“പൊറിഞ്ചു മറിയം ജോസ്” – ജോഷി ചതിച്ചില്ലാശാനേ.. എന്നാലും !!

0

പൊറിഞ്ചു മറിയം ജോസ് റിവ്യൂ: പ്രിയ തെക്കേടത്

ജോജു ജോർജും, ചെമ്പൻ വിനോദും, നൈല ഉഷയും കാട്ടാളൻ പൊറിഞ്ചുവും പുത്തൻ പള്ളി ജോസും ആലപ്പാട്ട് മറിയവും ആയിമാറിയപ്പോൾ ; കൂടെ ജോഷിയുടെ സംവിധാനത്തിൽ ഒരു ചിത്രം കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് “പൊറിഞ്ചു മറിയം ജോസ്”. ജോഷി എന്ന മലയാളത്തിന്റെ സീനിയർ സംവിധായകന് തന്റെ കഴിഞ്ഞ നാല് പരാജയങ്ങളെ ഇനി മറക്കാം. പ്രേക്ഷകർക്കായി അസ്സൽ തൃശ്ശൂർ പടമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ആക്ഷനും കോമഡിയും സൗഹൃദവും എല്ലാം കൂടെ ഗംഭീര പാക്കേജുമായാണ് ജോഷി നാലുവർഷത്തിന് ശേഷം എത്തിയിരിക്കുന്നത്. എന്നാൽ ജോഷി ചിത്രങ്ങളുടെ മുഖ്യ ആരാധകരായ കുടുംബ പ്രേക്ഷകരെ സംവിധായകൻ കാലം മാറിയപ്പോൾ മറന്നോ എന്നും ഒരു സംശയ ചോദ്യമായി മാറുന്നു ചിത്രം കണ്ടതിനു ശേഷം.

 

 

 

 

തൃശൂരിലെ മൂന്ന് പേരുടെ സൗഹൃദവും പ്രണയവുമാണ് ചിത്രത്തിൽ മുഖ്യമായി പറയുന്നത്. 1965 കാലഘട്ടത്തിലെ സ്കൂൾ ജീവിതം കാണിച്ച് കഥ തുടങ്ങി എൺപതുകളിലേക്ക് ചിത്രം കടക്കുകയാണ്. സ്കൂൾ തൊട്ടുള്ള സൗഹൃദമാണ് മൂന്നുപേരും. പ്രമാണിയായ ആലപ്പാട്ട് വർഗീസിന്റെ മകൾ മറിയത്തിനോട് സൗഹൃദത്തിനപ്പുറത്തേക്ക് പ്രണയം പറയുന്ന പൊറിഞ്ചുവിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചില സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ഇവർ വളർന്നതിനൊപ്പം സൗഹൃദവും വളർന്നു. എന്നാൽ മറിയത്തിന്റെയും പൊറിഞ്ചുവിന്റെയും പ്രണയത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവുന്നതും, രണ്ടുപേരും സിംഗിൾ ആയി ജീവിക്കുന്നതെല്ലാം രസകരമായി ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.

 

 

 

 

 

ഇവർക്കിടയിൽ കിടന്ന് ബുദ്ധിമുട്ടുന്ന ജോസ് . ഇരുവർക്കും പരസ്പരം ഇപ്പോഴും ഇഷ്ടമാണ് പക്ഷെ ഒരു വൻമരമാണ് ഇവർക്കിടയിൽ തടസമായി നിൽക്കുന്നത്. പൊറിഞ്ചു മറിയത്തിന്റെ മനസ് മാറുന്നതിനായി കാത്തിരിക്കുകയാണ്. ഇവരുടെ ആത്മ ബന്ധങ്ങൾക്കിടയിലേക്ക് വലിഞ്ഞുക്കേറി വരുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. തൃശ്ശൂരിൽ കാണുന്ന ചില ഗ്യാങ്ങുകളും പള്ളിപെരുന്നാളും എല്ലാം ഉഷാറായി കാണിക്കുന്നുണ്ട്. നാട്ടിലെ എല്ലാവർക്കും പേടിയുള്ള പൊറിഞ്ചു അവിടുത്തെ പ്രമാണിയായ ഐപ്പെട്ടന്റെ വലംകൈയ്യാണ്. ഐപ്പെട്ടന്റെ കുടുംബവുമായുള്ള ചില വഴക്കുകളാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പറയുന്നത്.

