
ഇത് സദാചാരവാദികള്‍ക്കുള്ള വെടിവഴിപാട്… “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” റിവ്യു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ റിവ്യൂ: മീര ജോൺ
കോടികള്‍ മുടക്കി ആര്‍ഭാടമാക്കുന്ന കല്യാണങ്ങള്‍ ഒരു സാമ്പത്തിക ലാഭമുണ്ടാക്കുന്ന നേര്‍കാഴ്ച്ചയാണ് ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ആര്‍ഭാടമായി നടത്തുന്ന പല വിവാഹങ്ങളും വെറുമൊരു കച്ചവടം മാത്രമാണെന്നും ബന്ധങ്ങള്‍ പേരിന് മാത്രമുള്ളതാണെന്നും ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വിവാഹമെന്ന ആഡംബര ധൂര്‍ത്തടികളെ ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്.
സാമ്പത്തികമായി മുങ്ങിക്കൊണ്ടിരിക്കുന്ന എന്നാല്‍ ജാഡയ്ക്ക് തെല്ലും കുറവില്ലാത്ത ഒരു അപ്പര്‍ മിഡില്‍ ക്ളാസ് ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന കല്യാണ ഉറപ്പിക്കലിലൂടെയാണ് ചിത്രം തുടങ്ങുന്നത്. കുടുംബത്തിലെ ഇളയ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും മനസ്സമ്മത ദിവസവും തലേ ദിവസവുമായി നടക്കുന്ന ചെറിയ സംഭവങ്ങളുമാണ് ചിത്രപശ്ചാത്തലം.
ബിസിനസിലെ അപ്രതീക്ഷിത തകര്‍ച്ചയില്‍ നിന്നും കരകയറുവാന്‍ ഇല്ലായ്മകളെ മറച്ചുവെച്ച് വന്‍തുക സ്ത്രീധനം വാങ്ങി ഇളയ മകനായ രോഹന് അതി സമ്പന്ന കുടുംബത്തില്‍ നിന്നും വിവാഹം ഉറപ്പിക്കുകയാണ് റോയിയും കുടുംബവും. അനുജന്റെ കല്യാണത്തിലൂടെ കിട്ടുന്ന സ്ത്രീധനം കൊണ്ട് കടം വീട്ടാനുള്ള കണക്കുകൂട്ടലിലാണ് റോയിയും അളിയനും. പക്ഷേ സ്ത്രീധന തുക പോക്കറ്റില്‍ വന്ന ശേഷമാണ് പെണ്ണിന് കുറച്ച് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചെക്കനും കൂട്ടരും അറിയുന്നതും തുടര്‍ന്ന് ആ വീട്ടില്‍ നടക്കുന്ന രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
അതുപോലെ തന്നെ വിവാഹേതര ബന്ധങ്ങളെ കുറിച്ചും ചിത്രം പരാമര്‍ശിക്കുന്നുണ്ട്. അവിഹിത ബന്ധങ്ങളുടെ അതിപ്രസരം കൂടിയാണീ ചിത്രം. രോഹന്റെ വിവാഹനിശ്ചയത്തിനിടെ ഇതെല്ലാം ഒരുമിച്ച് നടക്കുകയും അതെല്ലാം വെളിച്ചത്താവുകയും ചെയ്യുമ്പോള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍ താന്‍ പാപിയാണോ എന്ന് സ്വയം പരിശോധിക്കണമെന്ന സന്ദേശവും ഈ ചിത്രം നല്കുന്നു.
ചിത്രത്തിൽ രോഹനായി അരുണ്‍ കുര്യനും അയാളുടെ പ്രതിശ്രുത വധു ലിന്‍ഡയായി ശാന്തി ബാലചന്ദ്രനും റോയിയായി വിനയ് ഫോര്‍ട്ടും അളിയനായി ടിനി ടോമും അവരുടെ റോളുകള്‍ ഗംഭീരമാക്കി. ശ്രിന്ദ, അനുമോള്‍, അലന്‍സിയര്‍, മധുപാല്‍, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ എന്നിവരും അവരുടെ റോളുകള്‍ മികവുറ്റതാക്കി. ജോമോണ്‍ ജോസഫിന്റെ ഛായാഗ്രഹണവും പ്രശാന്ത് പിള്ളയുടെ സംഗീതവും ഡോണ്‍ വിന്‍സെന്റിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മികവുറ്റതാക്കി. രണ്ടു മണിക്കൂർ ചിരിച്ചും ചിന്തിച്ചും പ്രേക്ഷകനെ രസിപ്പിക്കുന്നതിൽ ശംഭു പുരുഷോത്തമൻ എന്ന സംവിധായകൻ വിജയിച്ചെന്നു സാരം.
നിങ്ങള്‍ സദാചാര ചിന്താഗതിക്കാരാണോ… ? എങ്കില്‍ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ കാണാന്‍ പോകരുത്. പുരോഗമന ചിന്താഗതിക്കാര്‍ മാത്രം ടിക്കറ്റെടുക്കുക…. എന്ന് കൂടി ശംഭു പുരുഷോത്തമന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
‘Paapam Cheyyathavar Kalleriyatte’ full movie review