ഓപ്പറേഷൻ മികവിൽ ജാവ പവർഫുൾ. റിവ്യൂ വായിക്കാം.

സൂപ്പർ താരങ്ങളെ ഒന്നും ഉൾപ്പെടുത്താതെ കഥാപാത്രങ്ങളുടെ സ്വഭാവത്തിനു ചേർന്ന അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും ചിത്രം വിജയിച്ചു

നിങ്ങളുടെ ഫേസ്‌ബുക്ക് ആരോ ഹാക്ക് ചെയ്യാൻ ശ്രമിച്ചു, നിങ്ങളുടെ മെയിലിൽ ഒരു കോഡ് വന്നിട്ടുണ്ട് അത് പറയാമോ?,

0

ഓപ്പറേഷൻ ജാവ റിവ്യൂ: ജനദേവൻ

നിങ്ങളുടെ ഫേസ്‌ബുക്ക് ആരോ ഹാക്ക് ചെയ്യാൻ ശ്രമിച്ചു, നിങ്ങളുടെ മെയിലിൽ ഒരു കോഡ് വന്നിട്ടുണ്ട് അത് പറയാമോ?, സർ താങ്കളുടെ കാർഡ് വാലിഡിറ്റി തീർന്നു, ഇപ്പോൾ ഫോണിലേക്ക് വന്ന ഒടിപി നമ്പർ പറയാമോ?, കണ്ടു ആയിരം രണ്ടായിരം രൂപക്ക് ഐഫോൺ ലഭിക്കും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ കാശ് അടക്കൂ..തുടങ്ങിയ ഒടിപി ഹാക്കിങ് തട്ടിപ്പുകൾ കൊണ്ട് ലക്ഷങ്ങൾ പോയവർ നമുക്ക് ചുറ്റും കാണാം ചിലപ്പോൾ അത് നിങ്ങൾ തന്നെയാകാം. “ഓപ്പറേഷൻ ജാവ” എന്ന സിനിമ പറയുന്നതും ഇത്തരം സൈബർ കുറ്റങ്ങളുടെ കഥയാണ്.

കഥയിലും അവതരണത്തിലും മികവ് കാണിക്കുന്ന ഓപ്പറേഷൻ ജാവ ത്രില്ലർ ജോണറിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. ട്രെന്‍ഡിങ് ആയ ട്രെയിലര്‍ കണ്ടു തിയറ്ററിലെത്തുന്ന പ്രേക്ഷകനെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല എന്നത് സാരം. നവാഗതനായ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനവും, ബിജിഎം- എഡിറ്റിംഗ് തുടങ്ങിയ സാങ്കേതിക തികവും തന്നെയാണ് ഈ ഓപ്പറേഷന്‍ വിജയത്തിലേക്ക് എത്തിക്കുന്നത്. തിരക്കഥയിലെ ചില പോരായ്മകൾ ഒഴിവാക്കിയാൽ ത്രില്ലർ സിനിമ പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ഒരു പരീക്ഷണ ചിത്രം തന്നെയാണ് ഓപ്പറേഷൻ ജാവ.

ദിവസവും വാർത്തകളിൽ സൈബർ കുറ്റങ്ങൾ എന്ന് കേൾകുന്നതല്ലാതെ അത് എന്താണെന്നും എങ്ങനെയാണ് കുറ്റവാളികളെ പിടികൂടുന്നത് എന്നും സാധാരക്കാർക്ക് പലർക്കും അറിയില്ല; എന്നാൽ ഇതിലേക്കുള്ള യാഥാർഥ്യമായി വീക്ഷണമാണ് ഓപ്പറേഷൻ ജാവയുടെ കഥാസഞ്ചാരം. ബിടെക്ക് പഠനം കഴിഞ്ഞ് ജോലിയില്ലാതെ നടക്കുന്ന വിനയദാസനും ആന്റണിയുമാണ് ഓപ്പറേഷൻ ജാവയിലെ മുഖ്യ കഥാപാത്രങ്ങൾ. 2015ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ‘പ്രേമം’ സിനിമയുടെ സെൻസർ കോപ്പി ചോർന്ന വിവാദത്തിൽ കേരള സൈബർ പോലീസിനെ സഹായിക്കുന്ന നിർണായ തെളിവു നൽകുന്നതോടെ വിനയദാസനും ആന്റണിയും മുഖ്യധാരയിൽ എത്തുന്നത്. അവിടെ നിന്നും തുടങ്ങുന്ന അന്വേഷണകഥ പിന്നീട് ഓൺലൈൻ തട്ടിപ്പ്, വ്യക്തി വിവര ചോർത്തലുകൾ, വിദേശത്ത് ജോലി തട്ടിപ്പ്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി കേസുകളിലൂടെ സഞ്ചരിക്കുന്നു. ഈ കുറ്റകൃത്യങ്ങളില്‍ സൈബർസെല്ലിന്റെ അന്വേഷണ രീതിയും പ്രവൃത്തികളുമാണ് “ഓപ്പറേഷൻ ജാവ” എന്ന സിനിമയിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

സൂപ്പർ താരങ്ങളെ ഒന്നും ഉൾപ്പെടുത്താതെ കഥാപാത്രങ്ങളുടെ സ്വഭാവത്തിനു ചേർന്ന അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും ചിത്രം വിജയിച്ചു എന്നുതന്നെ പറയാം. കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിച്ച ബാലു വര്‍ഗീസ്, ലുക്ക്മാന്‍ എന്നിവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങൾ തന്നെയാണ് വിനയദാസ്, ആന്റണി എന്നീ റോളുകൾ. ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദീപക് വിജയന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് സിനിമയിലെ മറ്റ് മുൻനിര താരങ്ങൾ. ദിനേശ് പ്രഭാകർ, ജോണി ആന്റണി, ധന്യ അനന്യ, വിനീത കോശി, പി ബാലചന്ദ്രന്‍, മമിത ബൈജു, റിതു മന്ത്ര എന്നിവരും സിനിമയിൽ കടന്ന് പോകുന്നുണ്ട്.

ജെയ്ക്‌സ് ബിജോയ് പാട്ടിലും പശ്ചാത്തല സംഗീതത്തിലും മികവ് പുലര്‍ത്തുന്നുണ്ട്. ഫയിസ് സിദ്ധിഖിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ ചിത്രസംയോജനവും വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരുടെ സൗണ്ട് ഡിസൈനിങും ഓപ്പേറേഷന്‍ ജാവയ്ക്കു മികച്ച സാങ്കേതിക പിന്തുണ നല്‍കുന്നു.

തിയേറ്റുറുകളിൽ വീണുലഞ്ഞു കിടക്കുന്ന മലയാള സിനിമയെ തിരിച്ചു കൊണ്ടുവരാനുള്ള ഓപ്പറേഷനിൽ ഈ ചിത്രം വിജയിക്കുമോ എന്ന് വരും ദിനങ്ങളിൽ കണ്ടറിയാം. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഓപ്പറേഷൻ ജാവ രസകരമാണ്.

 

You might also like