“പ്രതി പൂവൻ കോഴി” ആണും പെണ്ണും കോർക്കുമ്പോൾ – റിവ്യൂ വായിക്കാം .

0

പ്രതി പൂവൻ കോഴി റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

“പ്രതി പൂവൻ കോഴി” ആണഹന്തയുടെ മുനയൊടിക്കുവാനുള്ള പെണ്ണിന്റെ യാത്രയുടെ കഥയാണ് റോഷൻ ആൻഡ്രൂസ് ; ഉണ്ണി ആറിന്റെ രചനയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥാപശ്ചാത്തലം. മഞ്ജുവാര്യർ പ്രധാന വേഷത്തിൽ എത്തിയ ഈ സിനിമയിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെയാണ് വില്ലൻ വേഷത്തിൽ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

 

 

 

കോട്ടയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. യാത്രകൾക്കിടയിലും അല്ലാതെ ഉള്ള ഇടങ്ങളിൽ നിന്നും സ്ത്രീകൾക്ക് പുരുഷൻമാരുടെ ഇടയിൽ നിന്ന് അനുഭവിക്കേണ്ടി വന്നിട്ടുള്ള അല്ലെങ്കിൽ വരുന്ന മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതി പൂവൻകോഴി എന്ന ഈ സിനിമയുടെയും കഥ വികസിക്കുന്നത്. മാധുരി എന്ന യുവതിക്ക് ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ ഗുണ്ടയായ ആന്റപ്പനിൽ നിന്നുണ്ടാകുന്ന മോശം അനുഭവത്തിലൂടെയാണ് ചിത്രം അതിന്റെ തീവ്രമായ അവസ്ഥയിലേക്ക് കടക്കുന്നത്. തുടക്കത്തിൽ മധുരിയുടെ സാധാരണ ജീവിത കാഴ്ച്ചകളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

 

 

 

അവളും അവളുടെ അമ്മയും, തുണിക്കടയിലെ അവളുടെ സൗഹൃദങ്ങളും ചെറിയ ചെറിയ പ്രശ്നങ്ങളും ഒക്കെയായുള്ള ജീവിതത്തിനിടയിലേക്കാണ് കോട്ടയം ചന്തയിലെ ഗുണ്ടയായ ആന്റപ്പൻ കയറി വരുന്നത്. അയാൾ അനാവശ്യമായി അവളുടെ ശരീരത്തിൽ കടന്നു പിടിക്കുന്നതോടെ അവളുടെ അവളുടെ ജീവിതവും മാറി മറയുന്നു. അവനോട് പ്രതികാരം ചെയ്യുവാനുള്ള മാർഗ്ഗം തേടിയാണ് പിന്നീട് അവൾ ഓരോ ദിവസവും ഉണരുന്നത് തന്നെ. ഒരു ദിവസം അവനെ അന്വേഷിച്ച് കോട്ടയം ചന്തയിൽ ചെല്ലുന്ന അവളും സുഹൃത്ത് റോസമ്മയും ആന്റപ്പൻ അയാളോട് ഏറ്റുമുട്ടാൻ വരുന്ന ഗുണ്ടകളെ മുഴുവൻ അതിക്രൂരമായി അടിച്ചൊതുക്കുന്നതാണ് കാണുന്നത് എന്നാൽ അവന്റെ ശക്തി കണ്ടൊന്നും മാധുരി പിൻമാറാൻ കൂട്ടാക്കുന്നില്ല.

 

 

 

