ആലോചിച്ചു ചവിട്ടാം ഈ പതിനെട്ടാം പടി!!

0

പതിനെട്ടാം പടി റിവ്യൂ: വൈഷ്ണവി മേനോൻ

 

 

ഉറുമി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥയിലൂടെ മലയാളികൾക്ക് സുപരിചിതനായ ശങ്കർ രാമകൃഷ്ണന്റെ ആദ്യ സംവിധാന ചിത്രമാണ് “പതിനെട്ടാം പടി”. നത്തോലി ഒരു ചെറിയ മീനല്ല , മൈസ്റ്റോറി എന്നീ ചിത്രങ്ങളുടെ തിരക്കഥയും ഒരുക്കിയത് ശങ്കർ തന്നെയാണ്. കൂടാതെ നടൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധനേടിയിട്ടുണ്ട്. ‘പതിനെട്ടാം പടി’യിലൂടെ സംവിധാന മേഖലിലേക്കും പടി ചവിട്ടിയപ്പോൾ പ്രേക്ഷകർക്ക് കണ്ടിരിക്കാവുന്ന ഒരു ചിത്രം ശങ്കർ രാമകൃഷ്ണൻ ഒരുക്കിയോ എന്നുള്ളത് തീർത്തും സംശയമുള്ള ഒരു ചോദ്യമാണ്.

 

 

 

മലയാള സിനിമയിൽ ഇത് വ്യത്യസ്‌ത നിറഞ്ഞ കാലമാണ്. കെട്ടിലും മട്ടിലും പുതുമ കൊണ്ട് വരുന്ന സമയത്ത് തൊണ്ണൂറു കാലഘട്ടത്തിലെ ഒരു വിദ്യാലയ ചിത്രമാണ് പതിനെട്ടാം പടി. സര്‍ക്കാര്‍ മോഡൽ സ്കൂളിലെയും ഇന്റര്‍നാഷണല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മിലെ പോരും വർഷങ്ങൾക്ക് ശേഷമുള്ള സംഭവവികാസങ്ങളുമാണ് പതിനെട്ടാം പടി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

 

 

 

 

പണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന ഇന്റര്‍നാഷണല് സ്കൂളിലെയും സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ മോഡൽ സ്കൂളിലെയും വിദ്യാർഥികൾ തമ്മിലുള്ള പ്രശ്‌നം അവരുടെ ജീവിതവുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന ഘടകം. കഥാതന്തു തികച്ചും ഒരു ക്ളീഷേയാണെങ്കിലും 160 മിനിട്ട് ഓളം പ്രേക്ഷകനെ പിടിച്ചിരിത്തുവാനുള്ള ചടുലതയും മികവും ചിത്രത്തിനുണ്ട്. എന്നാൽ കുത്തിതിരുകിയ ഏടുകൾ പ്രധാനമായി ഗാനങ്ങൾ , ചില നാടകീയ രംഗങ്ങൾ , ആക്ഷൻ സീനുകളുടെ ദൈർഘ്യവുമൊക്കെ പോരായ്മയായി പറയാം.

 

 

 

പടം തുടങ്ങുന്നത് നായകന്മാരിൽ ഒരാളായ അശ്വിനിൽ നിന്നാണ്. അശ്വിന്റെ മുതിർന്ന കഥാപാത്രം അവതരിപ്പിക്കുന്നത് പ്രിത്വിരാജാണ്. ഒരു സ്‌കൂളിന്റെ ഉടമസ്ഥനായ അശ്വിൻ വാസുദേവ് തന്റെ സ്‌കൂൾ കാലഘട്ടം പറയുന്ന ഫ്ലാഷ് ബാക്കിലാണ് രണ്ടു സ്കൂളുകളും സംഘർഷങ്ങൾ പ്രതിപാലിക്കുന്നതു. കൂടാതെ മിലിറ്ററി ബോർഡറിൽ നിന്നും അയ്യപ്പൻറെ (ആര്യ) സമാന്തരമായിയുള്ള ഫ്ലാഷ് ബാക്കിലൂടെയാണ് പതിനെട്ടാം പടി സഞ്ചരിക്കുന്നത്. ഈ കുട്ടികളുടെ ജീവിതത്തിലേക്കു ജോയ് എന്ന അദ്ധ്യാപകനും അദ്ദേഹത്തിന്റെ സഹോദരനായ ജോണ്‍ എബ്രഹാം പാലക്കൽ (മമ്മൂട്ടി) കടന്ന് വന്നതിനു ശേഷമുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത്.

