എന്താണ് The Right To Recall? ഇങ്ങനെയും ഒരു മുഖ്യ മന്ത്രിയോ ? ONE റിവ്യൂ വായിക്കാം

ആരാധകരുടെ പ്രതീക്ഷകളെ കൈവിടാതെ കടയ്ക്കല്‍ ചന്ദ്രനും കൂട്ടരും. നീണ്ട കാത്തിരിപ്പിനൊടുവില്‍ "വണ്‍" തിയേറ്ററില്‍ എത്തിയപ്പോള്‍..

സ്വന്തം നാട് നന്നായി കാണാന്‍ ആഗ്രഹിക്കുന്ന കടയ്ക്കല്‍ ചന്ദ്രനെ പോലൊരു നിസ്വാര്‍ത്ഥനായ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ചിത്രത്തിലെ ഹൈലൈറ്റ്.

0

വണ്‍ റിവ്യൂ: ചൈത്ര രാജ്

ആരാധകരുടെ പ്രതീക്ഷകളെ കൈവിടാതെ കടയ്ക്കല്‍ ചന്ദ്രനും കൂട്ടരും. നീണ്ട കാത്തിരിപ്പിനൊടുവില്‍ “വണ്‍” തിയേറ്ററില്‍ എത്തിയപ്പോള്‍ കാണികളും സന്തോഷത്തിലാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ ചര്‍ച്ചകളുമായി കാലികപ്രസക്തിയോട് കൂടിയാണ് വണ്‍ തിയേറ്ററുകളിലെത്തിയത്. പൊളിറ്റിക്കല്‍ ഡ്രാമ ചിത്രമെന്ന വിശേഷണത്തോട് കൂടി പുറത്തിറങ്ങിയ വണ്‍ സംവിധായകന്‍ സന്തോഷ് വിശ്വനാഥന്റെ കരിയറിലെ ആദ്യ ഹിറ്റ് പട്ടികയില്‍ ഇടം നേടാന്‍ യോഗ്യതയുള്ള ചിത്രമായി മാറിക്കഴിഞ്ഞു.

സ്വന്തം നാട് നന്നായി കാണാന്‍ ആഗ്രഹിക്കുന്ന കടയ്ക്കല്‍ ചന്ദ്രനെ പോലൊരു നിസ്വാര്‍ത്ഥനായ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ചിത്രത്തിലെ ഹൈലൈറ്റ്. ചില വൈകാരിക കുടുംബ പശ്ചാത്തലവും രാഷ്ട്രീയത്തിനൊപ്പം ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയോളം സ്‌ക്രീന്‍ സ്‌പെയ്‌സ് നേടാന്‍ ആര്‍ക്കും തന്നെ കഴിഞ്ഞില്ല. ജീവിതത്തിലെ ആദര്‍ശങ്ങളും ആശയങ്ങളും അതുപോലെ രാഷ്ട്രീയ ജീവിതത്തിലും നടപ്പിലാക്കുന്ന വ്യക്തിത്വത്തിനുടമയായ കടയ്ക്കല്‍ ചന്ദ്രന്‍, ജനങ്ങള്‍ക്കായി രാഷ്ട്രീയ കുപ്പായമണിഞ്ഞത് ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട 33 വര്‍ഷമാണ്.

