“ഒരു കടത്ത് നാടൻ കഥ” വെറും തട്ടിക്കൂട്ട് കഥ – റിവ്യൂ .

0

ഒരു കടത്ത് നാടൻ കഥ റിവ്യൂ: ധ്രുവൻ ദേവർമഠം

 

പല കാലങ്ങളിൽ പറഞ്ഞും കണ്ടും മടുത്ത കഥയുടെ മടുപ്പിക്കുന്ന ആവർത്തനം മാത്രമാണ് ചിത്രസംയോജകനായ സാജൻ പീറ്റർ ആദ്യമായി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവ്വഹിച്ച “ഒരു കടത്ത് നാടൻ കഥ” എന്ന ചിത്രം. ഷഹീൻ സിദ്ദീഖ് ആദ്യമായി നായകനായി മുഴുനീള വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന് .

 

 

 

കുഴൽ പണക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഒരു ത്രില്ലർ സിനിമയ്ക്കായുള്ള എല്ലാ വിധ ചേരുവകൾ ഉണ്ടെങ്കിലും കൃത്യമായി അത് ഉപയോഗിക്കുന്നതിൽ സംവിധായകന് സംഭവിച്ച പിഴവാണ് ചിത്രത്തിന് തിരിച്ചടിയാകുന്നത്. നായകനായി ഷഹിൻ തന്റെ വേഷം മോശമല്ലാതെ തന്നെ ചെയ്തതും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിന്റെ എടുത്തു പറയാവുന്ന മേൻമകൾ. കോമഡി താരങ്ങൾ ഒട്ടെ ഏറെ ഉണ്ടെങ്കിലും അവർക്കായി സംവിധായകൻ ഒരുക്കിയ കോമഡി രംഗങ്ങൾ ഒന്നും തന്നെ വേണ്ട വിധം ചിരിയുണർത്തുവാനോ പ്രത്യേകിച്ച് ഒരു ഗുണമോ ചിത്രത്തിന് നൽകുന്നില്ല.

 

 

 

ബാബയെന്ന അധോലോക നായകൻ തന്നെ ചതിച്ച കൂട്ടാളിയെ തല്ലിക്കൊല്ലുന്ന രംഗത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. അയാൾ കള്ളനോട്ടും കള്ളപ്പണവും ആവശ്യക്കാരിലേക്ക് എത്തിക്കുന്ന അധോലോക നായകനാണ്. അയാളുടെ കള്ളനോട്ട് കൊച്ചിയിൽ നിന്ന് കോഴിക്കോട് എത്തിക്കുന്ന ദൗത്ത്യവുമായി ഷഹീൻ അവതരിപ്പിക്കുന്ന ഷാനു എന്ന കഥാപാത്രം വരുന്നിടത്തു നിന്നാണ് ടൈറ്റിലുകൾക്ക് ശേഷം കഥ തുടരുന്നത് . അപകടത്തിൽപ്പെട്ട് തലയിൽ ബ്ലഡ്കോട്ടായതിനെ തുടർന്ന് ഉമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുവാനാണ് ഇഷ്ട്ടമല്ലെങ്കിലും സുഹൃത്തിന്റെ സഹായത്തോടു കൂടി ബാബ ഏൽപ്പിക്കുന്ന കള്ളപണവുമായി അയാൾ പോകുവാൻ തയ്യാറാകുന്നത്. എന്നാൽ ഷാനുവിനെ പത്ത് ഡീലുകൾ നടത്തി കഴിഞ്ഞതിന് ശേഷം പതിനൊന്നാമത്തെ ഡീലിൽ അറവുമാടാക്കുവാനാണ് അയക്കുന്നത്.

 

 

 

എന്നാൽ ഷാനു കോഴിക്കോട് എത്തി ഡീലിനായി പുറപ്പെടുമ്പോൾ ഓട്ടോയിൽ വച്ച് അയാൾക്ക് ബാബയുടെ ആളുകൾ നൽകിയ ഫോൺ നഷ്ട്ടമാകുന്നു. തുടർന്ന് അയാൾക്ക് കാത്തിരിക്കുന്ന ആളുകളെ കണ്ടെത്താൻ കഴിയുന്നില്ല തുടർന്ന് ബാബയും കൂട്ടാളികളും ഷാനു ചതിച്ചതായി കരുതി അവനെ ജീവനോടെ പിടികൂടുവാനായി കൊച്ചിയിൽ നിന്ന് കോഴിക്കോടിന് വരുന്നു. അതിനിടയിൽ പണവുമായി എത്തുന്ന ഷാനുവിന്റെ കൈയ്യിൽ നിന്ന് അത് തട്ടിയെടുക്കുവാൻ കോഴിക്കോടുള്ള ലോക്കൽ ടീമും ശ്രമിക്കുന്നു. അവരിൽ നിന്നും ബാബയിൽ നിന്നും രക്ഷനേടി ഷാനുവിന് തിരിച്ച് പോകാൻ കഴിയുമോ എന്നിടത്താണ് ചിത്രം പ്രേക്ഷകരെ ആകാംഷയിലേക്ക് എത്തിക്കുന്നത്.