 

 

 

മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മേക്കോവറും സ്റ്റൈലും ആകർഷകമാണ്. പക്ഷേ മമ്മൂട്ടി എന്ന നടന് ഒന്നും തന്നെ ചെയ്യാനില്ലാത്ത കഥാപാത്രമെന്നു എന്ന് പറയാം. ഒരു സൂപ്പർ താരത്തെ ഒരു രക്ഷകന്റെ റോളിൽ കൊണ്ട് വന്നു സംവിധായകൻ ചുരുക്കിക്കളഞ്ഞു. അതിഥി താരങ്ങളായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ,​ ആര്യ, പ്രിയാമണി, സുരാജ് വെഞ്ഞാറമൂട് എന്നിവരും എത്തുന്നുണ്ട്.

 

 

 

അയ്യപ്പൻ എന്ന കഥാപാത്രത്തെ വളരെ സൂക്ഷമമായി പുതുമുഖം അക്ഷയ് രാധാകൃഷ്ണൻ അവതരിപ്പിച്ചിട്ടുണ്ട്.
മമ്മൂ​ട്ടിയുടെ സഹോദരനും അദ്ധ്യാപകനുമായ ജോയ് പാലക്കൽ എന്ന കഥാപാത്രമായി എത്തുന്ന ചന്ദുനാഥിന്റെ അഭിനയം ശ്രദ്ധേയമാണ്. പ്രിത്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിച്ച പുതുമുഖം അശ്വിൻ ഗോപിനാഥും ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ചവയ്ച്ചിട്ടുണ്ട്. പക്വതയുള്ള കഥാപാത്രമാണ് അഹാന കൃഷ്ണയ്ക്ക് ലഭിച്ചത് . കൂടാതെ ചിത്രത്തിലുള്ള അറുപതോളം പുതുമുഖങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുമുണ്ട്.  ആർഷ ബൈജു, വാഫാ ഖദീജ റഹ്മാൻ തുടങ്ങിയവരാണ് പുതുമുഖ നായികമാർ. നന്ദു , മുത്തുമണി , മാലാ പാർവതി,​ മുകുന്ദൻ,​ ലാലു അലക്സ്,​​ മനോജ് കെ.ജയൻ,​ മണിയൻ പിള്ള രാജു , ബിജു സോപാനം തുടങ്ങിയവരും ചിത്രത്തിൽ മിന്നിമറയുന്നുണ്ട്.

 

 

 

ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മികച്ചു നിന്നു. തായ്‌ലൻഡ്കാരനായ കെച്ച കെംബഡികെ ഉൾപ്പടെ മൂന്ന് ആക്ഷൻ കൊറിയോഗ്രാഫർ ആണ് സംഘടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സുദീപിന്റെ ഛായാഗ്രഹണമാണ് മറ്റൊരു മികച്ച ഘടകം. ഗാനങ്ങളും പശ്ചാത്തല സംഗീതവും എഡിറ്റിംഗും ശരാശരിയായി ഒതുങ്ങി. സംവിധാനത്തിൽ അധികം ശ്രദ്ധിച്ചപ്പോൾ ശങ്കർ രാമകൃഷ്ണൻ തിരക്കഥയിൽ പാളിച്ച നേരിടേണ്ടി വന്നോ എന്നതും എടുത്തു പറയേണ്ടവയാണ്. പുതുമുഖങ്ങളുടെ അഭിനയ മികവും മമ്മൂട്ടിയുടെ തലയെടുപ്പും ചിത്രത്തിന് ഗുണമായെങ്കിലും; സംവിധാനത്തിലും തിരക്കഥയിലും അത് നിറവേറ്റാൻ ശങ്കർ രാമകൃഷ്ണന് സാധിച്ചില്ല എന്നതും വ്യക്തം. ചുരുക്കത്തിൽ പറഞ്ഞാൽ സമയവും കാശുമുണ്ടെങ്കിൽ ഒറ്റ തവണ ചവിട്ടാം.. അല്ല.. കാണാം.. ഈ “പതിനെട്ടാം പടി”.

 

 

 

You might also like