“പട്ടാഭിരാമൻ” കഥയിലെ നന്മ സ്‌ക്രീനിൽ ഇല്ല. റിവ്യൂ വായിക്കാം.

0

പട്ടാഭിരാമൻ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

കണ്ണൻ താമരക്കുളത്തിന്റെ സാമൂഹ്യപാഠം അതാണ് ഒറ്റവാക്കിൽ “പട്ടാഭിരാമൻ” എന്ന ചിത്രം. അസഹനീയമായ കണ്ടു മടുത്ത ഒരു കഥായാത്രയാണ് സിനിമയുടെത്. സിനിമ സാമൂഹ്യപാഠവും സീരിയിലുമാകുമ്പോൾ കാഴ്ച്ചക്കാരന് അത് ദുരന്തവുമാകുന്ന അവസ്ഥ അത് തീയറ്ററിൽ വന്നു തന്നെ അനുഭവിക്കണം.

 

 

ഒരു കല്യാണ കാഴ്ച്ചയോടെ വർണ്ണാഭമായാണ് ചിത്രം ആരംഭിക്കുന്നത്. ടൈറ്റിൽ രംഗത്ത് സാധാരണക്കാരനായി ജയറാം പ്രത്യക്ഷപ്പെടുമ്പോൾ ചെറുതായെങ്കിലും എവിടെയൊ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ തുടർന്ന് സംവിധായകന്റെ പേര് സ്ക്രീനിൽ എഴുതി കാട്ടി കഴിയുമ്പോഴെക്കും . സിരിയൽ കാഴച്ചയുടെ ആരംഭമായി. ജയറാം എന്ന കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരം ഇനി തിരിച്ചു വരില്ല എന്ന തിരിച്ചറിവ് ഈ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർക്കുണ്ടായാൽ തെറ്റ് പറയാനൊക്കില്ല. അത്രയ്ക്ക് ദയനീയമാണ് ചിത്രത്തിൽ പട്ടാഭിരാമനായുള്ള താരത്തിന്റെ പ്രകടനം.

 

 

 

കണ്ണൻ താമരക്കുളം, ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ മുൻസിനിമകളിലേതുപോലെ തന്നെ ഇത്തവണയും സീരിയലായിട്ടുണ്ട് ഈ സിനിമയും. ഒട്ടും കെട്ടുറപ്പും ലോജിക്കുകൾ നഷ്ട്ടപ്പെട്ടതുമായ സിനിമയ്ക്ക് കാശിറക്കാൻ അബാം മൂവീസ് പോലൊരു കമ്പനി എങ്ങനെ തയ്യാറായി എന്നതാണ് അത്ഭുതം. സൂര്യ ടീവി പോലൊരു കമ്പനി സിനിമ ഇറങ്ങുന്നതിന് മുൻപേ സാറ്റ്ലൈറ്റ് അവകാശം വാങ്ങിയതു കൊണ്ട് നിർമ്മാതാവ് സെയിഫ് ആയെങ്കിൽ അത്രയും സന്തോഷം. അത്രയ്ക്ക് ദയനീയമാണ് ചിത്രത്തിന്റെ അവസ്ഥ.

 

 

 

പട്ടാഭിരാമൻ എന്ന ചിത്രത്തിന്റെ കഥാതന്തു ഏറെ കാലിക പ്രാധാന്യമുള്ളതാണ്; എന്നാൽ അതിനെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും സമ്പൂർണ്ണ പരാജയമായി തീർന്നതാണ് ആസ്വാദകരെ തീയറ്ററിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. സിനിമ എപ്പോഴും കാഴ്ച്ചക്കാരന് ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കണം അല്ലാതെ എന്തു പറഞ്ഞാലും ഒരു കാര്യവുമില്ല എന്ന സത്യം എന്നാണാവോ ഈ സിനിമയുടെ സംവിധായകനും എഴുത്തുകാരനും പഠിക്കുക.

 

 

 

ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തി വിൽപ്പന നടത്തുന്നതിനെതിരായി തമിഴിൽ ഇറങ്ങി വിജയം നേടിയ ചിത്രമായ വേലൈക്കാരനും ഈ സിനിമയും സംസാരിക്കുന്ന വിഷയം ഒന്നു തന്നെയാണ്. അത് എത്ര മനോഹരമായ എന്റർടെയിനർ ആയിരുന്നു എന്നത് സിനിമ കണ്ട എല്ലാവർക്കും അറിയാം ആ ചിത്രം മൊഴിമാറ്റി മഴവിൽ മനോരമയിൽ ഇപ്പോഴും ഇടയ്ക്ക് ഇടയ്ക്ക് കാണിക്കുന്നുമുണ്ട് . അത്തരത്തിൽ ചിത്രം കണ്ട പ്രേക്ഷകരെ പറ്റിക്കുകയാണ് ഇവർ ഈ സിനിമയിലൂടെ ചെയ്യുന്നത്.

