ദിലീപ് സാന്റാ ; പക്ഷേ ഇതൊരു കുട്ടി സിനിമ ; റിവ്യൂ വായിക്കാം.

0

മൈ സാന്റാ റിവ്യൂ: ധ്രുവൻ ദേവർമഠം

“മൈ സാന്റാ” കഥയുണ്ടെങ്കിലും കഥ പറഞ്ഞ രീതികൊണ്ട് പ്രേക്ഷകരെ ബോറടിപ്പിച്ച് തിയറ്ററിൽ നിന്ന് രക്ഷപ്പെടാൻ വെമ്പലുണ്ടാക്കുന്ന ചിത്രം ഒറ്റവാക്കിൽ അങ്ങനെ വിലയിരുത്താം. സുഗീത് എന്ന കമൽ ശിഷ്യൻ നല്ലൊരു കഥാതന്തുഉണ്ടായിട്ടും അശ്രദ്ധ കൊണ്ട് ഒരു മോശം അവധിക്കാല ചിത്രം പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുന്നു എന്നെ പറയുവാൻ കഴിയു. മനോഹരമായൊരു തിരക്കഥയുടെ പിൻബലമില്ലാതെ ഒരുക്കുന്ന സിനിമകൾ എത്രത്തോളം ബാധ്യതയായി തീരുമെന്നത് കണ്ടു പഠിക്കുവാൻ ഒരുദാഹരണം കൂടി അതാണ് 2019 അവസാനം പ്രദർശനത്തിനെത്തിയ ഈ സിനിമയെക്കുറിച്ച് പറയുവാനുള്ളത്.

 

 

 

ഏഴു വയസ്സുകാരിയായ ഐസ എലിസബത്ത് എന്ന രണ്ടാം ക്ലാസുകാരി പെൺകുട്ടി തനിക്ക് സമ്മാനങ്ങളുമായിയെത്തുന്ന സാന്റയെ കാത്തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. കുട്ടിക്കാലത്തെ അച്ഛനെയും അമ്മയെയും നഷ്ട്ടപ്പെട്ട അവൾ മുത്തച്ഛന്റെ കൂടെയാണ് താമസ്സിക്കുന്നത്. അവളുടെ സങ്കടങ്ങൾ മാറ്റുവാനായാണ് അയാൾ സമ്മാനങ്ങളുമായെത്തുന്ന സാന്റാ ക്ലോസിനെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നത്. ആ കഥകൾ എല്ലാം വിശ്വസിച്ച് അവൾ സാന്റയുടെ വരവിനായി കാത്തിരിക്കുകയാണ്. മിക്കപ്പോഴും മഞ്ഞുവീഴുന്ന രാത്രികളിൽ റെയിൻഡിയർ വണ്ടിയിൽ സാന്റ അവളുടെ അരികിലേക്ക് എത്തും റെയിൻ ഡിയർ വണ്ടിയിൽ സാന്റയോടൊപ്പം അച്ഛനെയും അമ്മയെയും കാണുന്നതിന് മുൻപേ അവളുടെ സ്വപ്നം അവസാനിക്കുകയും ചെയ്യും. അച്ഛനും അമ്മയും ഇല്ലാത്ത അവൾ കൂട്ടുകാരികളുടെ അടുക്കൽ സാന്റയുടെ കഥകൾ പറയുമ്പോൾ മിക്കപ്പോഴും അവർ സാന്റ യഥാർത്ഥത്തിൽ ഇല്ലായെന്ന് പറയുവാൻ ശ്രമിക്കുമ്പോഴും അവൾക്ക് അതൊന്നും ഉൾക്കൊള്ളുവാൻ ആകുന്നില്ല.

