പ്രാണനില്ലാത്ത ‘പ്രാണ’…

0

പ്രാണ റിവ്യൂ: പ്രിയ തെക്കേടത്

 

 

 

‘പേടി ‘….ആ വികാരം മറ്റുള്ളവയിൽ നിന്ന് മാറിനിൽക്കുന്നത് മറ്റുള്ളവരെ പേടിപെടുത്തുവാനാണ് ഏറ്റവും പ്രയാസം. പേടികൾക്കെതിരെ ജീവിതം സമരമാക്കിയ ഒരു എഴുത്തുകാരിയുടെ അന്വേഷണമാണ് വി കെ പ്രകാശിന്റെ ‘പ്രാണ’. ചിത്രം നാലു ഭാഷകളിൽ എത്തിയപ്പോൾ മലയാളികൾക്ക് ഇത് പുതിയ അനുഭവമായിരുന്നു. ചിത്രത്തിൽ നിത്യാമേനോൻ എന്ന ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്നു. ചിത്രത്തിലെ മികച്ച സാങ്കേതികതയും ചിത്രത്തെ മുൻനിരയിൽ എത്തിക്കുന്നു. ‘ലൈവ് സറൌണ്ട് സിങ്ക്’ ശബ്ദവിന്യാസത്തിന്റെ വിനിയോഗം, എന്നീ പ്രത്യേകതകളാല്‍ റിലീസിന് മുന്‍പ് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു ചിത്രം. കൂടാതെ, മലയാളികള്‍ക്ക് പ്രിയങ്കരിയായ നായിക നിത്യാ മേനന്‍ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു എന്നതും ‘പ്രാണ’യ്ക്ക് മുതല്‍ കൂട്ടായി. എന്നാൽ ചിത്രത്തിന് അണിയറ പ്രവർത്തകർ നൽകിയ പ്രൊമോഷൻ പാളിച്ചകൾ കാരണം ചിത്രത്തിന് വളരെ മോശം വരവേൽപാണ്‌ തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്.

 

 

 

 

 

കഥ ഇങ്ങനെ….
ജനിമൃതികളുടെ രഹസ്യം യമനിൽ നിന്നു അറിയാൻ ശഠിക്കുന്ന നചികേതസിന്റെ കഥ പരാമർശിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. നചികേതസിനെപ്പോലെയാണ് പ്രാണയിലെ താര അനുരാധ എന്ന എഴുത്തുകാരി. ചോദ്യങ്ങൾ ചോദിക്കാൻ മടിയില്ല. സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന തന്റേടിയായ എഴുത്തുകാരിയാണ് താര. ഇഷ്ടമുള്ള വിശ്വാസങ്ങൾ മുറുകെ പിടിക്കാനും ഇഷ്ടമുള്ളവരെ പ്രണയിക്കാനും ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനും സ്വാതന്ത്ര്യമുണ്ടെന്നു വിശ്വസിക്കുന്ന യുവതി.

 

 

 

 

 

അവരുടെ പുതിയ പുസ്തകം ‘മ്യൂസിക് ഓഫ് ഫ്രീഡം’ ചിലരെ അസ്വസ്ഥരാക്കുന്നു. പുസ്തകത്തിനും എഴുത്തുകാരിക്കും എതിരെയാണ് അവർ. അവരുടെ എതിർപ്പുകൾക്കിടയിലാണ് അനുരാധ പുതിയൊരു അന്വേഷണത്തിനു ഇറങ്ങിത്തിരിക്കുന്നത്. പ്രേതബാധയുണ്ടെന്നു വിശ്വസിക്കുന്ന വീട്ടിൽ താമസിച്ചു ഒരു വിഷ്വൽ ഡയറി തയ്യാറാക്കാൻ ഒരുങ്ങുന്ന അനുരാധയുടെ ജീവിതമാണ് 107 മിനിറ്റ് ദൈർഘ്യമുള്ള പ്രാണ എന്ന ചിത്രം.

 

 

 

 

 

പാളിപ്പോയ വി കെ പി പരീക്ഷണം !!
പരീക്ഷണചിത്രമാണ് എന്നു പ്രഖ്യാപിച്ചുകൊണ്ടു തന്നെയാണ് സംവിധായകൻ വി.കെ പ്രകാശ് ‘പ്രാണ’ എന്ന ചിത്രത്തെ പരിചയപ്പെടുത്തിയത്. എന്നാൽ ആ പരീക്ഷണം പാളിപോയ മട്ടിലാണ് ചിത്രം സ്‌ക്രീനിൽ വന്നപ്പോൾ പ്രേക്ഷകന് അനുഭവപ്പെട്ടത്. സിനിമയുടെ ഒരു ഘട്ടത്തിൽ പോലും താര അനുരാധ എന്ന കഥാപാത്രം മടുപ്പുളവാക്കുന്നില്ല. പക്ഷേ തിരക്കഥയിൽ ഉത്ഭവപ്പെടുന്ന മടുപ്പിക്കൽ പ്രേക്ഷന് അരോചകമായി മാറുന്നു. തിയേറ്ററുകളിൽ ആദ്യ ദിനം പോലും ശരാശരി കാഴ്ചക്കാർ ഇല്ലാതെ പോയതും ചിത്രത്തിന് വിനയായി.

