പേട്ട – പ്രതികാരത്തിന്റെ പോരാട്ടവും , രജനിയുടെ മാസും …

0

പേട്ട റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

രജനീകാന്ത് എന്ന സൂപ്പർതാരത്തെ അദ്ദേഹത്തിന്റെ ആരാധകർക്ക് മടക്കി നൽകുന്ന ചിത്രമെന്ന് “പേട്ട”യെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. പിസ്സ, ജിഗർതണ്ട തുടങ്ങിയ തമിഴിലെ നവസിനിമ സംവിധായകനായ കാർത്തിക് സുബരാജ് പേട്ടയുമായെത്തുമ്പോൾ അദ്ദേഹമൊരുക്കിയ ആദ്യ ചിത്രങ്ങളുടെ ഫീൽ പ്രതീക്ഷിച്ചാണ് പേട്ടയ്ക്ക് ടിക്കറ്റെടുക്കുമ്പോൾ നിരാശയാകും ഫലം. ഇത് രജനികാന്ത് എന്ന സൂപ്പർ സ്റ്റാറിനെ ആരാധിക്കുന്നവർക്കുള്ള ചിത്രമാണ്.

 

 

 

 

 

ആ രീതിയിൽ തന്നെയാണ് സൂപ്പർ താരത്തിന്റെ സൂപ്പർ ഫാനായ സംവിധായകൻ കാർത്തിക് സുബ്ബരാജ് ചിത്രം ഒരുക്കിയിരിക്കുന്നത്. “പേട്ട” സിനിമയുടെ തുടക്കത്തിൽ തന്നെ ഈ സിനിമയ്ക്ക് തനിക്ക് ഒരേ ഒരു ഇൻസ്പിരേഷൻ വൺ ആൻഡ് ഓൺലി സൂപ്പർ സ്റ്റാർ രജനികാന്ത് എന്ന് എഴുതി കാണിക്കുമ്പോഴും താൻ ഒരു ഡൈഹാർഡ് രജനി ഫാൻ എന്ന് സ്വയം പരിജയപ്പെടുത്തുമ്പോഴും നമുക്ക് ഉറപ്പിക്കാം ഇത് തികച്ചും രജിനിമയം നിറഞ്ഞ ഒരു സിനിമ മാത്രമാകുമെന്ന്. അതു കൊണ്ട് തന്നെ തലൈവരുടെ കട്ട ഫാനായി ടിക്കറ്റെടുത്താൽ ആവോളം തന്നെ ചിത്രം ആസ്വദിക്കാം.

 

 

 

 

 

 

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ആരാധകർക്കാവേശം കൊള്ളാനായി ഒരു പക്കാ രജനി പടം എത്തുന്നത്. നിറങ്ങൾ വാരിവിതറിയ ചില്ലുജാലകങ്ങളും അതിൽ പൂരിതമായെത്തുന്ന വർണ്ണ വെളിച്ചങ്ങളുമുള്ള ഒരു പഴയ സായിപ്പ് ബംഗ്ലാവിനകത്ത് രാത്രി നടക്കുന്ന സംഘട്ടനത്തോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ കാർഡുകൾ കാട്ടി തുടങ്ങുന്നത്. സംഘട്ടനത്തിനിടയിൽ സൂപ്പർ സ്റ്റാറിന്റെ മാസ് ഇൻട്രോ ആരാധകർക്ക് ആവേശം കൊള്ളാനുള്ള വകയിൽ തന്നെ സിനിമയുടെ തുടക്കം. പിന്നെ ചെറിയൊരു ഫ്ലാഷ് ബാക്കിലൂടെ സിനിമ ആരംഭിക്കുന്നു

 

 

 

 

 

 

 

ഊട്ടിയിലെ ഒരു പബ്ലിക്ക് കോളേജിലെ ഹോസ്റ്റൽ വാർഡൻ കാളിയായാണ് ആദ്യ പകുതിയിൽ രജനികാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തികച്ചും നിഗൂഢതകൾ നിറഞ്ഞ ജീവിതമാണ് അയാളുടെത്. കാളിയുടെ കോളേജ് എൻട്രിയും അവിടെയുള്ളവരുമായുള്ള പ്രകടനവുമായി ആദ്യ പകുതി മാസ്സും കോമഡിയുമായി ചിത്രം പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. ഇന്റർവെൽ പഞ്ച് ആകുമ്പോൾ കാളിയിൽ നിന്നും പേട്ട വേലനിലേക്കുള്ള ഫ്ലാഷ് ബ്ലാക്കിലേക്ക് ചിത്രം വഴി മാറും. മധുരയിൽ പേട്ട വേലൻ എന്ന ‘പേട്ട’യുമായി ബന്ധമുള്ള സംഭവ ബഹുലമായ കാര്യങ്ങളും കഥാപാത്രങ്ങളും അതിൽ നിന്നും ഇരുപതു കൊല്ലങ്ങൾക്കു ശേഷമുള്ള പ്രതികാര കഥയുമായി ചിത്രം സഞ്ചരിക്കുന്നു.

 

 

 

 

രണ്ട് മണിക്കൂര്‍ 52 മിനിറ്റോളം തികച്ചും വിൻറ്റെജ് രജനി മയം നിറഞ്ഞ ഒരു സിനിമ എടുക്കുന്നതിൽ സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് വിജയിച്ചിട്ടുണ്ട്. കൂടെ തിരുവിന്റെ ക്യാമറയും ചിത്രത്തിന് ഭംഗി കൂട്ടുന്നു. അനിരുദ്ധിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരു മാസ്സ് എന്റെർറ്റൈനെർ ചിത്രത്തിന് മേൻപൊടി കൂട്ടുന്നവയായിരുന്നു.

 

 

 

 

 

 

 

 

നവാസുദ്ദീൻ സിദ്ദിഖി, വിജയ് സേതുപതി , തൃഷ, സിമ്രാൻ ,ശശികുമാർ, ബോബി സിംഹ തുടങ്ങി ചെറുതും വലുതുമായ താരങ്ങൾ രജനീകാന്തിന്റെ സൂപ്പർ താരപ്രഭാവത്തിൽ വെറും ഉപഗ്രഹങ്ങൾ മാത്രമായി ഒതുങ്ങുന്ന കാഴ്ച്ചയായി മാറി. മലയാളത്തിൽ നിന്നും മാളവിക മോഹനനും മണികണ്ഠൻ ആചാരിയും ചിത്രത്തിലുണ്ട് . മറ്റു കഥാപാത്രങ്ങളിൽ അൽപ്പമെങ്കിലും വ്യക്തിത്വം വിജയ് സേതുപതി അവതരിപ്പിച്ച ജിത്തു എന്ന നല്ലവനായ വില്ലന് മാത്രമാണുള്ളത്.

 

 

 

 

 

 

 

ഇരുപത്തിനാല് വർഷങ്ങൾ ശേഷം അഥവാ ബാഷയ്ക്കു ശേഷം വീണ്ടും ഒരു പൊങ്കൽ റിലീസുമായി സൂപ്പർസ്റ്റാർ രജനികാന്ത് എത്തുമ്പോൾ ഒരു ‘രജനികാന്ത് സിനിമ’ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകന് നിരാശ ആകില്ല “പേട്ട”. കബാലിയോ കാലയോ അല്ല പേട്ട ; പേട്ട രജനി എപ്പടി പോണാലോ അപ്പടിയെ തിരുമ്പി വന്തിട്ടേന്ന് സൊല്ല്….!!

 

 

 

 

 

You might also like