
രുചി ഊറും “മുന്തിരി മൊഞ്ചന്‍” , റിവ്യൂ വായിക്കാം.
മുന്തിരി മൊഞ്ചന്‍ റിവ്യൂ: മീര ജോൺ
ചെറുതെങ്കിലും രസകരമായി ചിട്ടപ്പെടുത്തിയ തിരക്കഥ… പ്രേക്ഷകന്റെ ഊഹം തെറ്റിക്കുന്ന കഥാഗതി… കഥയ്ക്കൊപ്പം പ്രേക്ഷകരെ കൂടി കൂടെ കൂട്ടിക്കൊണ്ട് പോകുന്ന ഛായാഗ്രഹണം… സൗഹൃദവും പ്രണയവുമെല്ലാം ചേര്‍ന്ന രസകരമായ അവതരണം… നവാഗതരുടെ തൃപ്തികരമായ അഭിനയം… നിലവാരം പുലര്‍ത്തുന്ന ഗാനങ്ങള്‍… ഇതൊക്കെയാണ് ചുരുക്കത്തിൽ “മുന്തിരിമൊഞ്ചന് ഒരു തവള പറഞ്ഞ കഥ” എന്ന സിനിമ.
പ്രണയത്തിനപ്പുറം ആണും പെണ്ണും തമ്മിലുള്ള സൗഹൃദം കൂടിയാണീ ചിത്രം. പൊതുസമൂഹം വില്ലന്‍ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നവര്‍ ജീവിതത്തില്‍ പലപ്പോഴും ഹീറോ ആയിരിക്കും എന്നു കൂടി ചിത്രം പ്രേക്ഷകനെ ഓര്‍മ്മിപ്പിക്കുന്നു. മുന്‍നിര താരങ്ങളോ ആഡംബരങ്ങളോ ഒന്നും തന്നെയില്ലാതെ ചിത്രം അവസാനിക്കും വരെ പ്രേക്ഷകരെ പിടിച്ചിരുത്താനും മുന്തിരിമൊഞ്ചന് കഴിയുന്നുണ്ട്.
നവാഗതരായ മനേഷും ഗോപികയും കൈരാവിയും തൃപ്തികരമായ അഭിനയം കാഴ്ച്ചവെയ്ക്കുമ്പോള്‍ രസകരമായ ഭാഷാശൈലിയിലൂടെ സലിംകുമാറും പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു. ഒപ്പം ഹാസ്യവുമായി എത്തുന്ന ഇര്‍ഷാദും നിയാസ് ബക്കറും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ സംഗീതത്തിലൂടെയും തമാശയിലൂടെയും രസകരമായി അവതരിപ്പിക്കുക കൂടിയാണ് ചിത്രം.
ഒരു പരസ്യകമ്പനിയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരനും (വിവേക്) അവിടെ വെച്ച് പരിചയപ്പെടുന്ന പെണ്‍കുട്ടിയും (ഇമ). ആ പരിചയപ്പെടല്‍ ഇരുവര്‍ക്കുമിടയിലെ പ്രണയം വളര്‍ത്തുന്നുണ്ടെങ്കിലും അതവര് പ്രകടിപ്പിക്കുന്നില്ല. ജോലിസംബന്ധമായി വിവേകിന് മുംബൈയിലേയ്ക്ക് പോകേണ്ടിവരുന്നതും ട്രെയിനില്‍ വെച്ച് അവിചാരിതമായി മറ്റൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതും ഈ കൂടിക്കാഴ്ച്ച അയാളുടെ ജീവിതം മാറ്റിമറിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും വഴിത്തിരിവുകളുമാണ് മുന്തിരിമൊഞ്ചന് പ്രക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്.
മനേഷ് കൃഷ്ണയാണ് ചിത്രത്തിലെ നായകന്. ഫ്രൈഡെ, ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനേഷ് കൃഷ്ണന് നായകനാകുന്ന ചിത്രം കൂടിയാണിത്. ഗോപിക അനിലാണ് നായിക. സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, ദേവൻ , സലീമാ, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി കൈരാവി തക്കറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ അശോകനാണ് നിര്‍മ്മാണം. സംവിധായകന് വിജിത് നമ്പ്യാര്‍ തന്നെ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഷാന്‍ ഹാഫ്സലിയാണ് ഛായാഗ്രഹണം. നവാഗത സംവിധായകന്റെ പാളിച്ചകൾ ഒന്നുമില്ലാതെ എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കാൻ സംവിധായകൻ വിജിത് നമ്പ്യാരിനു കഴിക്കുന്നുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗും ഛായാഗ്രഹണവും നിലവാരം പുലർത്തുന്നുണ്ട്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിടുന്ന ‘മുന്തിരി മൊഞ്ചൻ’ തീർത്തും ഒരു എന്റെർറ്റൈനെർ ആണ്.