 

 

 

എന്നാൽ ത്രില്ലടിപ്പിക്കുവാനുള്ള എല്ലാ സാധ്യതകൾ ഉണ്ടായിട്ടും തിരക്കഥയിലെയും സംവിധാനത്തിലെയും പോരായ്‌മകൾ കൊണ്ട് അത്തരത്തിൽ ഒട്ടും തന്നെ ഫീൽ നൽകാൻ സംവിധായകനും കൂട്ടർക്കും സാധിക്കുന്നില്ല എന്നതാണ് സത്യം. ഒട്ടെറെ ഹാസ്യതാരങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും അവരെല്ലാം ചേർന്ന് ഒരുക്കുന്ന ഹാസ്യ രംഗങ്ങൾ പ്രേക്ഷകരെ ഇക്കിളിപ്പെടുത്തിയാൽ പോലും ചിരിപ്പിക്കുവാൻ കഴിയാതെ പോകുന്ന കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.

 

 

 

സലിംകുമാർ , പ്രസീത, ബിജുക്കുട്ടൻ, നോബി, അയ്യപ്പ ബൈജു തുടങ്ങിയ ഹാസ്യതാരങ്ങളുടെ പ്രകടനങ്ങളും ചിത്രത്തെ സഹായിക്കുന്നതായില്ല. ബാബയായി എത്തിയ പ്രദീപ് റാവത്ത് ഷഹീൻ സിദ്ദിഖ് എന്നിവർ അവരുടെ വേഷങ്ങൾ ഭംഗിയാക്കിയപ്പോൾ മറ്റുതാരങ്ങൾ ശരാശരിയിൽ ഒതുങ്ങി. അമ്മയുടെ ചികിത്സയ്ക്കായി കള്ളക്കടത്തിന് തയ്യാറാവുക എന്നത് തന്നെ ഏറ്റവും ക്ലീഷേ ആയ സംഗതിയായി പോയി എന്നത് ചിത്രം കാണുന്ന ഏത് പ്രേക്ഷകർക്കും മനസ്സിലാകും. മാത്രമല്ല ഈ ചിത്രത്തിലെ മറ്റൊരു വിരോദാഭാസം കുഴൽപ്പണം കൊച്ചിയിൽ നിന്ന് കോഴിക്കോടിന് കൊണ്ടു പോകുന്നതാണ്. കേരളത്തിൽ മലപ്പുറം കോഴിക്കോട് കേന്ദ്രീകരിച്ചാണ് കുഴൽപ്പണ ഇടപാട് നടക്കുന്നത് എന്നിരിക്കട്ടെ ചിത്രത്തിൽ അത് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്കാണ്.

 

 

 

സിനിമയുടെ ആദ്യ പകുതി വളരെ വേഗത്തിൽ പോകുന്നുവെങ്കിലും രണ്ടാം പകുതി വളരെ വിരസമായാണ് പോകുന്നത്.പുതുമുഖം ആര്യ അജിത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത് ആര്യയ്ക്ക് കാര്യമായൊന്നും ചിത്രത്തിൽ ചെയ്യാനില്ലാതെ പോയി.സുധീർ കരമന, ശശി കലിംഗ, സാജൻ പള്ളുരുത്തി, അബു സലിം, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, ഷഫീക് ,കോട്ടയം പ്രദീപ്, പ്രദീപ് സിങ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൽഫോൺസാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അലസമായ കഥാസഞ്ചാരത്തിൽ പോകുന്ന ഈ കടത്ത് നാടൻ കഥ കാണാൻ വേറെ ഒരു പരിപാടിയും ഇല്ലെങ്കിൽ മാത്രം ടിക്കറ്റ് എടുക്കാം..

 

 

You might also like