 

 

 

അങ്ങനെ ഒരു ക്രിസ്മസ് രാത്രിയിൽ അവളെ തേടി സാന്റയെത്തുന്നു. ആ രാത്രിയിൽ അവളുടെ ആഗ്രഹ സഫലീകരണത്തിനായി സാന്റ അവളെയും കൂട്ടി ഇറങ്ങുന്നു. യഥാർത്ഥത്തിൽ സാന്റയായി വരുന്നത് ആരാണ്…? എന്തിനു വേണ്ടിയാണ് അവളുടെ ആഗ്രഹങ്ങൾ അയാൾ നിറവേറ്റുവാൻ തയാറാകുന്നത്…? എന്നതാണ് ചിത്രം പ്രധാനമായും ചർച്ച ചെയ്യുന്നത്.

 

 

 

 

മുൻപ് നമ്മൾ കണ്ടു മറന്ന പല സിനിമകളിലേതിനും സമാനമായ രംഗങ്ങൾ സാന്റയിലും കാണുവാൻ സാധിക്കും. ദിലീപാണ് സിനിമയിൽ സാന്റയായി വരുന്നത്. അഭിനയ സാധ്യതയ്ക്ക് അപ്പുറം അത് വെറും ഫാൻസിഡ്രസ് ഷോ മാത്രമാകുന്ന കാഴ്ച്ചയായിട്ടാണ് ഫീൽ ചെയ്യുന്നത്. ആദ്യ പകുതി കടന്നു പിടിക്കുവാനാണ് ഏറ്റവും അധികം പാട് പെട്ടത് . സീരിയലുകളിലേതിന് സമാനമായ രീതിയിലാണ് ചിത്രത്തിന്റെ ആദ്യ പകുതിയിലുള്ള യാത്ര.

 

 

 

 

അൽപ്പമെങ്കിലും കണ്ടിരിക്കാവുന്ന അവസ്ഥയിൽ എത്തിയത് തന്നെ അഭിനേതാക്കളുടെ മികവിനാലാണെന്ന് പറയാം. ചിത്രത്തിലെ ബാലതാരങ്ങൾ എല്ലാം മികച്ച രീതിയിൽ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. എടുത്ത് പറയേണ്ടത് ബേബി മാനസ്വി എന്ന ബാലതാരത്തിന്റെ  പ്രകടനമാണ്. അവളുടെ കൂട്ടുകാരി അന്നയായി എത്തിയ ദേവാനന്ദയും പ്രേക്ഷക മനം തൊടുന്നുണ്ട്. ധർമ്മജനും ദിലീപും മാനസ്വിയും തമ്മിലുള്ള കോമഡി രംഗങ്ങൾ മൈഡിയർ കുട്ടിച്ചാത്തനിൽ നിന്ന് കടം കൊണ്ടതായാണ് തോന്നിയത്.

 

 

 

 

വിദ്യാസാഗർ ഒരുക്കിയ പാട്ടുകൾ സിനിമയോട് ചേർന്നു പോകുന്നുണ്ട്. ഫൈസൽ അലിയുടെ ഛായാഗ്രഹണം സ്ഥിരം ശൈലിമാത്രമായി ഒതുങ്ങുന്നു. എഡിറ്റിങ്ങിൽ അൽപ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും ലാഗ് ഒഴിവാക്കാമായിരുന്നു. സിദ്ധിഖ്, സായ് കുമാർ, ഇന്ദ്രൻസ്, ഇർഷാദ്, മഞ്ജു സുനിച്ചൻ, അനുശ്രി, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. അവരവരുടെ കഥാപാത്രങ്ങളെ കുഴപ്പമില്ലാതെ തന്നെ അവർ അവതരിപ്പിച്ചിട്ടുണ്ട്; എങ്കിലും മികച്ച സിനിമ അനുഭവം നൽകാൻ അതൊന്നും മതിയാവില്ലെന്ന് ഈ സിനിമയിലൂടെ സംവിധായകനും കൂട്ടരും പഠിക്കുമെന്ന് കരുതാം. വലിയ തിരക്കുകൾ ഒന്നുമില്ലെങ്കിൽ മാത്രം മൈ സാന്റയ്ക്ക് വേണ്ടി പ്രേക്ഷകർക്ക് ടിക്കറ്റ് എടുക്കാം.

 

 

 

You might also like