 

 

 

 

ആദ്യ പകുതി ഏറെ കുറെ രസകരമാകുമ്പോൾ രണ്ടാം പകുതിയിലെ ചില രംഗങ്ങൾ കല്ലുകടിയായി മാറുന്നുണ്ട് . ക്ലൈമാക്സിലെ ട്വിസ്റ്റ് ഒരു അർഥത്തിൽ ചിത്രത്തെ രക്ഷിക്കുന്നുണ്ട്. മാസും തമാശയും ആക്ഷനുമൊക്കെയായി ചിത്രം യുവാക്കൾക്ക് ഇഷ്ടപെടുന്ന പാക്കേജ് നൽകുന്നുണ്ട്. എന്നാൽ ചിത്രത്തിലെ വയലൻസ് കുടുംബപ്രേക്ഷകർക്കു എത്രത്തോളം ദഹിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

 

 

 

 

 

ജോജു ജോർജിന്റെ കാട്ടാളൻ പൊറിഞ്ചു മാസ്സ് റോളുകളുടെ ആരാധകരെ തൃപ്തിപെടുത്തുന്ന കഥാപാത്രമാണ്. എവിടെയൊക്കെയോ നരനിലെ വേലായുധന്റെ നിഴലായി തോന്നാം ഈ പൊറിഞ്ചുവിനെ. ജോസായി എത്തുന്ന ചെമ്പൻ വിനോദ് തന്റെ തമാശയും ഡിസ്ക്കോ ഡാൻസും കൊണ്ട് കയ്യടി നേടുന്നുണ്ട്. നൈല ഉഷ അവതരിപ്പിക്കുന്ന മറിയം എന്ന കഥാപാത്രം തന്റേടിയും ആത്മാഭിമാനമുള്ള നായികയാണ്. നൈല ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ റോൾ തന്നെയാണ് മറിയം. സലിം കുമാർ, ടി.ജി രവി, സുധി കോപ്പ, നന്ദു, രാഹുൽ മാധവ്, സ്വാസിക, സരസ ബാലുശ്ശേരി, മാലാ പാർവ്വതി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്.

 

 

 

 

എൺപതുകളുടെ പശ്ചാത്തലം മികവുറ്റതായാണ് അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയിൽ ഒപ്പിയെടുത്തിയിരിക്കുന്നത്. ജേക്സ് ബിജോയുടെ സംഗീതവും ചിത്രത്തിന്റെ ഒഴുക്കിനോട് ചേർന്ന് നിൽക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്‍റെ ബാനറില്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്.

 

 

 

 

“പൊറിഞ്ചു മറിയം ജോസ്” മലയാളത്തിന്റെ മുതിർന്ന സംവിധായകൻ ജോഷിയുടെ മികച്ച സിനിമകളുടെ പട്ടികയിൽ കൂട്ടിച്ചേർക്കാവുന്ന ഒരു ചിത്രമെന്ന് അവകാശപെടാനാകില്ല. കാരണം യുവ പ്രേക്ഷകരെ മാത്രം തൃപ്തിപ്പെടുത്തുന്ന സിനിമകൾ അല്ല ജോഷിയുടെ കയ്യൊപ്പ് പതിഞ്ഞ സിനിമകൾ. എന്നാൽ അദ്ദേഹത്തിന്റെ മുൻചിത്രങ്ങളായ ‘ലോക്‌പാൽ ‘, ‘അവതാരം’, ‘ലൈല ഓ ലൈല’ എന്നിവയുമായി താരതമ്യം ചെയ്താൽ “പൊറിഞ്ചു മറിയം ജോസ്” കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ്.

 

 

 

 

You might also like