മേരാ നാം ഷാജി.. ഈ ഷാജിമാർ അത്ര പോരാ…!!

0

മേരാ നാം ഷാജി  റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

 

 

 

വർഷങ്ങളുടെ സിനിമലോകത്തെ അനുഭവ പരിജയത്തിന് ശേഷമാണ് നാദിർഷ എന്ന സംവിധായകൻ മലയാളത്തിൽ തന്റെ ആദ്യത്തെ സംവിധാന സംരംഭമായ ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രവുമായെത്തിയത്. ആ വർഷത്തെ പ്രേക്ഷക ഇഷ്ട്ടം നേടിയ പണം വാരി പടങ്ങളിൽ ഒന്നായിരുന്നു അത്. അതിന് ശേഷം തീർത്തും മാർക്കറ്റ് വാല്യുപോലും ഇല്ലാത്ത വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ‘കട്ടപ്പനയിലെ ഋതിക് റോഷൻ’ എന്ന സിനിമയൊരുക്കി വിജയിപ്പിച്ചു മലയാള സിനിമ ലോകത്തെതന്നെ അമ്പരിപ്പിക്കുകയും ചെയ്ത നാദിർഷ തന്റെ മൂന്നാം സംവിധാന സംരംഭമായ “മേരാ നാം ഷാജി” എന്ന സിനിമയുമായി എത്തിയപ്പോൾ പ്രേക്ഷകർ തീയറ്ററിൽ നിന്ന് നിരാശരായി മടങ്ങുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുക.

 

 

 

 

മിനിമം ഗ്യാരണ്ടിയുള്ള സംവിധായകൻ എന്ന പേര് സ്വന്തമാക്കിയ നാദിർഷയ്ക്ക് തീർത്തും ദുർബലമായ ആവർത്തന വിരസമായ സോഷ്യൽ മീഡിയ കോമഡികൾ കുത്തിനിറച്ച തിരനാടകത്തിൽ സിനിമയെടുക്കാൻ തുനിഞ്ഞു എന്നുള്ളത് തന്നെയാണ് വിനയായി തീർന്നത് എന്ന് പറയാം. മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തിൽ കോഴിക്കോട് ഷാജിയായെത്തുന്ന ബിജു മേനോന്റെ കഥാപാത്രമാണ് അൽപ്പമെങ്കിലും തീയറ്ററിൽ അറിഞ്ഞു ചിരിക്കുവാനുള്ള വഴി തുറന്ന് നൽകുന്നത്.

 

 

 

 

 

ബിജു മേനോന്റെ അഭിനയത്തിന്റെ പിൻബലത്തിലാണ് മേരാനാം ഷാജി അൽപ്പമെങ്കിലും ആശ്വാസമായി തീരുന്നത്. തിരുവനന്തപുരം ഷാജിയായെത്തി ബൈജുവിന് കുറച്ചു കൂടി പക്കൗതയുള്ള വേഷം ലഭിച്ചു എന്നു മാത്രമേ പറയാനാകു. പുതുമയൊന്നും അവകാശപ്പെടാൻ ഇല്ല എന്നത് ചുരുക്കം. ചിത്രത്തിലെ മറ്റൊരു നായകനായ ആസിഫ് അലിയ്ക്കും നായിക വേഷത്തിൽ എത്തുന്ന നിഖില വിമലിനും ചിത്രത്തിൽ കാര്യമായൊന്നും തന്നെ ചെയ്യാനില്ലാതെ പോയി എന്നതും ശ്രദ്ധേയമായ കാര്യമാണ്. നിഖില അഭിനയത്തിന്റെ കാര്യത്തിൽ പ്രേക്ഷകരെ വെല്ലുവിളിക്കുന്നതായും തോന്നി അത്ര മനോഹരമായി ബോറാക്കി തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ. ഇനിയും അഭിനയത്തിൽ സ്വയം മികവ് ചെയ്തില്ലെങ്കിൽ വൈകാതെ തന്നെ നടിക്ക് ഫീൽഡ് വിടേണ്ടിവരുമെന്ന് ചുരുക്കം.

 

 

 

 

 

 

ഗണേഷ് കുമാർ, ശ്രീനിവാസൻ, ധർമ്മജൻ ബോൾഗാട്ടി, രഞ്ജിനി ഹരിദാസ് എന്നിവരും സ്ക്രീനിൽ വന്ന് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതിൽ ഒട്ടും പുറകിലോട്ട് പോയില്ല എന്നതും സിനിമയോട് ഇഷ്ട്ടം നഷ്ട്ടമാകുന്നതിന്റെ കാരണമായി തീർന്നു എന്നത് പറയാതെ വയ്യ.

 

 

 

 

 

 

 

മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന കഥയിൽ അതത് ദേശങ്ങളിലെ സംസാരഭാഷയുടെ മനോഹാരിതയിൽ അടയാളപ്പെടുത്തുന്നതിന് പോലും സംവിധായകന് സാധിക്കാതെ പോയി എന്നതും എടുത്തു തന്നെ പറയാം.

 

 

 

 

 

 

 

ബിജു മേനോൻ അവതരിപ്പിക്കുന്ന കോഴിക്കോട് ഷാജിയെ (ഷാജി ഉസ്മാനെ) രണ്ടു സ്ത്രീകൾ സഹായം ചോദിച്ചു വരുന്നിടത്തു നിന്നാണ് ‘മേരാ നാം ഷാജി’യുടെ ആരംഭം. പിന്നീട് വ്യത്യസ്ത സ്ഥലങ്ങളിലുള്ള ഷാജിമാരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിയുന്നു. എന്നാൽ ആദ്യ ഷാജിയുടെ സീനിൽ ഉണ്ടാക്കിയ ഒരു ഓളമൊന്നും തുടർന്നങ്ങോട്ട് കൊണ്ടു പോകാൻ ചിത്രത്തിന് സാധിക്കുന്നില്ല.

 

 

 

 

 

 

 

സാദിക്ക്,  ടിനിടോം, ജാഫർ ഇടുക്കി, നിർമൽ പാലാഴി, മൈഥിലി തുടങ്ങിയവർ അവർക്ക് ലഭിച്ച കഥാപാത്രങ്ങളെ വലിയ കുഴപ്പമില്ലാതെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മൈഥിലിക്ക് വേണ്ടി ഡബ്ബ് ചെയ്തത് സുഖകരമായി തോന്നിയില്ല. വിനോദ് ഇല്ലംപള്ളി ബേധപ്പെട്ട രീതിയിൽ ചിത്രത്തിന്റെ രംഗങ്ങൾ പകർത്തിയപ്പോൾ എഡിറ്റിങ്ങ്, മേക്കപ്പ് തുടങ്ങിയവ നിരാശപ്പെടുത്തി കൂടാതെ സമീറയുടെ കോസ്റ്റ്യും ഡിസൈൻ ആദ്യമായി പരാജയമായതു പോലെ തോന്നി. അവധിക്കാലത്ത് തീയറ്ററിൽ വരുന്നവരെ ശരിക്കും നിരാശരാക്കി മടക്കും ഈ ഷാജിമാർ എന്നത് സാരം…!

 

 

 

 

 

 

You might also like