ഞാൻ പ്രകാശൻ – ഫഹദിന്റെ താര പ്രകാശം .

0

ഞാൻ പ്രകാശൻ റിവ്യൂ: ധ്രുവൻ ദേവർമഠം

 

ഫഹദിന്റെ അഭിനയത്തിന്റെ ബലത്തിൽ മാത്രം മുന്നേറുന്ന ഞാൻ പ്രകാശൻ. ഏറെ നാളുകൾക്ക് ശേഷം സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു സിനിമ പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷ ഏറെയാകും. അത്തരം പ്രതീക്ഷയുമായാണ് ഞാൻ പ്രകാശൻ എന്ന ചിത്രത്തിന് ടിക്കറ്റ് എടുത്തത്.

 

 

 

എന്നാൽ ആ പ്രതീക്ഷയുടെ ഭാരം മുഴുവൻ ഫഹദ് എന്ന താരത്തിന്റെ തോളിലാണെന്നത് . ചിത്രം കണ്ടു തുടങ്ങിയപ്പോൾ തന്നെ ഉറപ്പിക്കാൻ സാധിച്ചു. പ്രകാശാൻ കണ്ടിറങ്ങുമ്പോൾ അത് ശരിയാണെന്ന് ബോധ്യമാവുകയും ചെയ്തു . ഇത്തവണയും മലയാളിയുടെ പൊതു പ്രതിനിധി എന്ന നിലയിലാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്ന് പ്രകാശനെയും അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

 

സത്യൻ അന്തിക്കാടിന്റെ മുൻ ചിത്രങ്ങളായ വിനോദയാത്രയിലെ വിനോദിൽ നിന്നുംഅതുപോലെ തലയണമന്ത്രത്തിലെ ഉർവശിയുടെ കഥാപാത്രമായ കാഞ്ചനയിൽ നിന്നും മുൻചിത്രമായ ഇന്ത്യൻ പ്രണയകഥയിലെ അയമനം സിദ്ധാർത്ഥനിൽ നിന്നുമാണ് ശ്രീനിവാസൻ പുതിയ കാലത്തിന്റെ പ്രതിനിധിയായ പ്രകാശനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന കാര്യം സിനിമയുടെ സഞ്ചാരവഴിയിൽ സസൂക്ഷമം നിരീക്ഷിച്ചാൽ കാണാം.

 

 

 

 

മുൻ സിനിമകളിൽ എല്ലാം തന്നെ ഏറെക്കുറെ മലയാളികളെ സാമൂഹ്യ പാഠം പഠിപ്പിച്ചതിന്റെ തുടർച്ച കൂടിയാകുന്നുണ്ട് ഞാൻ പ്രകാശൻ. ജയറാം, മോഹൻലാൽ തുടങ്ങിയ താരങ്ങൾ മുൻപ് സത്യൻ – ശ്രീനി ചിത്രങ്ങളിൽ നടത്തിയ സാമൂഹ്യപാഠത്തിന്റെ തുടർച്ചയാണെങ്കിലും ഞാൻ പ്രകാശൻ കാഴ്ച്ചകാർക്ക് രസകരമായി അനുഭവപ്പെടുത്തുന്നത് ഫഹദിന്റെ സ്വഭാവികമായ അഭിനയചാരുതി കൊണ്ടു തന്നെയാണ്. കൂടാതെ ഞാൻ പ്രകാശനിൽ ഏറ്റവും എടുത്തുപറയത്തക്ക പ്രത്യേകതയായി തോന്നിയത് സ്ഥിരം സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ മുഖങ്ങൾക്ക് ഏറെക്കുറെ സ്ഥാനം ഇല്ലാ ഈ ചിത്രത്തിൽ എന്നത് തന്നെയാണ് . സ്ഥിരം മുഖങ്ങൾ പ്രകാശനിൽ കൂടുതലായി വന്നിരുന്നെങ്കിൽ ക്ലീഷേ കൂടുതലായിപോയേനെ എന്ന് പറയേണ്ടിവന്നേനെ.

 

 

 

 

ശ്രീനിവാസന്റെ നരേഷനിലൂടെയാണ് ചിത്രത്തിന്റെ ആരംഭം. നേഴ്സിങ്ങ് പoനത്തിന് ശേഷം ഒരു ജോലിക്കും ശ്രമിക്കാതെ എല്ലാത്തിലും കുറ്റങ്ങൾ കണ്ടു പിടിക്കുന്ന മറ്റുള്ളുവരുടെ നേട്ടങ്ങളിൽ അസൂയപ്പെട്ട് ജീവിക്കുന്ന ഒരു ശരാശരിക്കാരനായ യുവാവാണ് പ്രകാശൻ.നട്ടുവഴിയിൽ ഇരുന്ന് മറ്റുള്ളവർക്ക് പാരകൾ പണിതും മറ്റുള്ളവൻ്റെ സന്തോഷത്തിൽ ദുഃഖിച്ചും മുന്നോട്ടു പോകുന്നതിനിടയിൽ അയാളെ തേടി നേഴ്സിങ്ങ് പഠനകാലത്ത് ജൂനിയറായി ഒപ്പം പഠിച്ച സലോമി എത്തുന്നിടത്താണ് പ്രകാശൻ്റെ ജീവിത യാത്ര ആരംഭിക്കുന്നത്. മുൻപ് സലോമിയോട് പ്രണയമുണ്ടായിരുന്ന പ്രകാശൻ സലോമിയുടെ വീട്ടിലെ അവസ്ഥയറിയുമ്പോൾ നൈസായി ഒഴിവാക്കുകയായിരുന്നു. ജർമ്മനിയിലേക്ക് ജോലി ശരിയായി പോകാൻ നിൽക്കുന്നത് പറയാൻ വേണ്ടിയാണ് പ്രകാശനെ തേടി സലോമി എത്തുന്നത്.

