ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന “ഓട്ടം”.

0

ഓട്ടം റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

 

 

 

ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന “ഓട്ടം”; ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം നവാഗതരെ മുഖ്യ താരങ്ങളാക്കി സാം ഒരുക്കിയ ‘ഓട്ടം’ എന്ന ചിത്രത്തെ. കഥയോട് ഒട്ടും ചേർന്ന് നിൽക്കാത്ത തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന പിഴവുകളിൽ ഒന്നായി തോന്നിയത്.

 

 

 

 

 

 

ടൈറ്റിൽ സോങ്ങോടു കൂടി തിരുവനന്തപുരത്തിന്റെ നഗരക്കാഴ്ച്ചകളിലൂടെയാണ് ചിത്രത്തിന്റെ ആരംഭം. ഏതോ ചാനലിനു വേണ്ടി നഗരക്കാഴ്ച്ച പകർത്തുന്ന ക്യാമറയിലേക്ക് വന്നു പതിയുന്ന നായക കഥാപാത്രം. അയാൾ ആളുമാറി കിഡ്നാപ്പ് ചെയ്യപ്പെടുകയും തുടർന്ന് തിരുവനന്തപുരത്തെ ഒരു ചേരിയിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു അവിടെ എത്തിച്ചതിന് ശേഷമാണ് ഗുണ്ടാസംഘത്തിന് ആളുമാറിയതായി മനസ്സിലാകുന്നത്. അതിന് മുൻപ് തട്ടികൊണ്ടു പോകേണ്ടവനെ എങ്ങനെ ഉറപ്പിക്കാം ചെയ്യാം എന്നു പോലും അറിയത്തവരാണ് ഗുണ്ടാസംഘം എന്നതും ഒട്ടും ലോജിക്കലായി തോന്നിയില്ല.

 

 

 

 

 

 

കഥയുടെ സഞ്ചാരത്തിനു വേണ്ടി കണ്ടെത്തിയ കുറുക്കുവിദ്യ മാത്രമായി അത്. ക്വൊട്ടേഷൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ വിടു എന്ന് പറഞ്ഞ് കൂടെ കൂട്ടുകയും ഇന്റർവെൽ വരെ നായകനെ കൊണ്ട് അയാളുടെ ജീവചരിത്രം പറയിക്കുകയുമാണ് ചെയ്യുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് അയാളുടെ ജീവിതമാണ് തുടക്കം. കോളേജിലും അയാളുടെ മുഴുവൻ ജീവിതയാത്രയിലും അയാളുടെ ജീവിതം തട്ടിപ്പറിച്ചോടുന്ന പരസ്പരം അറിയാത്ത മറ്റൊരാൾ. രസകരമാണ് കഥയായി പറയുമ്പോൾ എന്നാൽ വിഷ്വൽ കാഴ്ച്ചയിൽ ഉടനീളം ബാധിച്ചിരിക്കുന്ന ഇഴച്ചിൽ മറ്റൊരു പ്രധാനകല്ലുകടിയായി മാറുന്നു ആസ്വാദനവഴിൽ എന്നുകൂടി പറയട്ടെ.

 

 

 

 

 

 

സ്വാഭാവികമായ അഭിനയ രീതി പിൻതുടരുന്നതിൽ ചിത്രത്തിലെ മിക്കതാരങ്ങളും ഏറെക്കുറെ വിജയിച്ചുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റാൻ അതൊന്നും പോര എന്നത് സംവിധായകനും തിരക്കഥാകൃത്തിനും മനസ്സിലാകാതെ പോയി എന്നുള്ളതും ചിത്രത്തിന്റെ മുഴുനീള കാഴ്ച്ചയിൽ മനസ്സിലാക്കാം. ജയത്തിനും പരാജയത്തിനും അപ്പുറം ഓടി മുന്നേറുന്നവനാണ് ജീവിത വിജയം എന്നാണ് സിനിമ പ്രേക്ഷകരോട് പറഞ്ഞു വെയ്ക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഷോ പൂർത്തിയാകുന്നതിന് മുൻപ് കാഴ്ച്ചക്കാർ തീയറ്ററിൽ നിന്ന് ഓടി പോകുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.

