കാണാതെ മിസ് ചെയ്യാം ഈ റൗഡിയെ …!!!

0

മിസ്റ്റര്‍ ആൻഡ് മിസ് റൗഡി റിവ്യൂ: വൈഷ്ണവി മേനോൻ

 

 

കാളിദാസ് ജയറാം എന്ന താരപുത്രൻ തെളിയിച്ചിരിക്കുകയാണ് തനിക്ക് പറ്റിയ പണിയല്ല ഇതെന്ന്. പ്രണവ് മോഹൻലാലിനെ മലയാളത്തിൽ അവതരിപ്പിച്ച ‘ആദി’യ്ക്ക് ശേഷം കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ‘മിസ്റ്റര്‍ ആൻഡ് മിസ് റൗഡി’ അമിത ഭാരത്തോടെ തിയേറ്ററിൽ എത്തിയാൽ നിരാശ ബാക്കിയാവും.

 

 

 

 

 

 

സിനിമയുടെ അണിയറ പ്രവർത്തകരെ കണ്ട് സിനിമയെ പ്രതീക്ഷിക്കരുതെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി. നാട്ടുപുറത്തുനിന്നു അധോലോകം ഉണ്ടാക്കാനുള്ള ആഗ്രഹിക്കുന്ന അപ്പുവും സംഘത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ പുതുമകളൊന്നുമില്ലാതെ കഥ മുന്നോട്ട് കൊണ്ടുപോകാൻ സംവിധായകന് സാധിച്ചു.

 

 

 

 

 

 

കുട്ടിക്കാലത്തു ചെയ്ത മനഃപൂർവമല്ലാത്ത കൊലയുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചു തിരിച്ചു നാട്ടിലെത്തുമ്പോൾ സമൂഹത്തിൽ നിന്ന് ഉണ്ടായ അവഗണന മൂലം ക്വട്ടേഷൻ സംഘം ആയിതീരുന്ന ചെറുപ്പക്കാരിലേക്കാണ് ജിത്തു ജോസഫ് കാണിച്ചിരിക്കുന്നത്. സിനിമ തുടങ്ങുന്നത് തന്നെ അതിനെ പ്രതിനിധാനം ചെയുന്ന രീതിയിലുള്ള ഒരു സീനോടുകൂടിയാണ്. വലിയ ഗുണ്ടാസംഘം ആകാമെന്ന പ്രതീക്ഷയോടെ അല്ലറ ചില്ലറ പണികളുമായി മുന്നോട്ടുപോവുകയയായിരുന്നു അപ്പുവും (കാളിദാസ് ജയറാം) സംഘവും. ഒടുവിൽ ഒരു കുരുക്കിൽ ചെന്നുപെടുന്ന ഇവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതാണ് കഥാതന്തു. കണ്ടുമടുത്ത അതെ കഥയിലേക്കാണ് ജിത്തു ജോസഫ് കൂട്ടിക്കൊണ്ടുപോകുന്നത്.

 

 

 

 

 

 

കാളിദാസ് ജയറാമിന്റെ ഒപ്പം കൂടിയ ചങ്ങാതിമാരായി ഗണപതി, വിഷ്ണു ഗോവിന്ദൻ, ഷെബിൻ, ശരത് എന്നിവരും കഥയ്‌ക്കൊപ്പം ശരാശരി പ്രകടനം കാഴ്ച് വച്ചു. വിജയ് ബാബു, സായ് കുമാര്‍, എസ്തര്‍ അനിൽ, ഭഗത് മാനുവല്‍, ഷാഹീൻ സിദ്ദിക്ക്, വിജയരാഘവൻ , സനൂജ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. എന്നാൽ അവരൊക്കെ വെറും ക്ളീഷേ കഥാപാത്രങ്ങളായി മാത്രം ഒതുങ്ങി. ശക്തമായ ഒരു സിനിമയെ അവതരിപ്പിക്കാൻ ജീത്തു ജോസഫും ഭാര്യ ലിൻഡ ജിത്തുവും ഒരുക്കിയ സ്ക്രിപ്റ്റിന് കഴിയാതെപോയി.

