പേടിപ്പിക്കാൻ മറന്ന് പോയ പ്രേതം !!

0

പ്രേതം 2 റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

രഞ്ജിത്ത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ടിൽ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തു പരിശോധിച്ചാൽ ടെലിവിഷനിലെ സീരിയൽ നിലവാരത്തിലുള്ളവയാണ് ഏറെക്കുറെ മനസ്സിലാക്കാം. അത്തരത്തിലുള്ള സീരിയൽ ശ്രമം മാത്രമാണ് “പ്രേതം 2” എന്ന് ഒറ്റ വാക്കിൽ പറയാം. എന്നു വച്ചാൽ ജയസൂര്യ എന്ന നടന്റെ ജനപ്രീതിയെ കച്ചവടം നടത്തി കാശാക്കാനുള്ള ശ്രമം മാത്രാമാണിത്. നേരത്തെ തന്നെ പറഞ്ഞുറപ്പിച്ച ബിസ്സിനസ്സ് ഒന്നു കൊണ്ട് മാത്രമാണ് ഈ കൂട്ടുകെട്ടിൽ പിറന്ന ഞാൻ മേരിക്കുട്ടിയും ഇപ്പോൾ പ്രേതം2 വും അടക്കമുള്ള ചിത്രങ്ങളുടെ പിറവി തന്നെ എന്നത് സിനിമ കാണുന്ന ഓരോരുത്തർക്കും മനസ്സിലാക്കാം.

 

 

 

 

ഈ കൂട്ടുകെട്ടിൽ അൽപ്പം ഭേദമായി തോന്നിയത് ‘സുസു..സുധി വാത്മീകം’ മാത്രമാണെന്ന് പറഞ്ഞു കൊള്ളട്ടെ. ഇത്തവണ പ്രേതക്കളി റിസോട്ടിൽ നിന്നും വരിക്കാശ്ശേരി മനയിലേക്ക് മാറ്റിയിട്ടുണ്ടെന്ന വ്യത്യാസം മാത്രം. ആദ്യ പ്രേതത്തിൽ നിന്ന് രണ്ടാം പ്രേതത്തിലേക്ക് എത്തുമ്പോൾ ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രത്തിന് ആദ്യത്തേതിൽ നിന്ന് അധികമായി എന്തെങ്കിലും ചെയ്യാൻ ഉണ്ടായോ എന്നതും സംശയമാണ്. സത്യത്തിൽ രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ ന്യൂ ജനറേഷൻ ശ്രമമാണോ നടത്തുന്ന തെന്നും ഈ സെയിഫ് സോൺ സിനിമകൾ കാണുമ്പോൾ പ്രേക്ഷകന് തോന്നിയാൽ കുറ്റം പറയാൻ ആകില്ല.

 

 

 

ആദ്യ ഭാഗത്തിലേതു പോലെ തന്നെ സൈബർ ക്രൈമിന്റെ ഇരയാണ് രണ്ടാം കഥയിലെ മിനോൺ അവതരിപ്പിക്കുന്ന പ്രേതകഥാപാത്രവും. ആദ്യം പെൺപ്രേതമായിരുന്നെങ്കിൽ ഇപ്പോൾ ആൺ പ്രേതമാണെന്ന വ്യത്യാസം മാത്രമേ ചിത്രത്തിനുള്ളു എന്നതാണ് സത്യം. വരിക്കാശ്ശേരി മനയിലേക്ക് ഷോട്ട് ഫിലിം ചിത്രീകരണത്തിനായി എത്തുന്ന അഞ്ച് സുഹൃത്തുക്കളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പകുതി മുന്നോട്ട് പോകുന്നത്. ഈ അഞ്ചു പേരും സോഷ്യൽ മീഡിയ വഴി പരിജയപ്പെട്ടവരാണ്. അതും സിനിമ പ്രാന്തന്മാർ എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പുവഴി . രാമാനന്ദ് കളത്തിങ്കൽ, തപസ് മേനോൻ, ജോഫിൻ,അനു തങ്കം പൗലോസ്, നിരഞ്ജന എന്നി സുഹൃത്തുക്കളെ സിദ്ധാർത്ഥ് ശിവ, അമിത് ചക്കാലയ്ക്കൽ, ഡെയ്‌ൻ ഡേവിസ്, ദുർഗ കൃഷ്ണ, സാനിയ ഇയപ്പൻ എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

 

ആദ്യ പ്രേത സിനിമയിൽ നിന്ന് അജുവർഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിന് അവസാനമാകുമ്പോൾ അതിഥികളായി എത്തുന്നുണ്ട്. രാഘവൻ, ജയരാജ് വാര്യർ , മണികണ്ഠൻ പട്ടാമ്പി , മാല പാർവ്വതി, മധുപാൽ, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്. ആദ്യ ചിത്രത്തിലെ കഥ നടക്കുന്ന ഇടവും കഥാപാത്രങ്ങളും മാറിയെന്ന വ്യത്യാസം മാത്രമേ പ്രേതം രണ്ടിനുള്ളു. ശരിക്കു പറഞ്ഞാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഒഴിച്ച് ഇച്ചിരി രുചിയിലും നിറത്തിലും വ്യത്യാസം വരുത്തിയിരിക്കുന്നു എന്നു മാത്രം. മെന്റലിസവും ഹൊററും സൈബര്‍ ക്രൈമും കുത്തി തിരുകിയ കോമഡികളും മിശ്രിതമാക്കി പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രേതമായി മാറുന്നു സിനിമ.