 

 

 

 

 

 

അലൻസിയർ അവതരിപ്പിച്ച ചാച്ചപ്പൻ എന്ന കഥാപാത്രം ചാർലിയിലെ നെടുമുടി വേണുവിന്റെ കഥാപാത്രവുമായി വിദൂരമായ സാമ്യമുള്ളതായി തോന്നി. ഷാജോൺ അവതരിപ്പിച്ച പോലീസ് കഥാപാത്രം താരത്തിന്റെ അഭിനയ മികവുകൊണ്ട് നന്നായി തോന്നിയെങ്കിലും കഥയുടെ സഞ്ചാരത്തിൽ അത്ര സുഖകരമായി തോന്നിയില്ല. ഒരു പുതുമുഖമായിരുന്നെങ്കിൽ അത് കുറെക്കൂടി ചിത്രത്തിന് ഗുണകരമായേനെ എന്നു തോന്നി. ഷാജോണിന്റെ ഇൻട്രോസീൻ തന്നെ നിവിൻ പോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നിവിൻ പോളി കഥാപാത്രം ചീട്ടുകളിക്കാരേ പിടികൂടാൻ പോകുന്നതും തുടർന്ന് കണ്ട രംഗങ്ങളുടെ മറ്റൊരു തരത്തിലു ആവർത്തനം മാത്രമാണെന്ന് പറയാം.

 

 

 

 

 

 

സംവിധായകൻ സാം ബ്ലസിയുടെ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നയാളാണെന്നറിയുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറും; എന്നാൽ തീയറ്ററിൽ ഒട്ടും തന്നെ ഓട്ടം ആ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല എന്നത് പറയാതെ വയ്യ. രാജേഷ് ശർമ്മ നല്ല നടനാണ് അദ്ദേഹം നാടകത്തിന്റെ പാരമ്പര്യം ഉള്ളതാരവുമാണ് എന്നാൽ ഈ ചിത്രത്തിൽ ഗുണ്ടാ നേതാവായി അമിതമായ പ്രകടനമാണ് നടത്തിയിട്ടുള്ളത്. അത്തരം രീതി കാഴ്ച്ചക്കാരെ ഒട്ടും തൃപ്ത്തിപ്പെടുത്തില്ലെന്ന് പറയട്ടെ. മണികണ്ഠൻ ആചാരി അവതരിപ്പിച്ച കാറ്റ് എന്ന കഥാപാത്രം ഒട്ടും തന്നെ പ്രേക്ഷകർക്ക് കൺവിൻസിഡ് ആകുന്നില്ല. സുധീർ കരമന, രജിതമധു, തെസ്നീഖാൻ തുടങ്ങിയവർ അവരവർക്ക് ലഭിച്ച വേഷങ്ങൾ ഏറെക്കുറെ ഭംഗിയാക്കിയിട്ടുണ്ട് .

 

 

 

 

 

 

ചിത്രത്തിന്റെ ഛായാഗ്രഹണവും അത്രകണ്ട് നന്നായോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. ചിത്രത്തിൽ നായകനായെത്തിയ നന്ദു ആനന്ദ് പ്രതീക്ഷയാകുന്നുണ്ട് എന്നാൽ റോഷൻ ഉല്ലാസും അയാളുടെ ജോഡിയായി എത്തിയ പെൺകുട്ടിയും അഭിനയത്തിന്റെ കാര്യത്തിൽ കുറെക്കൂടി ശ്രദ്ധിക്കേണ്ടിവരും സിനിമയിൽ നിലനിൽക്കണമെങ്കിൽ എന്നാണ് തോന്നിയത്.

 

 

 

 

 

 

ചിത്രത്തിലെ പാട്ടുകൾ എല്ലാം നന്നായി തോന്നി എന്നാൽ എഡിറ്റിങ്ങ് കുറെക്കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. പടത്തിലുണ്ടായ ചില പിഴവുകൾ തിരുത്തി കൃത്യമായ മാർക്കറ്റിങ്ങ് കൂടി പിൻതുടർന്നാൽ തീയറ്ററിൽ രക്ഷപ്പെടുത്തി എടുക്കാൻ പറ്റുമായിരുന്ന സിനിമയായിരുന്നു ഓട്ടം. ആദ്യ ചിത്രത്തിൽ ഉണ്ടായ പിഴവുകളെല്ലാം തിരുത്തി മറ്റൊരു നല്ല ചിത്രവുമായി സാം എന്ന സംവിധായകൻ ഗംഭീരമായ മടങ്ങിവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം. പതിഞ്ഞതാളത്തിലുള്ള ഓട്ടം കാണാൻ പ്രതീക്ഷകൾ ഏതുമില്ലാതെ ടിക്കറ്റ് എടുക്കാമെന്ന് പറയട്ടെ.

 

 

 

 

 

 

You might also like