 

 

 

അവിടെ ലഭിക്കാൻ പോകുന്ന സാലറിയുടെ വലിപ്പം സലോമിയിൽ നിന്ന് മനസ്സിലാകുന്ന പ്രകാശൻ പിന്നീട് അങ്ങോട്ട് എങ്ങനെയും ജർമ്മനിയിലേക്ക് എത്തുക എന്ന സ്വപ്നത്തിനായി സലോമിയോട് പ്രണയം നടിക്കുന്നു. ജർമ്മൻ ഭാഷ പഠിക്കുവാനായി നഗരത്തിൽ എത്തുന്ന പ്രകാശൻ അച്ഛൻൻ്റെ പഴയ ശിഷ്യനായ ഗോപാൽജിയെ തേടി ചെല്ലുന്നു. പ്രകാശന്റെ അച്ഛന്റെ ശിഷ്യനായ ഗോപാൽജിയെ അച്ഛൻ സ്കൂൾ പഠനകാലത്ത് സഹായിച്ചതിന്റെ പേര് പറഞ്ഞാണ് കൂടെ ഒട്ടുന്നത് ആ രംഗം സമ്മർ ഇൻ ബത്ലഹേമിലെ ജയറാം കഥാപാത്രം ചോര നൽകി സഹായിച്ച കാര്യം പറഞ്ഞ് സുരേഷ് ഗോപിയെ മുതലെടുക്കുന്ന രംഗത്തെ ഓർമ്മപ്പെടുത്തുന്നതായി. ബംഗാളികളെയും, ബീഹാറികളെയും, ഒറീസക്കാരെയും ജോലിക്കു നൽകുന്ന പുതിയ കാലത്തിന്റെ മാതൃക കൂടിയാകുന്നുണ്ട് ശ്രീനിവാസൻ അവതരിപ്പിച്ച ഗോപാൽജി എന്ന കഥാപാത്രം. ജർമ്മനിയിലേക്ക് പോകുവാനായി സാമ്പത്തികമായി സലോമിയെ സഹായിക്കുന്ന പ്രകാശനെ അയാളുടെ പ്രതീക്ഷകൾ എല്ലാം തകർത്തു കൊണ്ട് സലോമിക്ക് പുറകെ കുടുംബവും സ്ഥലം വിടുന്നതോടുകൂടി പ്രകാശന്റെ ശരിക്കുള്ള പ്രതിസന്ധി ആരംഭിക്കുകയാണ് തുടർന്നങ്ങോട്ടുള്ള പ്രകാശന്റെ ജീവിതപരിണാമമാണ് ഞാൻ പ്രകാശനെന്ന ചിത്രം.

 

 

 

 

 

സലോമിയായി എത്തിയ നിഖിലാ വിമൽ പേരിനൊരു നായിക എന്നു മാത്രമായി ഒതുങ്ങി. ദേവിക സഞ്ജയി, അഞ്ജു കുര്യൻ ,സബിത ആനന്ദ്, കെ പി എസി ലളിത എന്നിവർ അവരവരുടെ റോളുകൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു. വീണ നായർ, അനീഷ് ജീ മേനോൻ തുടങ്ങിയ മറ്റ് താരങ്ങൾക്ക് ഒന്നും കാര്യമായി ചെയ്യാൻ ഉണ്ടായിരുന്നില്ല ചിത്രത്തിൽ. ഷാൻ റഹ്മാന്റെ ഗാനങ്ങൾ ചിത്രത്തിന്റെ കഥ പറയാനുള്ള വഴി മാത്രമായി ഒതുങ്ങി. എസ് കുമാറിന്റെ ഛായാഗ്രഹണവും കെ.രാജഗോപാലിന്റെ എഡിറ്റിങ്ങും സിനിമയ്ക്ക് ഏറെ ഗുണകരമായി തീരുന്നുണ്ട്. ചുരുക്കത്തിൽ ഒറ്റത്തവണ കാഴ്ച്ചയ്ക്കായി ഞാൻ പ്രകാശന് ടിക്കറ്റ് എടുക്കാം..

 

 

 

You might also like