 

 

 

 

 

 

വിനോദ വിപണിയിയുടെ ചതിക്കുഴികളിലേക്ക് അറിയാതെ വന്നുപെടുന്ന പെൺകുട്ടികളെയും അവരെ വലയിലാക്കാൻ കാത്തിരിക്കുന്ന കഴുകന്മാരെയും കൃത്യമായി അവതരിപ്പിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും മലയാളത്തിന് മെമ്മറീസ് , ദൃശ്യം ഉള്‍പ്പെടെയുള്ള മികച്ച സിനിമകൾ സമ്മാനിച്ച ജിത്തു ജോസഫ് എന്ന അനുഗ്രഹീത സംവിധായകന്‍റെ മുൻ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ മിസ്റ്റർ ആൻഡ് മിസ് റൗഡി സിനിമാപ്രേമികളെ നിരാശപെടുത്തിയേക്കും. ചിത്രത്തിലെ പല സീരിയസ് രംഗങ്ങളും പ്രേക്ഷകർക്ക് തമാശ രൂപേണയാണ് അനുഭവപ്പെടുന്നത്.

 

 

 

 

 

 

കാളിദാസ് ജയറാം എന്ന താരപുത്രൻ ബാലതാരമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ നടനാണ്. ആദ്യ ചിത്രം പൂമരം നല്ല പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചു വ്യത്യസ്തമായ അഭിപ്രായമാണ് മിസ്റ്റർ ആൻഡ് മിസ് റൗഡിയിലെ കാളിദാസിന്റെ പ്രകടനത്തെ കുറിച്ച് . ഒരു ഗുണ്ടക്ക് വേണ്ട യാതൊരുവിധ കഴിവുമില്ലാതെയാണ് കാളിദാസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലുക്കിലോ സംസാരത്തിലോ ഒരു മാറ്റവും കൊണ്ടുവരാൻ കാളിദാസിന് കഴിഞ്ഞിട്ടില്ല. ഈ കഥാപാത്രത്തിന് വേണ്ടി ഒട്ടും ഈ നടൻ വർക്ക് ചെയ്തിട്ടില്ലെന്ന് ബിഗ്‌സ്‌ക്രീനിൽ കാണുമ്പോൾ മനസിലാവുന്നുണ്ട്. ഡയലോഗ് ഡെലിവറി പോലും മോശമാണ് ഈ താരപുത്രന്റെ. നായികയായി എത്തിയ അപർണ ബലമുരളിയുടെ കണ്ടുമടുത്ത അതെ അഭിനയം ഒരു മാറ്റവുമില്ലാത്ത ശൈലിയിൽ തന്നെ ഇതിലും. മഹേഷിന്റെ പ്രതികാരത്തിൽ എത്തിയ തന്റേടിയായ പെൺകുട്ടിയിൽ നിന്ന് കഥാപത്രത്തിന്റെ പേരിലും മട്ടിലുമുള്ള ചെറിയ മാറ്റം. എന്നാൽ കഥാപാത്രം ഒരുപൊടിക്ക് ഓവറായി എന്ന് പറയുന്നവരുമുണ്ട്.

 

 

 

 

 

 

ജിത്തു ജോസഫിന്റെ കരിയറിലെ ഫ്ലോപ്പ് സിനിമയായി മാറും ഈ ക്ളീഷേ റൗഡി സിനിമ. കാളിദാസ് ജയറാമിന്റെ വരും സിനിമകൾ ഇനി പ്രതീക്ഷവെക്കാണോ എന്ന് ആലോചിക്കുകയാണ് ഓരോ പ്രേക്ഷകനും. റൗഡികൾ ഭീകരന്മാരാകാം കോമാളികളാകാം …പക്ഷേ ഇതുപോലെ ദുരന്തമാകാൻ പാടില്ല…!!

 

 

 

 

 

 

You might also like