മിഖായേൽ – നിവിൻ പോളിയുടെ ഗ്രേറ്റ് ഫാദർ അല്ല ഗ്രേറ്റ് ബ്രദർ…!

0

മിഖായേൽ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

ബിൽഡപ്പുകൾ കൊണ്ടൊരു ക്ലീഷേ പ്രതികാര കഥ ഒറ്റവാക്കിൽ “മിഖായേൽ” എന്ന നിവിൻ പോളി ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കാം. ആദ്യ അരമണിക്കൂറിൽ പകുതിയും നായകന്റെ ഒളിയുദ്ധത്തിനാണ് ചിത്രം പ്രാധാന്യം കൽപ്പിച്ചു നൽകിയിരിക്കുന്നത്. ഇംഗ്ലീഷ് കൊറിയൻ ആക്ഷൻ ചിത്രങ്ങളിലേതിന് സമാനമായി രൂപകൽപ്പന ചെയ്തെടുത്ത ഫ്രെയിമുകളും കൊലപാതക പരമ്പരകളുമാണ് ആകെയുള്ള ചിത്രം. ഹീറോ വില്ലൻമാരെയെല്ലാം കൊന്നൊടുക്കി വിജയം കൈവരിക്കുക എന്നത് മാസ് ചിത്രങ്ങളുടെ സ്ഥിരം കാഴ്ച്ചയാണ് അത്തരത്തിൽ വേണ്ടുവോളം രംഗങ്ങൾ മിഖായേൽ എന്ന ചിത്രത്തിൽ സംവിധായകൻ കരുതിവച്ചിട്ടുണ്ട്.

 

 

 

 

 

 

ചിത്രം ആരംഭിക്കുന്നത് തന്നെ ഒരു കൊലപാതക രംഗത്തോടെയാണ്. ഹനീഫ് അധേനിയുടെ മുൻ ചിത്രങ്ങളും (തിരക്കഥ ഒരുക്കിയ ) ഏതാണ്ട് ഇതുപോലെ തന്നെയാണ്. മിഖായേൽ നായകന്റെ രംഗപ്രവേശം കാട്ടി ആവേശം കൊള്ളിക്കുന്നതിൽ സംവിധായകൻ മിടുക്ക് കാട്ടിയിട്ടുണ്ട് ചില സീനുകളിൽ ഉള്ള ആവേശം തുടർച്ചയായി നിലനിർത്താൻ കഴിയാതെ പോകുന്നത് വലിയ പരാജയമായി തോന്നി. അച്ഛന്റെയും മകളുടെയും ശക്തമായ ബന്ധത്തിന്റെ കഥ പറഞ്ഞ ദി ഗ്രേറ്റ് ഫാദർ, സഹോദര ബന്ധത്തിന്റെ കഥ പറഞ്ഞ അബ്രഹാമിന്റെ സന്തതികൾ എന്നിവയിൽ നിന്ന് ഹനീഫ് അദേനി മിഖായേലിൽ എത്തുമ്പോൾ മൈക്കിൾ എന്ന ജ്യേഷ്ഠന്റെയും ജെനി എന്ന അനുജത്തിയുടെയും കഥയാണ് പറയുന്നത്. സഹോദരിയുടെ കാവലാളായി നിൽക്കുന്ന സഹോദരന്റെ പ്രതികാരത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ‘മിഖായേൽ’.

 

 

 

 

 

 

സിദ്ദീഖ് അവതരിപ്പിച്ച ജോർജ്ജ് പീറ്റർ എന്ന വില്ലൻ കഥാപാത്രം മികച്ചു നിൽക്കുന്നുണ്ട്, എന്നാൽ മിഖായേൽ തിന്മയുടെ മേൽവിജയിക്കുവാനായി അയാളെ ഇല്ലാതാക്കിയതിന് ശേഷം സിനിമയുടെ എനർജി മുഴവനായി കാത്തു സൂക്ഷിക്കാൻ സംവിധായകന് ആയില്ല. ഇതുവരെയുള്ളതിൽ നിവിൻ പോളിയുടെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രമായി മിഖായേലിനെ കാണാം. ഉണ്ണി മുകുന്ദൻ നടൻ എന്ന നിലയിൽ മസിൽ വിരിച്ചു സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നതല്ലാതെ നിവിൻ പോളിയുടെ മിഖായലിന് മുകളിലേക്ക് വരാൻ മാർക്കോ ജൂനിയർ എന്ന കഥാപാത്രം ഒരിക്കൽ പോലും ഉയരുന്നില്ല. അഭിനയവും അത്ര തന്നെ ബോറായി തോന്നി. മഞ്ജിമ മോഹൻ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുമ്പോൾ ഒന്നും തന്നെ ചെയ്യാനില്ലാതെ പോയി നായകന്റെ രണ്ടാനച്ഛനും സഹോദരിക്കും സ്വന്തം വീട്ടിൽ മണിക്കുറുകളിൽ അഭയം തേടാനും നായകന്റെ അടുത്തേക്ക് വില്ലന് കടന്നു ചെല്ലാനുമുള്ള വഴി മാത്രമായി ഒതുങ്ങി പോയി എന്ന് സാരം. തമിഴ് മാസ് സിനിമകളിൽ നായികയ്ക്ക് സംഭവിക്കുന്ന അതേ ദുരന്തം.