ഭരണപക്ഷം പോലും തനിക്കെതിരെ നിന്നാലും അതിനെയെല്ലാം ഒറ്റയ്ക്ക് നേരിടാനുള്ള ചങ്കുറപ്പും ചങ്കൂറ്റവും കടയ്ക്കല്‍ ചന്ദ്രനുണ്ടെന്ന് അദ്ദേഹം തന്നെ തെളിയിച്ചു. കടയ്ക്കല്‍ ചന്ദ്രനെ പോലൊരു മുഖ്യമന്ത്രിയെയാണ് നമ്മളില്‍ പലരും ആഗ്രഹിച്ച് പോകുന്നത്. ഇതിനിടെ മുഖ്യമന്ത്രിയെ താഴെയിറക്കാനുള്ള പ്രതിപക്ഷനേതാവിന്റെയും കൂട്ടാളികളുടെയും തന്ത്രങ്ങള്‍ക്ക് മുന്നില്‍ കടയ്ക്കല്‍ ചന്ദ്രന്‍ കാലിടറാതെ തന്നെ നില്‍ക്കുന്നതും കാണാം. മുഖ്യമന്ത്രിക്കെതിരെ ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ ആയുധ പ്രയോഗം പ്രതിപക്ഷത്തിന് ഗുണം ചെയ്യുമെങ്കിലും മുഖ്യമന്ത്രി അതിനെയെല്ലാം ആത്മവിശ്വാസത്തോടെ അനായാസമായി അദ്ദേഹം നേരിടുന്നുണ്ട്. “The Right To Recall” എന്ന ആശയം കൂടി സിനിമ പ്രേക്ഷകർക്ക് പകർന്ന് നൽകിയിട്ടുണ്ട്.

മമ്മൂട്ടി എന്ന മെഗാ താരത്തിന്റെ വൺ മാൻ ഷോ തന്നെയാണ് വൺ എന്ന സിനിമ. കടയ്ക്കൽ ചന്ദ്രൻ എന്ന വേഷം മമ്മൂട്ടി കയ്യടക്കത്തോടെ ചെയ്തു ഫലിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ അഭിനേതാക്കളുടെ ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു വണ്‍. പ്രതിപക്ഷനേതാവ് ജയനന്ദനായി മുരളി ഗോപിയും,ബേബിയായി ജോജുവും, ദാസപ്പനായി സലിംകുമാറും, സനലായി മാത്യുവിന്റെയും തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ഗംഭീരപ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കൂടാതെ മധു, സിദ്ദിഖ്, ജഗദീഷ്, ബാലചന്ദ്ര മോനോന്‍, രഞ്ജിത്ത്, മാമൂക്കോയ, പ്രേം കുമാര്‍, കൃഷ്ണകുമാര്‍, ഇഷാനി, നിശാന്ത് സാഗര്‍, സുധീര്‍ കരമന, വിവേക് ഗോപന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, നന്ദു, അലന്‍സിയര്‍, ദിനേശ് പണിക്കര്‍, മുകുന്ദന്‍, നേഹ റോസ്, പി ബാലചന്ദ്രന്‍, നിമിഷ സജയൻ തുടങ്ങിയ താരനിര കൂടിയായപ്പോൾ പ്രേക്ഷകർക്ക് ദൃശ്യ മികവ് നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ബോബി-സഞ്ജയ് ടീമിന്റെ രചനാ വൈഭവവും വൈദി സോമസുന്ദരത്തിന്റെ ക്യാമറയും നിഷാദ് യൂസഫിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ റേറ്റിംഗ് കൂടാന്‍ കാരണമായ മറ്റ് ഘടകങ്ങളാണ്. എന്നാൽ വൺ എന്ന സിനിമയുടെ ഏറ്റവും മികച്ച ഘടകമായി കുറിക്കാൻ പറ്റുന്നത് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം തന്നെയാണ്.

ഇതുവരെ കണ്ടുശീലിച്ച രാഷ്ട്രീയ സിനിമകളില്‍ നിന്നും ഏറെ വേറിട്ട് നില്‍ക്കുന്ന വണ്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തും എന്നത് തീര്‍ച്ച. അതുകൊണ്ട് തന്നെ മുന്‍വിധികളൊന്നും കൂടാതെ വണ്‍ കാണാന്‍ കുടുംബസമേതം ധൈര്യമായി ടിക്കറ്റെടുക്കാം; കാരണം കടയ്ക്കൽ ചന്ദ്രനെ പോലെയൊരു മുഖ്യമന്ത്രിയെ കേരളം ആഗ്രഹിക്കുന്നു.

You might also like