 

 

 

ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതം ചിത്രത്തോട് ചേർന്ന് നിൽക്കുന്നുണ്ട് . ചിത്രത്തിലെ ഇന്റെർവൽ രംഗവും പ്രേതത്തിന്റെ ഇൻട്രോ രംഗവും ഒഴിച്ചു നിർത്തിയാൽ വിഷ്ണുനാരായണന്റെ ക്യാമറ കണ്ണുകൾ അധികം പുതുമ ഒന്നും തരുന്നില്ല. സാജന്റെ എഡിറ്റിങ്ങിനും കാര്യമായി എന്തെങ്കിലും ചെയ്യാൻ ഉണ്ടായിരുന്നോ എന്നത് സംശയമാണ്. അതിന് കാരണമായി തോന്നിയത് മോശം തിര നാടകമാണെന്നതാണ്. എന്നാലും സ്ഥിരം പ്രേത സിനിമ ക്ളീഷകളായ മന്ത്രവാദം , നിലവിളി , രാത്രികളിലെ പ്രേത സഞ്ചാരം , പട്ടിയുടെ ഓരിയിടൽ എന്നിവ ഒഴിവാക്കിയ സംവിധായകന് ഒരു ചെറിയ കയ്യടി.

 

 

 

 

ജയസൂര്യയുടെ ജോൺ ഡോൺ ബോസ്കോ പ്രേതത്തിൽ നിന്നും ‘പ്രേതം 2’ലേക്ക് എത്തുമ്പോൾ കഥാപാത്രത്തിന്റെ ഊര്‍ജ്ജം കുറഞ്ഞിരിക്കുന്നു. ആദ്യ ചിത്രത്തിലെ പോലെ പ്രേതത്തെ സഹായിക്കുന്ന ഒരു നന്മ നിറഞ്ഞ മെന്റലിസ്റ് തന്നെയാണ് നായകൻ ഇതിലും. സിദ്ധാര്‍ത്ഥ് ശിവയുടേയും ഡെയ്ന്‍ ഡേവിസിന്റെയും കഥാപാത്രങ്ങൾ ചില രംഗങ്ങളിൽ സാഹചര്യ ഹാസ്യ ഉണർത്തുന്നുണ്ടെങ്കിലും പലപ്പോഴും പ്രേക്ഷകനെ ചൊടിപ്പിക്കുന്നുണ്ട്. മോഹൻലാൽ ആരാധകരുടെ കയ്യടി പ്രതീക്ഷിച്ചു സംവിധായകൻ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കുത്തി നിറച്ച മോഹന്‍ലാല്‍ ഡയലോഗുകള്‍ പ്രേക്ഷകന് തികച്ചും അരോചകമായി തീർന്നു. ചിത്രത്തിൽ നായികമാരായി എത്തിയത് വിമാനം ഫെയിം ദുർഗ്ഗ കൃഷ്ണയും , ക്വീൻ ഫെയിം സാനിയ ഇയ്യപ്പനുമാണ്. ദുർഗ്ഗയിൽ മണിച്ചിത്രത്താഴിലെ ഗംഗയെ കൊണ്ട് വരാൻ പലപ്പോഴും ശ്രമിച്ചെങ്കിലും അതു പാഴായി പോയി. സാനിയയുടെ കഥാപാത്രം ശരീര ഭംഗിയും മെയ് വഴക്കവും കാണിക്കാൻ വേണ്ടി മാത്രം ഒതുങ്ങി നിന്നു. എന്നാലും സാനിയയുടെ നൃത്ത രംഗങ്ങൾ ശ്രദ്ധേയമാണ്. അമിത് ചക്കാലയ്ക്കൽ തനിക്ക് ലഭിച്ച സംവിധായകന്റെ കഥാപാത്രം മനോഹരമാക്കി. പ്രേതമായി എത്തിയ മിനോൺ ഡയലോഗുകൾ അധികമില്ലാത്ത പിടിച്ചു നിന്നു.

 

 

 

 

ക്ലൈമാക്സിലെ ട്വിസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന് നിരാശയാണ് ഫലം. പ്രേതം ഒന്നിന്റെ പ്രതീക്ഷകളുമായി ചിത്രം കാണാൻ കയറരുത് എന്നുസാരം. ചുരുക്കി പറഞ്ഞാൽ ജയസൂര്യയുടെ ജോൺ ഡോൺ ബോസ്കോയെ കാണാൻ ആഗ്രഹിക്കുന്നവർ മാത്രം പ്രേതം2വിന് ടിക്കറ്റ് എടുത്താൽ മതി.

 

 

 

 

 

 

You might also like