അവൾ കൂട്ടുകാരിക്കൊപ്പവും അല്ലാതെയും അവനോട് പ്രതികാരം ചെയ്യുവാനായി പിൻതുടരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ പോലും അവൾക്ക് അവനെ നേരിട്ട് കിട്ടുന്നുമില്ല.ഒരു ഘട്ടത്തിൽ അവർ റെയിൽവേ സ്റ്റേഷനിൽവച്ച് നേർക്കുനേർകാണുന്നു അന്നാകട്ടെ പ്ലാറ്റ്ഫോമിന് അപ്പുറത്ത് നിന്ന് നിർത്തിയിട്ട ട്രെയിനിടയിലൂടെ അന്റപ്പനെ അതിക്രൂരമായി വെട്ടിവീഴ്ത്തുന്നതിന് അവൾക്ക് ദൃസാക്ഷിയാകേണ്ടിയും വരുന്നു.മറ്റുള്ളവർ നോക്കി നിൽക്കുന്നതല്ലാതെ അയാളെ രക്ഷപ്പെടുത്തുവാൻ തുനിയുന്നുമില്ല എന്നാൽ മാധുരിയും സുഹൃത്ത് റോസ് മേരിയും ചേർന്ന് അയാളെ രക്ഷപെടുത്തുന്നു. ഏറെ രസകരമായ കാര്യം രക്ഷകയായ മാധുരി ആന്റപ്പനോട് എങ്ങനെ പ്രതികാരം തീർക്കും എന്നതാണ്. അതാണ് ചിത്രത്തിന്റെ അവസാനകാഴ്ച്ചവരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിന്റെ പ്രധാന സംഗതികളിൽ ഒന്ന്.

 

 

 

 

മഞ്ജു വാര്യരുടെ അഭിനയ മികവിൽ പിറന്ന മറ്റൊരു കഥാപാത്രമാണ് മാധുരി. പാളിപ്പോകാവുന്ന പല രംഗങ്ങളും കയ്യടക്കത്തോടെ ലേഡി സൂപ്പർ താരം അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഏറ്റവും വലിയ സംഭാവന റോഷൻ ആൻഡ്രൂസ് എന്ന നടനെ മലയാളികൾക്ക് ലഭിച്ചു എന്നതാണ്. ആന്റപ്പൻ എന്ന നെഗറ്റീവ് കഥാപാത്രമായി സിനിമയിൽ നിറഞ്ഞാടുകയാണ് റോഷൻ. ഏത് റോളുകളും അഭിനയിക്കുവാനായി ഇനി റോഷനെക്കൂടി പരിഗണിക്കാം ധൈര്യപൂർവ്വം. അനുശ്രീ അവതരിപ്പിച്ച റോസ് മേരിയാണ് ചിത്രത്തിലെ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം.നമുക്കൊക്കെ കണ്ട് പരിജയമുള്ള ആരോ ആണെന്നെ തോന്നു. അത്ര തന്നെ രസകരമായി അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അലൻസിയർ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, ശ്രീകുമാർ തുടങ്ങിയ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

 

 

 

റോഷൻ ആൻഡ്രൂസിന്റെ പതിവ് സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ സിനിമ. ഏറെക്കുറെ ഊഹിച്ചെടുക്കാവുന്ന കഥാപശ്ചാത്തലം. എന്നാൽ വലിയ മടുപ്പിക്കലുകൾ ഇല്ലാതെ കഥ പറഞ്ഞു തീർക്കുന്നതിൽ വിജയിച്ചു എന്നതാണ് ചിത്രം കാണുന്ന ഓരോരുത്തർക്കും മനസ്സിലാക്കാം. ചിത്രത്തിന്റെ ഒതുക്കത്തിന് ശ്രീകർ പ്രസാദിന് കൈയ്യടി നൽകാം. കൃത്യമായ ഇടങ്ങളിൽ തന്നെ കത്രിക വച്ചിട്ടുണ്ട് അദ്ദേഹം. ചിത്രത്തിലെ ഗാനങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നവയല്ലെങ്കിലും സിനിമയുടെ കഥയ്ക്ക് ഒപ്പം കേൾക്കുമ്പോൾ സുഖം തരുന്നവയാണ്. ചിത്രലെ രംഗങ്ങൾ എല്ലാം തന്നെ മനോഹരമായി തന്നെ ഛായാഗ്രാഹകർ പകർത്തിയിട്ടുണ്ട്. ഗോകുലം മൂവീസ് നിർമ്മിച്ച “പ്രതി പൂവൻ കോഴി” ക്രിസ്മസ് അവധിക്കാലത്ത് കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ്.

 

 

You might also like