നിത്യ ഹരിത നായകാ ക്ഷമിക്കൂ ഈ നിത്യഹരിത നായകനോട് …

0

നിത്യഹരിത നായകൻ റിവ്യൂ: ധ്രുവൻ ദേവർമഠം

പേരിൽ മാത്രം ഒതുങ്ങുന്ന നിത്യഹരിതനായകൻ അങ്ങനെ പറയാം ഒറ്റവാക്കിൽ നിത്യഹരിത നായകൻ എന്ന ചിത്രത്തെ.ഒട്ടും പുതുമയില്ലാത്തകഥയും കഥ പറയുന്ന രീതിയുമാണ് ചിത്രത്തിന് കല്ലുകടിയായിതീരുന്നത്. ധർമജൻ – വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ഒത്തു ചേർന്ന് ഒരു സിനിമ വരുമ്പോൾ അത് തീയറ്ററിൽ ചിരിമേളം ഒരുക്കും എന്ന പ്രതീക്ഷയോടെയാണ് ചിത്രത്തിന് കയറിയത് എന്നാൽ നിരാശയോടെ തിരിച്ചിറങ്ങേണ്ടി വന്നു എന്നുമാത്രം. എവിടെ ഒക്കെയോ ചിരി ഉയർത്തുന്നുണ്ടെങ്കിലും സിനിമയെ മൊത്തത്തിൽ സഹിച്ചിരിക്കുക എന്നത് അൽപ്പംപാടുള്ള കാര്യമാണ് . ക്ലീഷേ കഥാപശ്ചാത്തലം തന്നെയാണ് നവാഗതനായ സംവിധായകൻ്റെ ആദ്യ സംവിധാന സംരംഭത്തെ പ്രേക്ഷകരിൽ നിന്നും പിന്നോട്ടടിപ്പിക്കുന്നത് നിത്യഹരിതനായകൻ എന്നാൽ മലയാളികൾക്ക് പ്രേംനസീർ ആണ് .

സത്യത്തിൽ ആ പേരും സിനിമയിൽ പ്രതീക്ഷഉണ്ടാക്കിയിരുന്നു. അദ്ദേഹത്തിന് ആദരം അർപ്പിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത് എങ്കിലും ചിത്രം ആരംഭിച്ച് അൽപ്പം കഴിയുമ്പോഴേക്കും അതിൽ തീരുമാനം ആവുന്ന കാഴ്ചയാണ് കാണാൻ കഴിയുക. കട്ടപ്പനയിലെ ഋത്വിക് റോഷനോ വികടകുമാരനോ നൽകിയ കാഴ്ച്ചാസുഖം പോലും നിത്യഹരിത നായകൻ നൽകുന്നില്ല. ശരിക്കു പറഞ്ഞാൽ ഒറ്റപ്രാവശ്യം മാത്രം കാണാൻ പാകത്തിൽ ഉള്ള പാതിവെന്ത ചിത്രം മാത്രം. പ്രേമം എന്ന ചിത്രത്തിൻ്റെ ഹാങ് ഓവർ മാത്രമായി തോന്നി ചില നേരങ്ങളിൽ നിത്യഹരിതനായകനെ . നിത്യയെന്ന സ്കൂൾ കാമുകിയിൽ നിന്നും ഹരിത എന്ന ഭാര്യയിലേക്കുള്ള നായകൻ്റെ യാത്രമാത്രമാകുന്നു സിനിമ. കഥയിനങ്ങനെ പൊട്ടിയ പട്ടം പോലെ സഞ്ചരിക്കുന്നു . അതിനിടയിൽ എല്ലാം . കുട്ടികാമുകനായി, വിദ്യാർത്ഥി നേതാവായി , പാസ്റ്ററായി,പിന്നെ ഭർത്താവായിഅങ്ങനെ നായകൻ്റെ രൂപമാറ്റങ്ങൾ .


നാട്ടുംപുറത്തുകാരനായ സജിയുടെ റൊമാന്‍റിക് ഫ്ലാഷ് ബാക്കിലൂടെയാണ് ചിത്രം യാത്ര തുടങ്ങുന്നത് . നോൺലീനിയർ ആഖ്യാന രീതിയിൽ ഉള്ള നിരവധി ചിത്രങ്ങൾ കണ്ടിട്ടുണ്ട്. നിത്യഹരിത നായകന്‍റെ യാത്രയും അതെ വഴിയിലൂടെയാണ് . സിനിമയുടെ ഭൂരി ഭാഗവും നടക്കുന്നത് ഭൂതകാലത്തിലെന്ന് സാരം .


