പരസ്യമല്ല സിനിമ… ഏശാത്ത ഒടി വിദ്യ…!

0

ഒടിയൻ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

 

 

സൂപ്പർ താരങ്ങളുടെ ഡിസംബർ . ബോക്സ് ഓഫീസിൽ ആര് വാഴും ആര് വീഴും ??!!

 

 

വള്ളുവനാടിന്റെ വാമൊഴി പാട്ടുകളിൽ കേട്ടറിഞ്ഞ ഒടിയന്റെ കഥ വെള്ളിത്തിരയിൽ എത്തുമ്പോൾ പ്രേക്ഷകർ സിനിമയ്ക്ക് ടിക്കറ്റ് എടുക്കുക ഏറെ പ്രതീക്ഷകളോടെയാകും. എന്നാൽ അണിയറ പ്രവർത്തകർ നൽകിയ വാനോളമുള്ള പ്രതീക്ഷകൾ അപ്പാടെ തകർന്ന് തരിപ്പണമായി, വലിയ നിരാശായാണ് നവാഗത സംവിധായകനായ ശ്രീകുമാർ മേനോന്റെ കന്നി ബിഗ് സ്ക്രീൻ പരീക്ഷണം കാഴ്ച്ചക്കാർക്ക് സമ്മാനിക്കുന്നത്.

 

 

 

ചിത്രത്തിന്റെ ഓരോഘട്ടവും വാർത്തകളിൽ നിറച്ചു നിർത്തുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചുവെങ്കിലും.പ്രേക്ഷകർക്ക് ആഘോഷമാക്കുവാനോ ആസ്വദിക്കാനോ തക്കവണ്ണം ചിത്രത്തിൽ ഒന്നും തന്നെയില്ല. ഇതിനു മുൻപ് ഓവർ ഹൈപ്പ് കയറി തിയറ്ററിൽ പരാജയമായി പോയ കാസിനോവയ്ക്കും പെരുച്ചാഴിക്കും താഴെ മാത്രമാകും സിനിമാ ചരിത്രത്തിൽ ശ്രീകുമാർ മേനോന്റെ ഒടിയനെന്ന ചിത്രത്തിന്റെ സ്ഥാനം.

 

 

 

ഭേദപ്പെട്ട രീതിയിൽ പ്രേക്ഷകരെ ത്രിപ്ത്തിപ്പെടുത്താൻ ഉള്ള കഥാപരിസരം ഉണ്ടായിട്ടു പോലും സംവിധായകന്റെ മേയ്ക്കിങ്ങിൽ ഉള്ള ഉത്തരവാദിത്തം ഇല്ലായ്മയാണ് വലിയ പ്രതീക്ഷയുടെ ഭാരം പേറിയ സിനിമയെ നിരാശാജനകമാക്കിയതെന്ന് പറയാം. ഒടിയനായി മോഹൻലാൽ എന്ന പ്രിയതാരം നടത്തിയ കഷ്ട്ടപാടുകൾ ഒന്നും തന്നെ തീയറ്ററിൽ കാണാനെ ഉണ്ടായിരുന്നില്ല.

 

 

 

 

മോഹൻലാലിനെ പോലെ കഴിവുള്ളതാരത്തിന്റെ അസാമാന്യ പ്രകടനമികവ് പ്രതീക്ഷിച്ച് ഒടിയന് കയറിയാൽ നിരാശമാത്രമാകും കിട്ടുക. താരന്റെ കഴിഞ്ഞ ഹിറ്റ് ചിത്രമായ പുലിമുരുകനൊക്കെ മനസ്സിൽ നിന്നും തീർത്തും മായ്ച്ചു കളഞ്ഞിട്ടു വേണം ഒടിയനു മുന്നിലേക്ക് പോകാൻ. സിനിമ റിലീസിന് എത്തുന്നതിന് മുൻപ് തന്നെ നൂറു കോടിയിലധികം രൂപയുടെ ബിസിനസ്സ് ആയെന്ന സംവിധായകന്റെ പ്രഖ്യാപനം പോലും സിനിമയ്ക്ക് ഹൈപ്പ് കയറ്റുവാനുള്ള തന്ത്രം മാത്രമായിരുന്നോ എന്ന സംശയം സിനിമ കാണുന്ന പ്രേക്ഷകർക്ക് ഉണ്ടായാൽ തെറ്റ് പറയുവാൻ കഴിയില്ല.

