ഭ്രമാത്മകതയുടെ സൗന്ദര്യമുള്ള “ഓള്”. റിവ്യൂ വായിക്കാം.

0

ഓള് റിവ്യൂ: ധ്രുവൻ ദേവർമഠം

 

ഭ്രമാത്മകതയുടെ സൗന്ദര്യം ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം ഷാജി എൻ കരുണിന്റെ ഏറ്റവും പുതിയ ചിത്രമായ “ഓള്”നെ. സ്വപാനമെന്ന ചിത്രത്തിന് ശേഷം ഷാജി എൻ കരുൺ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഏറെക്കുറെ വടക്കേ മലബാറിന്റെ വാമൊഴി സംസാരിക്കുന്ന സാങ്കൽപ്പിക ഭൂമികയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ലിയോ ടോൾസ്റ്റോയിയുടെ അന്നാകരീനയിലെ വാചകങ്ങൾ എഴുതി കാണിച്ചു കൊണ്ടാണ് ചിത്രത്തിന് ആരംഭമാകുന്നത്.

 

 

നാടോടിയായ ഒരു പെൺകുട്ടിയെ കുറെ ആളുകൾ ചേർന്ന് കൊല്ലാകൊല ചെയ്തതിന് ശേഷം വള്ളത്തിൽ കൊണ്ട് വന്ന് കല്ല് കെട്ടി കായലിൽ താക്കുന്നിടത്താണ് ചിത്രത്തിന്റെ കഥാസഞ്ചാരം തുടങ്ങുന്നത്. മനോഹരമായ ദൃശ്യചാരുത കൊണ്ട് ചിത്രം കാഴ്ച്ചക്കാരന്റെ ഉള്ളം നിറയ്ക്കുന്നുണ്ട്. എം ജെ രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകൻ അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളിൽ ഒന്നായ ഓളിന്റെ കഥാഭൂമികയെ അത്രമേൽ മനോഹരമായി കാഴ്ച്ചക്കാർക്കായി പകർത്തി നൽകിയിട്ടുണ്ട്.

 

 

ഒരു നാടോടിക്കഥ പോലെയാണ് ഓളിന്റെ കഥാ സഞ്ചാരം. കായലിന് നടുവിലെ ദ്വീപും അവിടുത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രവും ആദ്വീപിലെ അന്തേവാസികളായ വാസുവും അവന്റെ ചേച്ചിയും അച്ഛനും മുത്തശ്ശനും അടങ്ങുന്ന കുടുംബവും. വാസുവിന്റെ കുടുംബം പാരമ്പര്യമായി പ്രേതഭൂതബാധകളെ ഒഴിപ്പിക്കുന്ന തൊഴിൽ ചെയ്യുന്ന കുടുംബമാണ് എന്നാൽ വാസു ആകട്ടെ അതിനോടൊന്നും ഒട്ടും താൽപര്യം ഇല്ലതെ ദ്വീപ് സന്ദർശിക്കാൻ വരുന്നവർക്കായി പ്രശ്സ്തരുടെ ചിത്രങ്ങൾ പകർത്തി വരച്ചുനൽകിയാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. നാട്ടുകാർ അവനെ പാമ്പ് വാസു എന്നാണ് വിളിക്കുന്നത്. ഒരിക്കലും അവൻ ഒരു നല്ല ചിത്രകാരനെ അല്ലെന്നാണ് അവൻ സ്വയം വിശ്വസിക്കുന്നത്.

 

 

 

രവിവർമ്മയെ പോലെ തനിക്കും മോഡലിനെയൊക്കെ ലഭിച്ചാൽ മനോഹരങ്ങളായ ചിത്രങ്ങൾ വരക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് അവൻ. ഷെയിൻ നിഗമാണ് ചിത്രത്തിൽ വാസു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷെയിൻ സ്ഥിരമായി ചെയ്തുവരുന്ന കഥാപാത്രങ്ങളെ പോലെ ഒന്നുകൂടി എന്ന പ്രത്യേകതമാത്രമേ ഉള്ളു. പൗർണ്ണമിയുള്ള രാത്രികളിൽ കായലിലൂടെ ചെറുവള്ളം തുഴഞ്ഞു നടക്കുന്ന അവൻ ഒരു പൗർണ്ണമി രാത്രിയിൽ കായലിന് നടുവിലെത്തുമ്പോൾ കൈതപ്പൂവിന്റെ സുഗന്ധം അനുഭവിക്കുന്നു. ഒപ്പം കായലിലെ ഓളങ്ങളുടെ ആഴങ്ങളിൽ നിന്ന് ഒരു പെൺകുട്ടിയുടെ സംസാരവും കേൾക്കുന്നു. തന്റെ മുത്തശ്ശി എപ്പോഴും കഥയായി പറയുന്ന ഓളുടെ ശബ്ദ്ധമാണെന്ന് അവൻ തിരിച്ചറിയുന്നു.

