ഇതു ഒരു അഡാറ് ദുരന്ത പ്രണയം….

0

ഒരു അഡാര്‍ ലവ് റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

“ഒരു അഡാറ് ലവ്” ഓൺലൈൻ വിപ്ലവം മാത്രം. മലയാളത്തിൽ റിലീസിന് മുൻപേ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ഒമർ ലുലുവിന്റെ മൂന്നാം സംവിധാന സംരംഭമായ ‘ഒരു അഡാറ് ലവ്’ . ഇന്ന് സിനിമ തീയറ്ററിൽ എത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ടിക്കറ്റ് എടുത്തത്. എന്നാൽ തൊണ്ണൂറ് രണ്ടായിരം കാലഘട്ടങ്ങളിൽ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി കണ്ട് ശീലിച്ച പ്രണയ ചിത്രങ്ങളുടെ തനിയാവർത്തനം മാത്രമാകുന്നു. സംവിധായകന്റെ ആദ്യ രണ്ട് സിനിമകളും ഭേദപ്പെട്ടവയായിരുന്നെങ്കിലും ഇത് ഒട്ടും തന്നെ നന്നായിത്തോന്നിയില്ല.

 

 

 

 

 

 

പ്രീയ വാര്യർ അഭിനയം എന്നത് പുരികം പൊക്കികളിയല്ല എന്ന് മനസ്സിലാക്കും സിനിമ തീയറ്ററിൽ പ്രേക്ഷകർക്ക് ഒപ്പം കണ്ടാൽ എന്ന് കരുതുന്നു. എല്ലാ വികാരങ്ങൾക്കും മുഖത്ത് ഒരേ ഭാവം മാത്രമാണ് നടി നൽകുന്നത് . നൂറിൻ ഷെരീഫ് , റോഷൻ അബ്ദുൽ റഹൂഫ് എന്നിവർ കഥയുടെ ബലമില്ലായിമയിലും അവർക്ക് ലഭിച്ച മുഖ്യ കഥാപാത്രങ്ങളെ നന്നായി തന്നെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് . നൂറിൻ എന്ന താരം തനിക്ക് ഇനിയും ഏറെ ചെയ്യാൻ ആകുമെന്ന തരത്തിലുള്ള പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവച്ചിരിക്കുന്നത്.

 

 

 

 

 

 

 

ചിത്രത്തിന്റെ കഥ തുടങ്ങുന്നത് ഡോൺ ബോസ്‌കോ ഹയർ സെക്കണ്ടറി സ്കൂളിന്റെ പശ്ചാത്തലത്തിൽ ആണ്. അവിടെ പ്ലസ് വൺ പഠിക്കാൻ എത്തുന്നവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ ആയ റോഷൻ , പ്രീയ , ഗാഥാ (നൂറിൻ) , മാത്യൂസ് , പവനൻ ,സന തുടങ്ങിയവർ. ഇവരുടെ ഇടയിലെ സൗഹൃദവും പ്രണയ രംഗങ്ങളുമായാണ് സിനിമയുടെ ആദ്യ പകുതി മുന്നേറുന്നത്. സ്വഭാവികമായി റോഷൻ പ്രിയയുമായി പ്രണയത്തിൽ ആകുന്നു. പ്രണയം മുന്നേറുന്നതിന് ഇടയിൽ സ്കൂളിൽ നടക്കുന്ന ഒരു പ്രശ്നത്തെ തുടർന്ന് ഇരുവരുടെയും ബ്രെയ്ക്കപ്പിലാണ് സിനിമ ഇടവേളയിലേക്ക് പോകുന്നത്.

 

 

 

 

 

 

 

 

തുടർന്ന് പ്രശ്‌ന പരിഹാരത്തിനായി കൂട്ടുകാർ ഗാഥയോടും റോഷനോടും പരസ്‍പരം പ്രണയം അഭിനയിക്കാൻ പറയുന്നു. അതു കണ്ടു പ്രിയ തിരിച്ചു വരികയുംഎന്നാൽ ഗാഥയോടുള്ള റോഷന്റെ അഭിനയ പ്രണയം യാഥാർഥ്യമാവുകയും ചെയ്യുന്നു. അതിനെതുടർന്ന് പ്രീയയുമായുള്ള ബന്ധം റോഷൻ നിരസിക്കുകയുമാണ് ചെയ്യുന്നത്. പിന്നീട് ക്ലൈമാക്സ് രംഗത്തിനായി കുത്തിനിറച്ച സംഭവങ്ങളും ഒടുവിൽ എങ്ങനെയും സിനിമ തീർക്കുക എന്ന സംവിധായകന്റെ പാകപ്പിഴയും കൂടിയായപ്പോൾ തികച്ചും ഒരു പൈങ്കിളി പ്രണയകഥയായി സമാപ്പിച്ചു.

 

 

 

 

 

 

കലാഭവൻ മണിയുടെ ഹിറ്റ് ഗാനങ്ങളും, ഇപ്പോഴത്തെ സിനിമകളിലെ സ്ഥിരം മോഹൻലാൽ മമ്മൂട്ടി റഫറൻസുകളും, പ്രളയക്കെടുതിയിൽ കേരള ജനതയെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾ എന്നിവ തുടങ്ങിയ ഘടകങ്ങൾ തീയറ്ററിൽ കയ്യടി നേടാൻ വേണ്ടി മാത്രം ചിത്രത്തിൽ തുന്നിചേർത്തിട്ടുണ്ട്.

 

 

 

 

 

 

 

 

അരുൺ , വിഷ്ണു ,ശിവജി ഗുരുവായൂർ ,അനീഷ് ജി മേനോൻ, കോട്ടയം പ്രദീപ്, വൈശാഖ് പവനൻ, സിയാദ് , റോഷ്ന ആൻ റോയ്, മിഷേൽ ഡാനിയൽ, അൽത്താഫ് സലിം തുടങ്ങിയവർ സ്കൂളിലെ പ്രവർത്തകരായി അഭിനയിക്കുന്നു. ഹരീഷ് കണാരന്റെ പി ടി സാറിന്റെ കഥാപാത്രമാണ് ചിത്രത്തിലെ ഒരു മുഖ്യ ആശ്വാസ ഘടകം. അതിഥി താരങ്ങളായി എത്തിയ സിദ്ധിക്ക് പോലീസ് വേഷത്തിലും സലിം കുമാർ മീൻ കച്ചവടക്കാരൻ മണവാളൻ ആയും കൈയടി നേടുന്നുണ്ട്.

 

 

 

 

 

 

 

ഷാൻ റഹ്മാൻ സംഗീതം ഒരുക്കിയ രണ്ട് പാട്ടുകൾ (മാണിക്യമലരായ പൂവി.., ഫ്രീക്ക് പെണ്ണെ.. ) ഒഴിച്ച് ബാക്കിയെല്ലാം അരോചകമായി തോന്നി. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ശരാശരിക്ക് താഴെ മാത്രമാണ് നിൽക്കുന്നത്.

 

 

 

 

 

 

 

ഒരു പത്ത് മിനിറ്റ് ഷോർട്ട് ഫിലിമിന് യോജ്യമായ കഥയെ വലിച്ചു നീട്ടി വികലമായി അവതരിപ്പിച്ചു പ്രേക്ഷകനെ കൊണ്ട് പ്രണയദിനത്തിൽ തന്നെ പ്രേക്ഷകരെ പറ്റിക്കുന്ന പ്രണയ സിനിമയുമായി എത്തിയ സംവിധായകൻ സത്യത്തിൽ ഒരു അഡാറ് ദുരന്തമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

 

 

 

 

 

 

 

 

You might also like