 

 

 

പ്രേംകുമാർ, സായ് കുമാർ, ദേവൻ പോലെ കഴിവുള്ള താരങ്ങളെ ചെറിയ വേഷങ്ങളിൽ പെർഫോമൻസിനു പോലും അവസരം നൽകാതെ ഒതുക്കികളഞ്ഞെന്നത് പറയാതെ വയ്യ. നായികമാരായെത്തിയ മിയ, ഷീലു എബ്രഹാം എന്നിവർ സാമാന്യം നന്നായി തന്നെ വെറുപ്പിച്ച് കൈയ്യിൽ തരുന്നുണ്ട്. സിനിമയുടെ മൊത്തത്തിൽ ഉള്ള വെറുപ്പിക്കലുകൾക്കിടയിൽ ചില നേരമെങ്കിലും ആശ്വാസിക്കാൻ ഹരീഷ് കണാരന്റെ സാനിധ്യത്തിന് കഴിയുന്നുണ്ട്. ധര്മജന്റെ കോമഡി നമ്പറുകൾ ഇവിടെ പാഴായി പോയി എന്നും എടുത്തു പറയേണ്ടവയാണ്.

 

 

 

തിരുവനന്തപുരം സ്ലാങ്ങ് എന്ന രീതിയിൽ സുധീർ കരമനയെക്കൊണ്ട് ഡയലോഗ് പറയിക്കുന്നത് അസഹനീയമെന്ന അവസ്ഥയായി. ബൈജുവിന്റെ മകന്റെ മരണ രംഗം ദിലീപിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ രംഗത്തോടാണ് ഏറെ സാമ്യം തോന്നിയത് . മികച്ച അഭിനേതാക്കളുടെ ഒരു നിരതന്നെ ചിത്രത്തിൽ ഉണ്ടായിട്ടും ഒട്ടും ഉപയോഗപ്പെടുത്താൻ സംവിധായകന് കഴിഞ്ഞിട്ടില്ല.

 

 

 

 

പാർവ്വതി നമ്പ്യാരെ പോലെ ഒരു താരത്തെ കൊണ്ടുവന്ന് ഒട്ടും വ്യക്തത ഇല്ലാതാക്കി കളഞ്ഞത് എന്താണെന്ന് സംവിധായകനും കൂട്ടരും പിന്നീടെങ്കിലും വ്യക്തമാക്കുമെന്ന് കരുതാം. നല്ലവനായ ഉണ്ണിയായി രമേഷ് പിഷാരടി ഈ സിനിമയിൽ എത്തുന്ന രംഗം രസകരമെങ്കിലും സിനിമയുടെ മെത്തത്തിൽ ഉള്ള ശോകാവസ്ഥയിൽ ഒട്ടും ഏശാതെ പോവുകയാണ്. മാധുരി , ചേർത്തല ജയൻ, ജയപ്രകാശ് , വിജയകുമാർ , ബിജു പപ്പൻ , അബു സലിം , നന്ദു , ഷാജു , ജനാർദ്ദനൻ , ബാലാജി ശർമ്മ , രാജേന്ദ്രൻ , കലാഭവൻ പ്രജോദ് , ദിനേശ് പണിക്കർ , മാസ്റ്റർ അതുൽ , പോൾ താടിക്കാരൻ, അനുമോൾ , മായ വിശ്വനാഥ് , തെസ്നി ഖാൻ , സതി പ്രേംജി , ഷിബാന കൃഷ്ണ , ഗായത്രി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

 

 

 

ആശ്വാസമായ മറ്റൊന്ന് എം ജി ശ്രീകുമാർ പാടിയ ഗാനമാണ്. എന്നാൽ എത്രമാത്രം അരോജകമാകരുത് പശ്ചാത്തല സംഗീതം എന്ന് പഠിക്കുവൻ ഈ ചിത്രം കണ്ടാൽ മതി. അനാവശ്യമായ പശ്ചാത്തല സംഗീതം കൊണ്ടുള്ള ബിൽഡപ്പുകളുടെ ഘോഷയാത്ര തന്നെ ചിത്രത്തിലുണ്ട്.

 

 

 

ചിത്രത്തിലെ ഓരോ രംഗങ്ങളും അമിതമായ സീരിയൽ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുകയാണ്.ഈ സിനിമയിലെ ഓരോ രംഗങ്ങളും പ്രേക്ഷകർക്ക് മുൻവിധിയോടെ തന്നെ പ്രവചിക്കുവാൻ സാധിക്കും അത്രമാത്രം കണ്ടു ശീലിച്ച കാഴ്ച്ചകളാണ് ചിത്രത്തിൽ. നന്മ മരമാകാൻ ജയറാം എന്ന താരം ശ്രമിക്കുമ്പോൾ പഴയ മനോഹര ജയറാം ചിത്രങ്ങൾ ടെലിവിഷനിൽ കണ്ട് സായൂജ്യമടയാനെ ജയറാമിനെ ഇഷ്ട്ടപ്പെടുന്ന കുടുംബ പ്രേക്ഷകർക്ക് വിധിയുള്ളു എന്ന് പറയേണ്ടിവരും.

 

 

 

എന്തായാലും സോഷ്യൽ മീഡിയ ട്രോളുകളിൽ പറയുന്നതു പോലെ ജയറാമേട്ടന് തിരിച്ചുവന്നു കൊണ്ടെയിരിക്കാം. രണ്ട് മണിക്കൂർ ഇരുപത് മിനുട്ട് മെഗാസീരിയൽ കാണാൻ ധൈര്യമുള്ളവർക്ക് തല വെയ്ക്കാം. കണ്ണൻ താമരക്കുളം – ജയറാം ടീം നല്ല ചിത്രവുമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം.

 

 

 

You might also like