 

 

 

 

തുടക്കം തന്നെ വലിച്ചു ഇഴച്ചു കൊണ്ടാണ് ഒടിയന്റെ യാത്ര വാരണാസിയിൽ നിന്ന് ആരംഭിക്കുന്നത്. പ്രകാശ് രാജിന്റെ രാവുണ്ണിയുടെ പഴയകാല പെൺ സുഹൃത്തിനെ വാരണാസിയിൽ വച്ച് മാണിക്യൻ കണ്ടു മുട്ടുന്നതും ഇപ്പോഴത്തെ തേൻകുറിശിയിലെ അയാളുടെ പ്രവർത്തികളെക്കുറിച്ച് പറഞ്ഞു തീരുന്നിടത്ത് ഒടിയൻ മാണിക്യൻ തന്റെ ഭൂതകാലത്തിലേക്കും തേൻ കുറിശ്ശിയിലേക്കും മടങ്ങുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഫ്ലാഷ് ബാക്കുകളിലൂടെയാണ് ഒടിയൻ്റെ കഥാസഞ്ചാരം.

 

 

 

 

മോഹൻലാൽ ഒടിയൻ മാണിക്യനാകുമ്പോൾ പ്രകാശ് രാജ് ചിത്രത്തിലെ വില്ലൻ കഥാപാത്രമായ രാവുണ്ണിയെയും അവതരിപ്പിക്കുന്നു. നിരവധി ചിത്രങ്ങളിൽ പ്രകാശ് രാജ് നായകനെക്കാൾ അതിശക്തരായ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിലെ രാവുണ്ണി ഒട്ടും ബലമില്ലാത്ത ദുർബല കഥാപാത്രമായി പോയി. കൂടാതെ രാവുണ്ണിക്കായി നൽകിയ ശബ്ദവും ചിത്രത്തിന്ന ബാധ്യതയായെന്നത് പറയാതെ വയ്യാ. ഒടിയനിൽ പ്രഭയെന്ന കഥാപാത്രമായാണ് മഞ്ജുവാര്യർ എത്തുന്നത് . കുഴപ്പമില്ലാതെ കഥാപാത്രത്തോട് മഞ്ജു നീതി പുലർത്തിയെങ്കിലും ചിലയിടങ്ങളിൽ ഒട്ടും തൃപ്തി നൽകിയില്ല. പ്രഭയുടെ ഭർത്താവിൻ്റെ വേഷത്തിൽ എത്തിയ നരേൻ വെറുപ്പിക്കുകയായിരുന്നു. സനാ അൽത്തഫ്‌ അന്ധയായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മഞ്ജുവാര്യരുടെ സഹേദരി യുടെ വേഷം സന കുഴപ്പമില്ലാതെ ചെയ്തു. കൈലാഷ് സനയുടെ ഭർത്താവിന്റെ വേഷത്തിൽ നന്നായി തന്നെ അഭിനയിച്ചു. സിദ്ദിക്ക് , മനോജ് ജോഷി , സന്തോഷ് കീഴാറ്റൂർ, നന്ദു എന്നിവരും ചിത്രത്തിൽ അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയപ്പോൾ ഇന്നസെന്റ് വെറുപ്പിക്കുന്ന കാര്യത്തിൽ നരേന് ഒപ്പം മത്സരിക്കുന്നതായി തോന്നി. ശബ്ദസാന്നിധ്യമായി മമ്മൂട്ടിയും ചിത്രത്തിലുണ്ട്. ശ്രീജയ , അനീഷ് ജി മേനോൻ, ശ്രീയ എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

 