 

 

 

ഓള് എന്നാൽ അവൾ എന്നാണർത്ഥം. പതിയെ അവർ പരസ്പരം സംസാരിച്ചു തുടങ്ങുന്നു. കാണാതെ കേട്ടുകൊണ്ടു മാത്രമുള്ള പ്രണയം അവിടെ തുടങ്ങുന്നു. അവൾ അവന് മായ എന്നാണ് തന്റെ പേരെന്ന് പറഞ്ഞു കൊടുക്കുന്നു. കായലിനടിയിൽ ആമ്പൽ വള്ളികളാൽ ചുറ്റപ്പെട്ട നിലയിലാണ് മായ. പീഡിപ്പിച്ച നിലയിൽ കായലിൽ ഉപേക്ഷിക്കപ്പെട്ട പെണ്ണ് തന്നെയാണ് ഓള് (മായ). എസ്തർ അനിൽ ആണ് ചിത്രത്തിൽ ഓള് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ കൈയ്യടക്കത്തോടെ തന്നെ എസ്‌തർ തന്റെ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വരുംക്കാലത്ത് അഭിനയമികവ് കൊണ്ട് എസ്തർ കാഴ്ച്ചക്കാരെ ഞെട്ടിക്കുമെന്ന് അവരുടെ ഓളായുള്ള പ്രകടനം നമ്മോട് പറയുന്നുണ്ട്.

 

 

 

മായയുമായുള്ള വാസുവിന്റെ പ്രണയസംസാരങ്ങൾ അവനിലെ ചിത്രകാരന്റെ ഏറ്റവും മികച്ച സൃഷ്ടികളിലേക്ക് നയിക്കുന്നു അത് വാസു പണിക്കർ എന്ന നാട്ടിൻ പുറത്തു കാരന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. ചിത്രകാരനായി മുംബൈയിൽ എത്തുന്ന വാസുവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ കാരണം മായയുമായുള്ള പ്രണയനഷ്ട്ടത്തിലേക്കാണ് ചെന്നെത്തിക്കുന്നത്. അത് അവന്റെ പെയിന്റിങ്ങ് ലൈഫിനെതന്നെ ബാധിക്കുന്നു. തുടർന്ന് അവൻ സ്വന്തം തുരുത്തിലേക്ക് തന്നെ മടങ്ങാൻ നിർബന്ധിതനാക്കുന്നു.അത് അവന്റെ ഉള്ളിലെ ആത്മസംഘർഷങ്ങൾ കൂടാൻ കാരണമാകുന്നു. അവന്റെ ഉള്ളിലെ ഭ്രത്മാകലോകത്തെക്ക് അവന് മടങ്ങൻ കഴിയുമോ. മായ അവനിലെ ചിത്രകാരനെ വീണ്ടും ഉണർത്തുമോ എന്നുള്ളതാണ് ചിത്രത്തിന്റെ പ്രധാന പ്രേമേയ പശ്ചാത്തലം.

 

 

 

സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയിൽ ഏറ്റവും നന്നായി ഫിലോസഫിക്കലായ ഒരു സഞ്ചാരവഴിയാണ് ടി ഡി തന്റെ ആദ്യ തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കലാസംവിധാനമികവുണ്ടെങ്കിലും മിക്കപ്പോഴും ചിത്രത്തിന്റെ കഥ നടക്കുന്ന ഭൂമികയോട് ഒട്ടും ചേരുന്നതായി തോന്നിയില്ല ചിത്രത്തിനായി ഒരുക്കിയ സെറ്റുകൾ ഓരോന്നും ഒരു തരം മുഴച്ചു നിന്നതു പോലെ. കനി കുസൃതി, രാധിക , ഇന്ദ്രൻസ്, മായാമേനോൻ, കാഞ്ചന പുന്നശ്ശേരി, പി ശ്രീകുമാർ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എവി അനൂപാണ് ചിത്രത്തിന്റെ നിർമ്മാതാവ്. സാധാരണ പ്രേക്ഷകർക്ക് ചിത്രം ഇഷ്ട്ടപ്പെടുവാൻ സാധ്യത കുറവാണ്. സിനിമയെ ഗൗരവമായി കാണുന്നവർക്ക് ചിത്രത്തിന് ധൈര്യപൂർവ്വം ടിക്കറ്റ് എടുക്കാം.

 

 

You might also like