ഓർമ്മയിൽ നിൽക്കില്ല ഈ “ഓർമ്മയിൽ ഒരു ശിശിരം”.

0

ഓർമ്മയിൽ ഒരു ശിശിരം റിവ്യൂ: ധ്രുവൻ ദേവർമഠം

 

ഓർമ്മയിൽ പോലും നിൽക്കാത്ത ശിശിരം അങ്ങനെ വിശേഷിപ്പിക്കാം നവാഗതനായ വിവേക് ആര്യൻ സംവിധാനം ചെയ്ത ആദ്യ സിനിമ സംരംഭത്തെ. മികച്ച രീതിയിൽ കഥ പറയാനുള്ള പശ്ചാത്തലം ഉണ്ടായിട്ടും അതിൽ വിജയം വരിക്കാൻ പറ്റാതെ പോയതാണ് ചിത്രത്തെ പ്രേക്ഷകരുടെ ഉള്ളിലേക്ക് എത്തിക്കുന്നതിൽ പരാജയമായി തീർന്നത്.

 

 

 

പ്ലസ്ടു കാലത്തെ കഥ പറഞ്ഞെത്തിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ കണ്ട പ്രേക്ഷകർ ഈ ചിത്രത്തിനായി എത്തിയാൽ പാതി വഴിയിൽ തീയറ്റർ വിടുമെന്ന കാര്യം ഉറപ്പാണ്. അത്രയ്ക്കും അരോജകമാകുന്നുണ്ട് ചില നേരങ്ങളിലെല്ലാം സിനിമ.

 

 

കണ്ണൂരിന്റെ ഭൂമികയിൽ കഥ പറയുന്ന സിനിമയാണ് ഓർമ്മയിൽ ഒരു ശിശിരം എന്നാൽ സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ മിക്കപ്പോഴും കണ്ണൂർ ഭാഷയല്ല സംസാരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ സിനിമ കാണുന്നവർക്ക് ഏറ്റവും അരോജകമാകുന്നത് ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷങ്ങളാണ്. നാടകീയത ഏറി നിൽക്കുന്നതാണ് ചിത്രത്തിലെ സംഭാഷങ്ങൾ ഒക്കെയും.

 

 

നവാഗതരുടെ സിനിമ പ്രദർശനത്തിന് എത്തുമ്പോൾ പ്രതീക്ഷകളോടെയാണ് ടിക്കറ്റ് എടുക്കാറുള്ളത്.അതു പോലെ തന്നെയാണ് ഇതിന് ടിക്കറ്റ് എടുത്തതും എന്നാൽ സംവിധായകനും ചിത്രത്തിന്റെ രചയിതാക്കൾക്കും അതൊന്നും കാത്തു സൂക്ഷിക്കാനായില്ല എന്നതാണ് തീയറ്ററിൽ നിന്നും മനസ്സിലാക്കാൻ കഴിയുക.

 

 

 

നിതിൻ എന്ന പുതുമുഖ സംവിധായകനായാണ് ചിത്രത്തിൽ ദീപക് അഭിനയിക്കുന്നത്. അയാളുടെ സിനിമാ കാഴ്ച്ചയോടെയാണ് ചിത്രത്തിന്റെ ആരംഭം. ആദ്യമായി ക്ലാസ് കട്ട് ചെയ്ത് അയാൾ കാണുന്ന സിനിമ നരസിംഹമാണ്. സ്കൂളിൽ നിന്ന് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്ന അവനെ വീട്ടിൽ എത്തുമ്പോൾ അച്ഛൻ പൊതിരെ തല്ലുന്നു. എന്നാലും അവൻ സിനിമയോടുള്ള ഇഷ്ട്ടം കൈവിടുന്നില്ല. ടൈറ്റിലുകൾക്ക് ശേഷം ചിത്രത്തിൽ നിധിനെ കാണിക്കുന്നത് തന്റെ ഗുരുവായ ജിത്തു ജോസഫിന്റെ സിനിമാലൊക്കേഷനിലാണ് തന്റെ ആദ്യ സിനിമയെ പറ്റി സംസാരിച്ചു മടങ്ങുന്ന നിതിൻ ചിത്രത്തിന്റെ പാട്ടു പാടാനായി തിരഞ്ഞെടുത്ത പുതിയ വോയിസ് കേൾക്കുന്നു. അത് അവനൊപ്പം പ്ലസ്ടു വിന് പടിച്ച പ്രണയിനി വർഷയുടെ താണെന്ന് തിരിച്ചറിയുന്നു തുടർന്ന് അവൻ അവന്റെ ഓർമ്മകൾ പ്രേക്ഷകരെ അവന്റെ പ്ലസ്ടു കാലത്തേക്ക് കൂട്ടികൊണ്ടു പോകുകയാണ് സിനിമ.

