ഒരു കുപ്രസിദ്ധ പയ്യൻ സുപ്രസിദ്ധം .

0

ഒരു കുപ്രസിദ്ധ പയ്യൻ റിവ്യൂ: പ്രിയ തെക്കേടത്  .

 

തലപ്പാവ് , ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മൂന്നാം ഊഴവുമായി സംവിധായകൻ മധുപാൽ ഒരു കുപ്രസിദ്ധ പയ്യനുമായി എത്തുമ്പോൾ ചിത്രം സാധാരണ പ്രേക്ഷകർക്ക് കൂടി ഇഷ്ടമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ ഇനിയും മധുപാലിന്റെ മനോഹര ചലച്ചിത്രകാഴ്ച്ചകൾ പ്രേക്ഷകർ കാണാൻ ഇരിക്കുന്നതെയുള്ളു. അത്രയ്ക്ക് അനുഭവ ഹൃദമാണ് ടൊവിനോ നായകവേഷത്തിൽ എത്തിയ കുപ്രസിദ്ധ പയ്യൻ.


തികച്ചും സംവിധായകന്റെ കൈയ്യിൽ തന്നെയാണ് സിനിമ. കൈ വിട്ടു പോകാൻ സാധ്യത ഉള്ള ഇടങ്ങൾ ഉണ്ടെങ്കിലും അതെല്ലാം വളരെ കൈയടക്കത്തോടെ സംവിധായകൻ മറികടന്നിരിക്കുന്നു.സംവിധായകന് നല്ലൊരു തിരക്കഥ ഒരുക്കി നൽകിയ ജീവൻ ജോബ് തോസ് നിങ്ങളിലെ എഴുത്തുകാരനും വരുംകാല സിനിമയുടെ പ്രതീക്ഷയാകുന്നു. ആകെ കല്ലുകടിയായി തോന്നിയത് ജയിൽ രംഗത്തിലെ ഫൈറ്റ് സ്വീക്വൻസു മാത്രമാണ്. അത് നായകന് വീരഗുണമുണ്ടെന്ന് കാട്ടുവാനായി എടുത്തു വച്ചതു പോലെ തോന്നി. അജയൻ മാരെ സൃഷ്ടിക്കുന്ന ആൾക്കൂട്ട വിചാരണയ്ക്ക് നേരെയാണ് ചിത്രം ചോദ്യമുയർത്തുന്നത്.


പോലീസിങ്ങിൽ കാലാനുസൃതമായ മാറ്റം ഉണ്ടാകണമെന്നതും ചിത്രം കൃത്യമായി പറഞ്ഞുവെയ്ക്കുന്നുണ്ട്. നിമിഷ സജയൻ എന്ന അഭിനേത്രിക്ക് ധൈര്യപൂർവ്വം സംവിധായകർക്ക് നല്ല കഥാപാത്രങ്ങളെ ഏൽപ്പിക്കാം അത്ര തന്നെ സ്റ്റെഫി എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിച്ചിരിക്കുന്നു നിമിഷ. ടൊവിനോ തോമസ് എന്ന നടൻ അജയനായി അതിഭാവുകത്തം ഇല്ലാതെ നിറഞ്ഞാടിയപ്പോഴും തന്റെ നായകത്വത്തിനായി ചെയ്ത ആക്ഷൻ രംഗം അത്ര സുഖകരമായി തോന്നിയില്ല എന്നു തന്നെ പറയാം. അത് താരം പറഞ്ഞ് ചെയ്ച്ചതു പോലെയാണ് ഫീൽ ചെയ്തത്. കൂടാതെ അജയന് വേണ്ടി ഒരുക്കിയ കോസ്റ്റ്യുംസും സുഖകരമായില്ല എന്ന് പറയാം. അനു സിതാര മുഖ ഭംഗി കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. സുരേഷ് കുമാർ എന്ന നിർമ്മാതാവിനെ ഒരു നടൻ എന്ന നിലയിൽ സംവിധായകൻ വളരെ മികച്ച രീതിയിൽ ഉപയോഗിച്ചിരിക്കുന്നു.


ഔസേപ്പച്ചൻ – ശ്രീകുമാരൻ തമ്പി ടീമിന്റെ ഗാനങ്ങൾ എല്ലാം തന്നെ ചിത്രത്തോട് അത്ര മേൽ ഇഴുകി നിൽക്കുന്നു. നൗഷാദ് ഷെരീഫിന്റെ സിനിമാട്ടോഗ്രാഫി ചിത്രത്തോട് ഇഴുകിചേർന്നു തന്നെ നിൽക്കുന്നു. സാജന്റെ എഡിറ്റിങ്ങും ചിത്രത്തിന് മുതൽക്കൂട്ടായി എന്നു പറയാം. അരികുവൽക്കരിക്കപ്പെടുന്നവർ എങ്ങനെയാണ് ഇരയാക്കപ്പെടുന്നതെന്നും ചിത്രം കാട്ടി തരുന്നുണ്ട്. നെടുമുടി വേണു , സിദ്ദീഖ്, ബാലുവർഗ്ഗീസ്, ശ്വേതാ മേനോൻ, സുജിത് ശങ്കർ, സുധീർ കരമന, ഹോട്ടൽ ഉടമയായി അഭിനയിച്ച അമൽ രാജ് ദേവ്, ചെമ്പകമ്മാളായി ശരണ്യ പൊൻവർണ്ണൻ തുടങ്ങി സിനിമയിൽ വലുതും ചെറുതുമായി വന്നു പോയ എല്ലാ കഥാപാത്രങ്ങളും അത്രമേൽ മനോഹരമായിരിക്കുന്നു.


ഒരു കുപ്രസിദ്ധ പയ്യൻ നമ്മുടെ പോലീസിങ്ങിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നതും സമ്മർദ്ധങ്ങൾക്ക് അടിമപ്പെടാതെ ഉദ്യേഗസ്ഥർക്ക് കൃത്യനിർവ്വഹണം നടത്തുവാനുള്ള അവസ്ഥ ഉണ്ടാകേണ്ടതിന്റെ അത്യാവശ്യകതയെയും ഓർമ്മപ്പെടുത്തുക കൂടിയാണ് ചിത്രം. മുൻ വാരങ്ങളിൽ വന്ന് പ്രേക്ഷകരെ പറ്റിച്ചു പോയാ സിനിമാ കാഴ്ച്ചകളിൽ നിന്ന് നല്ല സിനിമകൾ വന്നാൽ ഇരുകൈ നീട്ടി സിനിമയെ സ്വീകരിക്കുമെന്നതിന്റെ തെളിവുകൂടിയാണ് കുപ്രസിദ്ധ പയ്യനായി തീയറ്ററിൽ ഉള്ളതിരക്ക്.

You might also like