സെൽവരാഘവന്റെ കാലിടറിയ “എന്‍ ജി കെ”.

0

എന്‍ ജി കെ റിവ്യൂ: വൈഷ്ണവി മേനോൻ 

 

പ്രതീക്ഷകൾ ഉണർത്തിയാണ് “എന്‍ ജി കെ”യുടെ പോസ്റ്ററുകളും പ്രോമോ വിഡിയോകളും പുറത്തു വന്നത്. എന്നാൽ അതെല്ലാം തകിടം മറിച്ചു ഒരു തട്ടിക്കൂട്ട് രാഷ്ട്രീയ ചിത്രമായി ഒതുങ്ങി ഈ സൂര്യ – സെൽവ സിനിമ.

 

 

 

 

ഒരു രാഷ്ട്രീയ സിനിമക്ക് വേണ്ട ചേരുവകൾ ഇല്ലാതെ പോയി എന്നത് തന്നെയാണ് “എന്‍ ജി കെ”യുടെ പരാജയം. സെൽവരാഘവന്റെ മുൻ ചിത്രങ്ങളോട് താരതമ്യം ചെയ്താൽ ഒരു ദുരന്തമെന്നു തന്നെ പറയേണ്ടി വരും എന്‍ ജി കെ.

 

 

 

 

എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ജോലി ഉപേക്ഷിച്ചു സ്വന്തം നാട്ടിൽ ഓർഗാനിക് കൃഷി ഫലവത്താക്കാൻ ശ്രമിക്കുന്ന കുമരൻ (സൂര്യ). കുമരന്റെ കുടുംബത്തിൽ ഭാര്യയും അച്ഛനും അമ്മയുമാണുള്ളത്. സാമൂഹിക സേവനവും സൽസ്വഭാവിയായി കുമരൻ നാട്ടുകാർക്ക് വളരെ വേണ്ടപ്പെട്ടവനാണ്. ഗിരി എന്ന പഴയ രാഷ്ട്രീയക്കാരനെ കുമരൻ സഹായിക്കുന്നതും തുടർന്ന് ഗിരി കുമാരനെ അവിടത്തെ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർക്കുകയും ചെയ്യുന്നു. അവിടെന്ന് കുമരനിൽ എൻ ജി കെയിലേക്കുള്ള യാത്രയാണ് ചിത്രം കാണിക്കുന്നത്.

 

 

 

 

ചിത്രത്തിൽ പോസിറ്റീവ് ആയി എടുത്തു പറയേണ്ടത് സൂര്യയുടെ പ്രകടനം തന്നെയാണ്. നന്ദ ഗോപാലൻ കുമരനായി താരം മികച്ച പ്രകടനം കാഴ്ച വച്ചു. എന്നാൽ എന്‍ ജി കെയുടെ ഭാര്യ ഗീത കുമാരിയായി എത്തിയ സായ് പല്ലവി തികച്ചും മോശം പ്രകടനമാണ് അവതരിപ്പിച്ചത്. നടിയുടെ ഓവർ ആക്ടിങ് ചില രംഗങ്ങളിൽ കല്ലുകടിയായി അനുഭവപ്പെട്ടു. രാകുൽ പ്രീത് സിംഗ് ആയിരുന്നു മറ്റൊരു നായിക, വാനതി ത്യാഗരാജൻ എന്ന രാഷ്ട്രീയ തന്ത്രജ്ഞയുടെ വേഷത്തിൽ നടി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചു. പൊൻവണ്ണൻ, ബാല സിംഗ് , ദേവരാജ്, ഇളവരസ്‌, രാജ്‌കുമാർ, കക്ക രവി, ഉമാ പദ്മനാഭൻ എന്നിവരാണ് മറ്റ് താരങ്ങൾ.

 

 

 

 

യുവൻ ശങ്കർ രാജയുടെ പശ്ചാത്തല സംഗീതം മികച്ചു നിന്നപ്പോൾ ചിത്രത്തിലെ ഗാനങ്ങൾ ശരാശരിക്ക് കീഴെയായി ഒതുങ്ങി. ആക്ഷൻ രംഗങ്ങളും എഡിറ്റിംഗും ചിത്രത്തിന് ചേർന്നു നിന്നു. കേരളത്തിൽ ഒരു സൂര്യ ചിത്രത്തിന് മുൻപ് നൽകിയിരുന്ന പ്രൊമോഷൻ എൻ ജി കെയ്ക്ക് ലഭിക്കാത്തതും ചിത്രത്തിന് വിനയായി മാറിയെന്നു പറയാം. ചുരുക്കത്തിൽ പറഞ്ഞാൽ സൂര്യയുടെ മാസ്സ് എന്റെർറ്റൈനെറോ സെൽവരാഘവന്റെ ക്ലാസ് ചിത്രമോ അല്ല “എന്‍ ജി കെ”. അതു പ്രതീക്ഷിച്ചു പോയാൽ നിരാശ മാത്രം ഫലം.

 

 

 

 

 

You might also like