 

 

 

 

 

 

ഹോളിവുഡ് കൊറിയൻ ത്രില്ലർ പടങ്ങൾ മലയാളി കരിക്കുമ്പോൾ അതിന്റെ ഫീൽ നഷ്ടപ്പെടാതിരിക്കാൻ ക്രിസ്റ്റാനിറ്റിയുടെ പശ്ചാത്തലത്തിലാക്കിയാൽ നന്നാകുമെന്നതു പോലെ ഹനീഫ് അദേനി തന്റെ മൂന്നാമത്തെ ചിത്രത്തിലും അതു തന്നെ പിൻതുടരുന്നു എന്നത് രസകരമായി തോന്നി.

 

 

 

 

 

 

മുൻ ചിത്രങ്ങളിലേതുപോലെ തന്നെ വണ്ടികൾ മറിക്കുക. ഗോഡൗണിൽ വച്ച് തല്ലുക തുടങ്ങിയ നായക കലാ പരിപാടികളും ഈ ചിത്രത്തിലും സംവിധായകൻ പിൻതുടരുന്നുണ്ട്. തെലുങ്ക്, തമിൾ മാസ് ചിത്രങ്ങളുടെ സ്വാധീനവും ചിത്രത്തിൽ ഉടനീളം കാണം. ശാന്തികൃഷ്ണ, കെ.പി.എസ്സിലളിത തുടങ്ങിയവരുടെ കഥാപാത്രങ്ങളും വഴിപാട് മാത്രമായി പോകുന്നു ഈ സിനിമയിൽ, മാത്രമല്ല കലാഭവൻ ഷാജോൺ അവതരിപ്പിച്ച കഥാപാത്രം എന്തിനായിരുന്നു എന്നത് ഇപ്പോഴും മനസ്സിലാകാതെ നിൽക്കുന്നു.

 

 

 

 

 

സുരാജ് വെഞ്ഞാറുമൂട്, അഞ്ജലിനായർ, ജെഡി ചക്രവർത്തി, സുദേവ് നായർ, ബാബു ആന്റണി തുടങ്ങിയവരുടെ കഥാപാത്രങ്ങൾ നായക വിജയത്തിനായി സൃഷ്ടിക്കപ്പെട്ടതു മാത്രമായി . ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം മാസ്സ് രംഗങ്ങളിൽ ഒഴിച്ച് ബാക്കി സമയങ്ങളിൽ അരോജകമായി.

 

 

 

 

 

ചിത്രത്തിന്റെ സമയദൈർഘ്യം കുറച്ചിരുന്നെങ്കിൽ അൽപ്പമെങ്കിലും ആസ്വാദന നിലവാരം കൂടിയെനെ.
തിരക്കഥയുടെ പോരായ്മയായി തോന്നിയത് ഫ്ളാഷ് ബാക്ക് രംഗങ്ങളും തുടർ രംഗങ്ങളും; കഥ ഒഴുക്കിലുണ്ടാക്കുന്ന അപാകതകൾ പ്രേക്ഷകന് മുഷിച്ചിലുണ്ടാക്കുന്നുണ്ട്.

 

 

 

 

 

 

 

ചിത്രത്തിനായി ഒരുക്കിയ ഒന്ന് രണ്ട് ആക്ഷൻ രംഗങ്ങൾ നന്നായപ്പോൾ, നിവിൻ പോളിയെ തല്ലി റെയിൽ ട്രാക്കിൽ കൊണ്ടിടുന്ന രംഗം തമിഴ് ചിത്രങ്ങളിൽ കണ്ട ആവർത്തനം മാത്രമായി പോയി. നിവിൻ പോളിയുടെ മാസ് ചിത്രം കാണാൻ വേണ്ടി മാത്രം മിഖായേലിന് ടിക്കറ്റ് എടുക്കാം…

 

 

 

 

 

You might also like