ആദ്യരാത്രിയിൽ ഭാര്യയോട് നായകനായ സജി തന്‍റെ വീരസാഹസികകഥ പറയുന്നതോടെയാണ് സിനിമ തുടങ്ങുന്നത് . കഥയെന്നു പറഞ്ഞാൽ വെറും കഥയല്ല യമണ്ടൻ കഥകൾ തന്നെ . മൂന്നാലു നായികമാർ, ഓരോരുത്തർക്കും ആളാംവീതം പാട്ടുകൾ സത്യത്തിൽ പാട്ടുകൾ എല്ലാം തന്നെ കളർ ഫുൾ ആയിക്കോട്ടെ എന്ന് കരുതി പടച്ചുവച്ചത് പോലെ തോന്നി.

സ്കൂൾ കാലത്തെ സ്ഥിരം പ്രണയത്തിൽ തന്നെ ഫ്ലാഷ് ബാക്കിന്‍റെ ആരംഭം . അടുത്ത ക്ലാസിലെ നിത്യയോടാണ് സജിയുടെ ആദ്യ പ്രേമം പഴയ സിനിമകളിലെ ക്ലീഷേ സ്കൂൾ പ്രണയമായകഥയായത് കൊണ്ട് വിശദീകരിച്ചു സമയം കളയുന്നില്ല. പഴയകാലത്തെ അടയാളപ്പെടുത്താൻ ആന്‍റിനയും ശക്തിമാനും ഐസ്ഫ്രൂട്ടും ആറാം തമ്പുരാനുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ അൽപ്പമെങ്കിലും ആശ്വാസം ആകുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്‍റെ പ്രകടനം മാത്രമാണ്. പ്രണയവും നൈരാശ്യവും നിസഹായതയുമെല്ലാം ഭംഗിയായി വിഷ്ണുനന്നായി തന്നെ അവതരിപ്പിച്ചു . ചിത്രത്തിൻ്റെ നിർമ്മാതാവായ ധർമജനും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സജിയുടെ അച്ഛനായി വേഷമിട്ട ഇന്ദ്രൻസിന്‍റെ പ്രകടനവും ചിത്രത്തിൽ ഉയർന്നു നിൽക്കുന്നു പതിവുപോലെ.


ആഘോഷങ്ങൾക്ക് ഒടുവിൽ നാടുവിട്ട് ചിത്രത്തിൻ്റെ രണ്ടാം പകുതിയിൽ തിരികെ എത്തുന്ന നായകനും പിന്നീടുള്ള അയാളുടെ ജീവിതവുമാണ് പിന്നീട് അങ്ങോട്ട് സിനിമ.അതും ഒച്ചിൻ്റെ സഞ്ചാരത്തിൽ വെറുപ്പിക്കലിൻ്റെ അസഹനീയതയിലേക്ക് പ്രേക്ഷകരെ കൊണ്ടുചെല്ലുന്നു. വെറുപ്പിക്കലിനെല്ലാം അവസാനം യുവതലമുറയ്ക്ക് ഒരു സന്ദേശം കൂടി നൽകാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് പറയാനുള്ള സന്ദർഭം മാറിപ്പോയെന്നത് സംവിധായകനോ എഴുത്തുക്കാരനോ മനസ്സിലാക്കാൻ പറ്റാതെ പോയെന്ന് മാത്രം. ചുരുക്കി പറഞ്ഞാൽ പേരിൽ മാത്രം ഒതുങ്ങുന്ന “നിത്യഹരിത നായകൻ” അങ്ങനെ വിശേഷിപ്പിക്കാം ഈ ചിത്രത്തെ ! മലയാളി പ്രേക്ഷകർ എന്നും വിഗ്രഹം പോലെ മനസ്സിൽ സൂക്ഷിക്കുന്ന ആ മുഖം ആലോചിച്ചാൽ ഈ സിനിമ ഒരു ക്രൂരതയായി തോന്നും . ക്ഷമിക്കൂ .. നിത്യ ഹരിത നായകാ ….!!

You might also like