മമ്മൂട്ടിയുടെ മാസ്റ്റർ പീസ് ; റാമിന്റെ പേരൻപ് .

0

പേരൻപ് റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

മമ്മൂട്ടി എന്ന നടൻ കുറെകാലമായി തൻ്റെ ഉള്ളിലെ അഭിനേതാവിനെതന്നെ പുതുക്കി നിർമ്മിക്കാൻ എത്രമാത്രം ആഗ്രഹിച്ചിരുന്നെന്ന് അറിയാൻ റാമിൻ്റെ “പേരൻപ്” കണ്ടാൽ മാത്രം മതി. മലയാളത്തിൽ മമ്മൂട്ടി എന്ന മഹാനടന്റെ നിറഞ്ഞാട്ടം കണ്ടിട്ട് വർഷങ്ങളായി. ഒരു നടൻ എന്നതിന് അപ്പുറത്തേക്ക് അദ്ദേഹത്തിന്റെ സ്റ്റാർഡമിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ അദ്ദേഹത്തിനുള്ളിലെ മഹാനടൻ എന്നത് ഓർമ്മ മാത്രമാകുന്ന അവസ്ഥയിൽ അദ്ദേഹത്തിനുള്ളിലെ നടനത്തെ ഇഷ്ട്ടപ്പെടുന്നവർക്കായി മമ്മൂട്ടിയുടെ നിറഞ്ഞാട്ടത്തെ തിരികെ നൽകാൻ തമിഴിൽ നിന്ന് റാം എന്ന സംവിധായകൻ വരേണ്ടി വന്നു.അതെ സ്ക്രീനീൽ മമ്മൂട്ടിയെ ഒരിക്കൽ പോലും കാണാൻ സാധിക്കില്ല അമുദൻമാത്രമേ ഉള്ളു പ്രേക്ഷകർക്ക് മുൻപിൽ.

 

 

 

 

 

അതാണ് റാമിന്റെ ‘പേരൻപ്’ എന്ന ചിത്രത്തെക്കുറിച്ച് ആമുഖമായി പറയാനുള്ളത്. തങ്കമീൻകൾ, കറ്റ്റ്ത് തമിഴ്, താരമണി എന്ന ചിത്രങ്ങൾക്ക് ശേഷം റാം ഒരുക്കിയ തമിഴ് കാവ്യമെന്ന് പേരൻപിനെ വിശേഷിപ്പിക്കാം
സ്പാസ്റ്റിക് പരാലിസിസ് എന്ന പ്രത്യേക മാനസിക ശാരീരിക അവസ്ഥയിലൂടെ ജീവിക്കുന്ന പെൺകുട്ടിയുടെയും അവളുടെ അച്ഛന്റെയും കഥയാണ് പേരൻപ്.

 

 

 

 

 

 

പ്രകൃതിതന്നെ കഥാസഞ്ചാരത്തിന്റെ വഴി കാണിച്ചു തരുന്ന മാജിക്ക് കൂടി ചിത്രത്തിൽ കാണാൻ സാധിക്കും. നമ്മൾ എങ്ങനെയൊക്കെ യാത്ര തുടർന്നാലും എത്ര മുകളിൽ ആണെന്ന് സ്വയം വിശ്വസിച്ചു വച്ചാലും അവസാനം പ്രകൃതിക്ക് മുന്നിൽ എല്ലാ ജീവജാലങ്ങളും തുല്യരാണെന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് ചിത്രത്തിലൂടെ സംവിധായകൻ ചെയ്യുന്നത്.

 

 

 

 

 

 

പത്തുവർഷത്തിന് മുകളിലായി ഗൾഫിൽ ജോലി ചെയ്യുന്ന അമുദനെയും മകൾ പാപ്പയെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം പോകുന്നതോടെ അമുദന്റെ ജീവിതം മാറ്റിമറിക്കപ്പെടുന്നു. ഭാര്യ പോയതോടുകൂടി അസുഖ ബാധിതയായ മകളുടെ സംരക്ഷണം അമുദന് ഏറ്റെടുക്കേണ്ടി വരുന്നു. മകളുടെ ജീവിതം കൗമാരത്തിലേക്ക് എത്തുന്നതോടു കൂടി അയാളുടെ ജീവിതം കൂടുതൽ മാനസിക സംഘർഷത്തിലേക്ക് വീണുപോകുന്നു.

