കളർ മാത്രം ; യമണ്ടനല്ലാത്ത പ്രേമകഥ. റിവ്യൂ വായിക്കാം.

0

ഒരു യമണ്ടൻ പ്രേമകഥ റിവ്യൂ: പ്രിയ തെക്കേടത്

 

 

 

ഒന്നര വർഷം ദുൽഖറിനായുള്ള കാത്തിരിപ്പിൽ തികച്ചു നിരാശപ്പെടുത്തുന്ന ചിത്രമാണ് “ഒരു യമണ്ടൻ പ്രേമകഥ “. നവാഗതനായ ബി സി നൗഫൽ ചിത്രത്തിന്റെ സംവിധത്തിൽ മികവ് പുലർത്തിയെങ്കിലും , വിഷ്ണു ഉണ്ണികൃഷന്റെയും ബിബിൻ ജോർജിന്റെയും തിരക്കഥയിൽ ഒട്ടും മികവ് പുലർത്താൻ ഈ കലാകാരന്മാർക്ക് കഴിഞ്ഞില്ല.

 

 

 

 

 

 

കഴിഞ്ഞ രണ്ടു സിനിമകൾ കണ്ട് തിയേറ്ററിൽ എത്തുന്ന പ്രേക്ഷകരെ താറടിക്കുന്ന രീതിയിലുള്ള സിനിമയാണ് ‘ഒരു യമണ്ടൻ പ്രേമകഥ ‘. ചിത്രം കളറാണ്, കളർ ഫുള്ളാണ് പക്ഷെ ചിത്രത്തിനെ പുറംമുടിയിൽ കാണുന്ന കളർ മാത്രമായി മാറുന്നു. അപക്വതമായ തിരക്കഥയെന്ന് വ്യക്തമായി പറയാം. കഥയിൽ പൂർണത കണ്ടെത്താൻ പ്രേക്ഷകർ എടങ്ങേറ് പിടിക്കുന്നു. യമണ്ടൻ കോമഡിയെന്ന് അണിയറ പ്രവർത്തകർ പറയുന്നുവെങ്കിലും , പല കോമഡികളും നിലവാരത്തിന്റെ അടിത്തട്ടിലേക്ക് പോകുന്നു. പ്രേക്ഷകരെ ആദ്യന്തം രസിപ്പിച്ച് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് അണിയറ പ്രവർത്തകർ ലക്ഷ്യം വച്ചതെങ്കിൽ ഉന്നം ചെറുതായി ഒന്ന് പാളിയി‌ട്ടുണ്ട്.

 

 

 

 

 

 

പേര് പറയുന്നപോലെ പ്രേമമാണ് ഉദ്ദേശിക്കുന്നത്, എന്നാൽ എവിടെ പ്രേമമെന്ന് തിരയേണ്ട ആവശ്യമാണ് ഉള്ളത്. നാട്ടിലെ പ്രധാനിയായ വ്യക്തിയുടെ മകനായി ജനിച്ചെങ്കിലും ലല്ലു (ദുൽഖർ) ഒരു പെയിന്റ് പണിക്കാരനാകുന്നു. സാധാരണക്കാരുടെ തൊഴിൽ ആണ് ചെയ്യുന്നതെങ്കിൽ കൂടി ലല്ലു നാട്ടിലെ പെൺകുട്ടികൾക്ക് എല്ലാം പ്രീയപ്പെട്ടവനാണ്. ചെറുപ്പം മുതൽ പ്രേമാഭ്യർത്ഥനകളുടെ ഒരു നീണ്ട നിര എന്നും അയാളുടെ പിറകിലുണ്ട്. എന്നാൽ തനിക്ക് പ്രേമം തോന്നണം എങ്കിൽ കണ്ടാൽ മനസിൽ ഒരു സ്പാർക്ക് തോന്നുന്ന പെൺകുട്ടി വരണം എന്ന പിടിവാശിയിലാണ് ലല്ലു. കല്ല്യാണം കഴിക്കാതെ നടക്കുന്ന ചേട്ടൻ കാരണം വിദ്യാസമ്പന്നനായ ലല്ലുവിന്റെ അനിയനും കല്ല്യാണം നടക്കില്ല എന്ന അവസ്ഥ വന്നപ്പോൾ ഒരു പെണ്ണിനെ കണ്ടെത്താൻ വീട്ടുകാരും സുഹൃത്തുക്കളും അയാളിൽ സമ്മർദ്ദം ചെലുത്തി തുടങ്ങി. സുന്ദരികളായ പലരെയും കണ്ടിട്ടും ലല്ലുവിന് അത് പോര. എന്നാൽ ഒടുവിൽ ആർക്കും തോന്നാത്ത തരത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത ഒരു പെണ്ണിനോട് അയാൾക്ക് പ്രേമം തോന്നുന്നിടത്ത് ചിത്രത്തിന്റെ ഒന്നാം പകുതി അവസാനിക്കുന്നു. പിന്നിട് ആ കാമുകിയെ തിരയുന്നതിലൂടെയാണ് കഥ മുന്നേറുന്നത്. പിന്നിടുള്ള നടക്കിയ രംഗങ്ങളിലൂടെ ചിത്രം അവസാനിക്കുന്നു.

