുരുക്കഴിക്കാന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ കൂടുതല്‍ കുരുക്കിലേയ്ക്ക് വലിച്ചിടുകയും ചെയ്യുന്നതാണീ ചിത്രം.
ചിത്രത്തില്‍ റിട്ടയേഡ് ടീച്ചറായ മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സേതുലക്ഷ്മി തന്റെ കരിയര്‍ ബെസ്റ്റാക്കിയപ്പോള് പിസാ ഡെലിവറി ബോയി ആയിയെത്തിയ ബേസില്‍ ജോസഫും കോര്‍പ്പറേറ്റ് കമ്പനിയുടെ തലവനായെത്തിയ സിദ്ധാര്‍ത്ഥ് ശിവയും പൊലീസ് ഇന്സ്പെക്ടറായെത്തിയ ബൈജുവും തന്റെ റോളുകള്‍ ഗംഭീരമാക്കി. ഉണ്ണികൃഷ്ണന് നമ്പൂതിരിയായി അൽതാഫ് ഒരു മുഴുനീള കൊമേഡിയൻ എന്ന നിലയിലേക്ക് ഉയരുന്ന ചിത്രം കൂടിയാണിത്.
അപ്പു എന്‍.ഭട്ടതിരിയുടെ എഡിറ്റിംഗും സിനോജ് പി.അയ്യപ്പന്റെ ഛായാഗ്രഹണവും മുരളിയുടെ സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. 90കളിലെ കോമഡി സിനിമകളെയും ചില അന്യ ഭാഷ കോമഡി സിനിമകളെയും ഓർമിപ്പിച്ചു കൊണ്ട് പ്രേക്ഷകനെ മുഴുനീളം ചിരിപ്പിക്കാൻ കഴിയുന്നുണ്ട് “മറിയം വന്ന് വിളക്കൂതി” എന്ന സിനിമയ്ക്ക്. അതിനു സംവിധായകന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
Mariyam Vannu Vilakkoothi Movie Review