 

 

 

 

 

 

 

തനിയാവർത്തനം, അമരം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം (ഒരു പക്ഷേ അതിനു മുകളിൽ) ഈ സിനിമയിൽ മമ്മൂട്ടി പ്രേക്ഷകർക്കായി കരുതി വച്ചിരിക്കുന്നു. ഇതിൽ സൂപ്പർ താരാംശം ഒട്ടുമില്ലാതെ തന്നെ അദ്ദേഹം അഭിനയിച്ചിരിക്കുന്നു. അമ്മയില്ലാത്ത അസുഖ ബാധിതയായ മകളുടെ ദൈനംദിനകാര്യങ്ങൾ നോക്കുന്ന ഒരച്ഛന്റെ നിസഹായവസ്ഥ കലർപ്പുകൾ ഇല്ലാതെ അതി മനോഹരമായി തന്നെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.

 

 

 

 

 

 

 

പാപ്പയായി അഭിനയിച്ച സാധന വരും കാല സിനിമകളിലൂടെ തന്റെ അഭിനയ മികവുകൊണ്ട് പകരം വെയ്ക്കാനില്ലാത്ത അഭിനേത്രിയെന്ന പേരെടുക്കുമെന്ന് സംശയങ്ങൾക്ക് ഇടനൽകാതെ പറയാൻ കഴിയും. അഭിനയത്തിൽ മമ്മൂട്ടിയുടെ അമുദനോടാണ് സാധനയുടെ പാപ്പ മത്സരിക്കുന്നത്. തങ്കമീൻ കൾ എന്ന ചിത്രത്തിന് ശേഷം റാം സാധനയ്ക്ക് വേണ്ടി പേരൻപ് മാറ്റി വെയ്ക്കുകയായിരുന്നു എന്ന കാര്യത്തിൽ ഒട്ടും അത്ഭുതപ്പെടാൻ ഇല്ല അത്രമേൽ ഭവസാന്ദ്രവും തീവ്രവുമാണ് സാധന അവതരിപ്പിച്ച പാപ്പ എന്ന പേരൻപിലെ കഥാപാത്രം. അഞ്ജലി അമീറിന്റെ ലൈംഗിക തൊഴിലാളിയുടെ വേഷവും വീട്ടുജോലിക്കാരി വിജയലക്ഷ്മിയായി എത്തിയ അഞ്ജലിയും അവരവരുടെ കഥാപാത്രങ്ങളെ പേരൻപിൽ മികച്ചതായി തന്നെ ചെയ്തിട്ടുണ്ട്.

 

 

 

 

 

 

 

കാടും കണ്ണീരും പട്ടണവും പട്ടണവും മഞ്ഞുമെല്ലാം മനോഹരമായി പ്രേക്ഷകർക്കായി പകർത്തിയെടുത്ത തേനി ഈശ്വറിന് കൂടി പേരൻപിന്റെ വിജയത്തിൽ അഭിമാനിക്കാം. അത്രമനോഹരമായിരുന്നു ചിത്രത്തിന് ഒപ്പമുള്ള യാത്ര. യുവൻ ശങ്കർരാജയും വലിയ രീതിയിൽ ചിത്രത്തിന് വേണ്ടി തന്റെ മാന്ത്രിക സംഗീതം നൽകിയിരിക്കുന്നു. സിനിമ ആസ്വാധ്യമാക്കുന്നതിൽ സംഗീതം അത്രത്തോളം തന്നെ കാരണമായിട്ടുണ്ട് ചിത്രത്തിൽ.

 

 

 

 

 

 

 

“പേരൻപ്” അനുഭവിച്ചറിയേണ്ട ചലച്ചിത്രകാവ്യമാണ്. മറ്റ് കൈ കടത്തലുകൾ ഉണ്ടായില്ലെങ്കിൽ ഉറപ്പിക്കാം അമുദൻ മികച്ച നടനുള്ള ദേശീയ അവാർഡ് സമ്മാനിക്കുമെന്ന്.

 

 

 

 

 

 

 

You might also like