 

 

 

 

ചിത്രത്തിൽ നായകനും നായികയും കണ്ടുമുട്ടുന്നതു പോലും ക്ലീഷേയായ രംഗത്തോടെയാണ്. പ്ലസ്ടുവിന് ചേരുന്ന നായകൻ മഴനനഞ്ഞ് സൈക്കിളിൽ വരുന്ന നായിക. മലയാളത്തിലെ കാൽപ്പനിക സങ്കൽപ്പമായ ക്ലാര എഴുത്തുകാരുടെയും സംവിധായകന്റെയും മനസ്സിൽ കിടക്കുന്നതായാണ് ആ രംഗം കണ്ടപ്പോൾ തോന്നിയത്. ഫിലോസഫി പറയുന്ന പെൺകുട്ടികൾക്ക് ഫ്രിഡം കൊടുക്കുന്ന നായികയുടെ അച്ഛൻ പറയാൻ ശ്രമിച്ചിട്ടും പറയാൻ പറ്റാതെ പോകുന്ന പ്രണയം ആകെ മൊത്തം ക്ലീഷേമയം. എത്ര ക്ലീഷേയാണെങ്കിലും ചേരുവകൾ കൃത്യമായി ചേർക്കുന്നിടത്താണ് എഴുത്തും സംവിധാനവും വിജയിക്കുകയുള്ളു അത് മനസ്സിലാക്കുന്നതിൽ അണിയറ പ്രവർത്തകർ പരാജയപ്പെട്ടു പോയി. ചിത്രത്തിൽ തിരക്കഥക്കും സംഭാഷണങ്ങൾക്കും ശേഷം ഏറ്റവും മോശമായി തീർന്നത് അതിന്റെ കാസ്റ്റിങ്ങാണ്. പ്ലസ്ടുകാരനായി അഭിനയിക്കുന്ന നായകനും അവന്റെ കൂട്ടുകാരും ശരീരഭാഷയിലും അപ്പിയറൻസിലും പി.ജിക്ക് പഠിക്കുന്നവരായാണ് അനുഭവപ്പെടുന്നത്.

 

 

 

സ്ഥിരം കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തത ലഭിച്ചെങ്കിലും ദീപകിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ഓർമ്മയിൽ ഒരു ശിശിരത്തിൽ നിതിൻ എന്ന് പറയാനാവില്ല. ദീപക് പറമ്പോലിന്റെ നായികയായി എത്തിയത് പുതുമുഖം അനശ്വര പൊന്നമ്പത്ത് ആണ്. ചിത്രത്തിലെ താരങ്ങളിൽ അൽപ്പമെങ്കിലും അഭിനയം കാഴ്ച്ചവച്ചത് വർഷ എന്ന നായികാ കഥാപാത്രമായി അഭിനയിച്ച അനശ്വരയാണ്. നല്ല സംവിധായകരും കഥാപാത്രങ്ങളും കിട്ടിയാൽ അവർ മികച്ച അഭിനയം കാഴ്ച്ചവയ്ക്കുമെന്ന് ഉറപ്പാണ് . ഇർഷാദിനെ പോലെ കഴിവുള്ള താരത്തെ ഒരുമിനുട്ടിൽ ഒതുങ്ങുന്ന കഥാപാത്രമാക്കി നിർത്തിയതിൽ അത്ഭുതം തോന്നി. എൽദോ മാത്യു, ജെയിംസ് സാം, എന്നിങ്ങനെ യുവനടൻമാരോടൊപ്പം അശോകൻ, മാല പാർവതി, സുധീർ കരമന, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.

 

 

 

 

സാങ്കേതിക വശങ്ങളിൽ ആശ്വാസമായി തോന്നിയത് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഛായഗ്രഹണവുമാണ്. ആദ്യ പ്രണയം , പ്രണയ വിരഹം , സൗഹൃദം , കുടുംബം , അഭിനിവേശം ഇതൊക്കെയാണ് കഥയിൽ ഉദ്ദേശിച്ചതെങ്കിലും ഇതൊന്നും സിനിമയിൽ കാണാൻ ആയില്ലെന്നതാണ് വാസ്തവം. ചുരുക്കി പറഞ്ഞാൽ രണ്ട് മണിക്കൂർ പത്ത്മിനുറ്റ് പ്രേക്ഷകരെ തീയറ്ററിൽ ക്ഷമ പരിശീലിപ്പിക്കുകയാണ് ഈ ചിത്രം.

 

 

You might also like