 

 

 

 

 

 

ലല്ലുവിന്റെ ചാവേറുകൾ കോമഡിയിൽ കിടന്ന് പിണയുന്നത് കാണാം. വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷഹിർ, സലീം കുമാർ ഇവർ മൂന്ന്പേരും എത്തുമ്പോൾ ചിത്രത്തെ കളറാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തികച്ചു പരാജയമെന്ന് പറയാം. സ്ത്രീ വിരുദ്ധത നിറഞ്ഞു നിൽക്കുന്ന കോമഡികൾ അനാവശ്യമാണെന്ന് തോന്നിപോകും. ഒട്ടും ലോജിക്ക് ഇല്ലാത്ത നിലവാരം കുറഞ്ഞ കോമഡിക്ക് കൈയ്യടിക്കേണ്ടിവരുന്ന ഫാൻസിനെ കുറിച്ചോർത്ത് നിരാശമാത്രം.

 

 

 

 

 

ചെറിയ വേഷങ്ങളിൽ എത്തിയ ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരും ശ്രദ്ദേയം. നായികാപ്രാധാന്യം കുറഞ്ഞ ഒരു പ്രേമകഥയിൽ നായികയായ നിഖില വിമലും, സംയുക്താ മേനോനും കഥാപാത്രത്തിന് ഉതകും വിധമുള്ള പ്രകടനം നടത്തി. ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിലെ ബിബിൻ ജോർജ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒറ്റ സംഭാഷണങ്ങൾ പോലുമില്ലെങ്കിലും ചിത്രത്തെ മറ്റൊരു വഴിയിലേക്ക് എത്തിക്കാൻ ഈ നടന് സാധിച്ചുവെന്ന് പറയാം.

 

 

 

 

 

 

 

ഒന്നര വർഷത്തിന് ശേഷമുള്ള തിരിച്ചു വരവ് എന്ന പരസ്യ ലേബലിൽ എത്തിയ ദുൽഖറിലെ നായകൻ വെറും കളർ മാത്രമായി ഒതുങ്ങി. നടൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ലാത്ത വേഷം മാത്രമാണ് ലല്ലു. ലല്ലുവിൽ പറവയിലെ ഇമ്രാനും ചാർളിയിലെ ചാർളിയും ഇടക്ക് മിന്നി മറയുന്നതും കാണാം.

 

 

 

 

 

 

ആലപ്പുഴയുടെ മനോഹാരിതയെ പി സുകുമാർ ക്യാമെറയിൽ ഒപ്പിയെടുത്തത്. ടൈറ്റിൽ സോങ് അടക്കം മൂന്ന് പാട്ടുകൾ നാദിർഷയാണ് ഒരുക്കിയത്; അതിലും പുതുമ ഒന്നും ജനിക്കുന്നില്ല. ജോൺ കുട്ടിയുടെ എഡിറ്റിംഗ് ശരാശരിയിൽ ഒതുങ്ങി. കോമഡിയ്ക്ക് പ്രാധാന്യം നൽകി ഒരുങ്ങിയ “ഒരു യമണ്ടൻ പ്രേമകഥ ” ആന്റോ ജോസഫാണ് നിർമ്മിച്ചത് .

 

 

 

 

 

 

 

 

ഹിറ്റ് തിരക്കഥാകൃത്തുകൾ , ദുൽഖർ സൽമാന്റെ തിരിച്ചു വരവ് , ചിത്രത്തിലെ താരങ്ങൾ ഇവയെ കണ്ടുള്ള പ്രതീക്ഷകൾ മാറ്റി നിർത്തി, മുൻവിധികളില്ലാതെ പോയാൽ അൽപം ചിരിക്കാം എന്നല്ലാതെ വേറെ ഒന്നുമില്ലാത്ത, ഒരു ‘യമണ്ടൻ’ അല്ലാത്ത ശരാശരി ചിത്രമാണ് ഈ പ്രേമകഥ.

You might also like