 

 

 

 

 

 

പ്രാണ പേടിപ്പെടുത്തുന്നുവോ ?
പ്രേതത്തിന്റെ ചുരുളഴിക്കുന്ന സ്ഥിരം ഹൊറർ ചിത്രങ്ങളുടെ കഥാഗതിയല്ല പ്രാണയുടേത്. അവിടെയാണ് പ്രാണ എന്ന ചിത്രം വ്യത്യസ്തമാകുന്നതും. മലയാളത്തിലിറങ്ങുന്ന ഒട്ടുമിക്ക ഹൊറർ സിനിമകളിലെയും ഒഴിവാക്കാനാവാത്ത ഘടകമാണ് നർമരംഗങ്ങൾ. നമുക്ക് ചുറ്റുമുള്ള പലതരം പേടികളിലേക്കാണ് ‘പ്രാണ’ പ്രേക്ഷകരെ കൂട്ടി കൊണ്ടു പോകുന്നുണ്ട്. പ്രേതം, ആത്മാവ് തുടങ്ങിയ മിത്തുകളോട് അല്ലെങ്കില്‍ സങ്കല്‍പ്പങ്ങളോടുള്ള ഭയമാകാം, നമ്മുടെ സ്വാതന്ത്ര്യത്തിലേക്കും അവകാശങ്ങളിലേക്കും അനുവാദമില്ലാതെ കടന്നു കയറ്റം നടത്തുന്ന സിസ്റ്റത്തോടുള്ള ഭയമാകാം. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും കഴിയാതെ വരുമ്പോള്‍ ഇഷ്ടപ്പെട്ട മരണം തിരഞ്ഞെടുക്കാനുള്ള അവകാശത്തിലേക്ക് മനുഷ്യനെ തള്ളി വിടുന്ന, മരണം പലപ്പോളും പ്രതിഷേധമാകുന്ന അവസ്ഥയെ കുറിച്ച് ‘പ്രാണ’ ചിന്തിപ്പിക്കുന്നുമുണ്ട്. ഭയത്തിന്റെ പ്രതീതി സൃഷ്ടിക്കാന്‍ ഒരു പരുതിവരെ ആദ്യ പകുതിയില്‍ സംവിധായകൻ വി കെ പ്രകാശിന് സാധിക്കുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ പൊട്ടിയ പട്ടം പോലെ ചിത്രം അലയുന്ന അവസ്ഥ ആണ് കാണുന്നത്.

 

 

 

 

 

 

സാങ്കേതിക മികവ്….
ലോകോത്തര നിലവാരമുള്ള ടെക്നീഷ്യൻമാരെ അണിനിരത്തി ലോകോത്തര നിലവാരമുള്ള സിനിമ തന്നെയാണ് വി.കെ പ്രകാശ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. കലാമൂല്യമുള്ള സിനിമാ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു പാഠപുസ്തകമാണ് ഈ സിനിമ. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും പ്രാണ നിരാശരാക്കില്ല. ‘ലൈവ് സറൌണ്ട് സിങ്ക് സൗണ്ട്’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ‘പ്രാണ’യുടെ ശബ്ദവിന്യാസം നടത്തിയിരിക്കുന്നത്. ഓരോ ശബ്ദവും ഏറ്റവും മികവോടെ ഒപ്പിയെടുത്ത്, അവതരിപ്പിച്ചു കൊണ്ട് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി തന്റെ പ്രതിഭ ഒന്ന് കൂടി തെളിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. എന്നാൽ അതൊന്നും ഒരു സാധാരണ പ്രേക്ഷന് മനസിലാവുന്നതുമില്ല.

 

 

 

 

 

 

വളരെ വേറിട്ട സിനിമാ അനുഭവം ആഗ്രഹിക്കുന്നവര്‍ വേണമെങ്കിൽ ‘പ്രാണ’യ്ക്ക് ടിക്കറ്റ് എടുക്കാം. വാണിജ്യ സിനിമാ ചേരുവകള്‍ പ്രതീക്ഷിച്ചു പോകുന്നവരെ ചിലപ്പോള്‍ നിരാശപ്പെടുത്തുകയും ചെയ്യും. കാരണം ചിത്രം നിങ്ങളുടെ ക്ഷമയുടെ പ്രാണനെ പരീക്ഷിക്കും…!!!

 

 

 

 

 

 

 

You might also like