കോടികൾ മുടക്കി ഒരുക്കിയ ചിത്രമാണ് ഖ്യാതിയെങ്കിലും അതിൻ്റെ അതിഭീകര കാഴ്ചയൊന്നും കാണാനില്ല ചിത്രത്തിൽ . പ്രകാശ് രാജിൻ്റെ വില്ലൻ കഥാപാത്രം സ്ഥിരംക്ളീഷേയായി പോയി എന്നതും എടുത്ത് പറയേണ്ടതാണ്. ഒരു പുതുമുഖ സംവിധായകചിത്രത്തിന് അമിതപ്രതീക്ഷ എങ്ങനെ വിനയാകുന്നു എന്നതിൻ്റെ ചരിത്രശേഷിപ്പാകും ഒടിയൻ . ഒട്ടും ബലമില്ലാത്ത പ്രതിനായകനും നായകനും അങ്ങനെയാണ് മാണിക്യനും രാവുണ്ണിയും.

 

 

 

 

ഇരുവറിൽ കണ്ട മോഹൻലാൽ പ്രകാശ് രാജ് പ്രകടനമൊന്നും ഒടിയൻ നൽകില്ലെന്ന് ചുരുക്കം. ചിത്രത്തിൻ്റെ ട്രെയിലർ നൽകിയ അമിതപ്രതീക്ഷയാണ് പ്രേക്ഷകരെ തീയറ്ററിൽ നിരാശരാക്കുന്നതിൽ മറ്റൊരു പങ്ക് വഹിച്ച പ്രധാന ഘടകം. എം ജയചന്ദ്രൻ ഒരുക്കിയ പാട്ടുകൾ എല്ലാം മനോഹരമായിട്ടുണ്ട് .എന്നാൽ പീറ്റർ ഹെയിൻ ഒരുക്കിയ സംഘട്ടന രംഗങ്ങൾക്ക് ക്ലൈമാക്സ് ഒഴികെ ചിത്രത്തിൽ വലിയ പ്രാധാന്യമൊന്നും ഉള്ളതായി തോന്നിയില്ല.

 

 

 

 

തീയറ്ററിൽ ചിത്രം പരാജയമാകുമെന്ന ഭീതിയാണോ മുഴുവൻ ഇടങ്ങളിലും ചിത്രം റിലീസ് ചെയ്‌തത്‌ എന്നും സംശയമുണ്ടാകും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക്. ശ്രീകുമാർ മേനോൻ എന്ന ഇന്ത്യൻ പരസ്യ ചിത്ര മേഖലയിലെ അധികായൻമാരിൽ ഒരാൾ ഒരുക്കുന്ന ചിത്രം എന്ന നിലയിൽ ചിത്രത്തെ നന്നായി തന്നെ വാർത്തകളിൽ നിറച്ചുനിർത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ഒരു സിനിമ പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞ് ഒരുക്കാൻ സംവിധായകന് കഴിഞ്ഞില്ല എങ്കിൽ പിന്നെ എത്രകണ്ട് പരസ്യം നൽകിയാലും കാര്യമൊന്നുമില്ലെന്ന് ഒടിയൻ വരുംകാല പാഠമാക്കാം ഇനി . ആയിരം കോടിയിൽ ഒരുങ്ങുന്ന ‘രണ്ടാമൂഴം’ എന്ന സിനിമയ്ക്ക് മുന്നേയുള്ള ടെക്സ്റ്റ് ഡോസ് ആയിരുന്നു “ഒടിയൻ” എന്നാൽ ഇനി നേരത്തെ തന്നെ പ്രതിസന്ധിയിൽ ആയ ആ സിനിമ ശ്രീകുമാർ മേനോൻ ചെയ്യുമോ എന്നത് കണ്ട് തന്നെ അറിയാം . എന്തായാലും പ്രതീക്ഷകളുടെ അമിത ഭാരം ഇല്ലാതെ തീയറ്ററിൽ ചെന്നാൽ ഒരുതവണ കാണാം “ഒടിയൻ”.

 

 

 

 

 

 

 

 

 

 

You might also like