അടി തെറ്റിയാൽ ഗ്രാന്റ് ഫാദറും വീഴും !! മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ റിവ്യു.

0

മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദർ റിവ്യൂ: ധ്രുവൻ ദേവർമഠം

 

ജയറാം എന്ന ജനപ്രീയതാരം തന്റെ പഴയ ജനപ്രീതിയൊന്നും ഇനി തിരികെ ലഭിക്കില്ലെന്ന വിശ്വാസത്തിലാകും ഏറ്റവും പുതിയ ചിത്രമായ മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദറിൽ അഭിനയിക്കാൻ തലവച്ചു കൊടുത്തതെന്നാണ് ചിത്രം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ‘ലോനപ്പന്റെ മാമോദീസ’ എന്ന ചിത്രത്തിൽ താരം മികച്ച പ്രകടനം കാഴ്ച്ചവച്ചു കണ്ട പ്പോൾ.ഇനിതാരം അഭിനയിക്കാനായി തിരഞ്ഞെടുക്കുന്നത് അത്തരത്തിലുള്ള നല്ല സിനിമകളായിരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നാൽ ആ പ്രതീക്ഷയെല്ലാം അസ്ഥാനത്താക്കിയിരിക്കുകയാണ് “മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ”.

 

മോഹൻലാലിന്റെ പഴയ ഹിറ്റ് ചിത്രമായ മിന്നാരവും, ജയറാം തന്നെ നായകനായി എത്തി വൻ വിജയം നേടിയ ഫ്രണ്ട്സ് എന്ന ചിത്രത്തിന്റെയും കൂടാതെ മറ്റൊരു വിദേശ ചിത്രത്തിൽ നിന്നും കടം കൊണ്ട് സമം ചേർത്ത വെറും രുചി കുറഞ്ഞ ഫുൾജാർ സോഡ മാത്രമായി പോയി മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ എന്ന ചിത്രം.

 

പ്രായം 40 കഴിഞ്ഞിട്ടും വിവാഹിതനാകാതെ നിൽക്കുന്ന മൈക്കിളിന്റെ (ജയറാം) കല്യാണ നിശ്ചയദിവസം അയാളെ അയാളുടെ മകളും കൊച്ചുമകനും തേടിവരുന്നതാണ് ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലം.പിന്നീട് മൈക്കിൾ ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നതാണ് ചിത്രം ചർച്ച ചെയ്യുന്നത്.ഏതാണ്ട് സമാനമായ കഥയായിരുന്നു പണ്ട് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിന്നാരം എന്ന ചിത്രം. എന്നാൽ സിനിമ അവസാനിക്കുമ്പോൾ ഇതിൽ സർവ്വത്യാഗിയായ നായകൻ തന്റെ കൂട്ടുകാരനെ രക്ഷപ്പെടുത്താൻ വേണ്ടി നടത്തുന്ന നാടകമാണെന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ ഫ്രണ്ട്സ് എന്ന ചിത്രത്തോടാണ് സാമ്യപ്പെടുന്നത്.

 

അത്യന്തം നാടകീയമായ രംഗങ്ങളും കഥയിലേക്ക് മെയിൻ പ്ലോട്ടിനെ കൊണ്ടുവരാനുള്ള വഴിയൊരുക്കമായി ചേർത്താലും ചേരാത്ത കുറെ രംഗങ്ങൾ ആദ്യ പകുതി കവർന്നെടുക്കുമ്പോൾ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുക എന്ന ശ്രമമാണ് സംവിധായകൻ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്.

 

മുല്ലമൊട്ടും മുന്തിരിച്ചാറും, സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം എന്നീ ചിത്രങ്ങൾ ഒരുക്കിയതിൽ ആദ്യ മൂന്ന് സിനിമകളും ഭേദപ്പെട്ടവയായിരുന്നുവെങ്കിൽ ബഷീറിന്റെ പ്രേമലേഖനവും ഇപ്പോൾ ഗ്രാന്റ്ഫാദറും പ്രേക്ഷകരെ ശരിക്കും പ്രേക്ഷകരെ മുഷിപ്പിക്കുന്നു എന്ന് പറയാതെ വയ്യ. ഒട്ടും കാമ്പില്ലാത്ത സിനിമയ്ക്ക് എങ്ങനെയാണ് നിർമ്മാതാക്കൾ പണം മുടക്കാൻ തയ്യാറാവുന്നത് എന്ന കാര്യം ഒട്ടും മനസ്സിലാവുന്നില്ല.

 

 

ജോണി ആന്റണി ,ബാബുരാജ്, സെന്തിൽ കൃഷ്ണ, വിജയരാഘവൻ,ശിവജി ഗുരുവായൂർ,രമേഷ് പിഷാരടി, ധർമ്മജൻ, മല്ലിക സുകുമാരൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടെങ്കിലും ഒട്ടുമിക്ക സീനുകളിലും താരങ്ങളുടെ പ്രകടനം സ്റ്റേജ് നാടകം പോലെയാണ് ഫീൽ ചെയ്തത്. സെന്തിൽ(രാജാമണി ) കലാഭവൻമണിയെ അനുകരിക്കുന്നത് എത്രയും പെട്ടെന്ന് ഒഴിവാക്കിയാൽ കുറെക്കാലം കൂടി സിനിമയിൽ നിലനിൽക്കും എന്നത് ഓർമ്മിപ്പിക്കട്ടെ.

 

അൽപ്പം ഭേദമായി തോന്നിയത് ചിത്രത്തിന്റെ ഛായാഗ്രഹണവും വസ്ത്രാലങ്കാരവുമാണ്. എഡിറ്റിങ്ങ് വളരെ കല്ലുകടിയായി തോന്നി. എന്തായാലും സംവിധായകൻ അടുത്ത ചിത്രമെങ്കിലും പ്രേക്ഷകരെ പറ്റിക്കാൻ വേണ്ടി ചെയ്യില്ലെന്ന് പ്രത്യാശിക്കാം. ഇങ്ങനെയൊരു ജയറാം ചിത്രം അതും റംസാൻ റിലീസായി എത്തുന്നു എന്ന് പോലും പ്രേക്ഷകർ അറിയുന്നില്ല ; ചിത്രത്തിന്റെ പ്രോമോ പോസ്റ്ററുകളും ഓൺലൈൻ ഓഫ്‌ലൈൻ പ്രൊമോഷനുകളും അതി ദയനീയം എന്ന് പറയാം. ജയറാമിന്റെ തിരിച്ചു വരവിനായി ഇനിയും കാത്തിരിക്കാം .

 

 

You might also like