“മൂത്തോന്‍” മുന്നില്‍ തന്നെ ; റിവ്യൂ വായിക്കാം.

നിവിന്‍ പോളിയുടെ "മൂത്തോന്‍" കണ്ട് തിയേറ്റര്‍ വിട്ടിറങ്ങിയാലും നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സില്‍ മൂത്തോനുണ്ടാകും

“മൂത്തോന്‍” മുന്നില്‍ തന്നെ ; റിവ്യൂ വായിക്കാം.

0

മൂത്തോന്‍ റിവ്യൂ: മീര ജോൺ

 

നിവിന്‍ പോളിയുടെ “മൂത്തോന്‍” കണ്ട് തിയേറ്റര്‍ വിട്ടിറങ്ങിയാലും നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സില്‍ മൂത്തോനുണ്ടാകും. മൂത്തോന്‍ നിങ്ങളുടെ മനസ്സിനെ വേട്ടയാടിയേക്കാം. കാരണം മൂത്തോന്‍ ഒരു കെട്ടുകഥയല്ല, പ്രണയത്തിന്റെ…. സ്വാര്‍ത്ഥതയുടെ തുടങ്ങീ വ്യത്യസ്ത മാനുഷിക ഭാവങ്ങളുടെ തീവ്ര ആവിഷ്‌കാരമാണ് മൂത്തോന്‍. ഒരു നല്ല ചിത്രം കണ്ടിറങ്ങിയതിന്റെ സന്തോഷവും സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുന്നതാണ് മൂത്തോന്‍. ലോക സിനിമാ വേദികളില്‍ ഇതിനോടകം പ്രശംസ പിടിച്ചുപറ്റിയ ചിത്രം ചലച്ചിത്ര പ്രേമികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നു.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ പിറന്ന മൂത്തോന്‍ ഒരു മാസ് ചിത്രമല്ലെങ്കിലും പ്രതീക്ഷകളോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്നുണ്ട്. സംവിധാനത്തെ ബലപ്പെടുത്തുന്ന തിരക്കഥയാണ് ഗീതു മോഹന്‍ദാസിന്റേതാണ്. അപ്രതീക്ഷിതമായ പല ട്വിസ്റ്റുകളുമുണ്ട് ചിത്രത്തില്‍. മൂത്ത സഹോദരനെ തേടിയുള്ള മുല്ലയുടെ യാത്രയാണ് മൂത്തോന്‍ പറയുന്നത്. മുല്ല ലക്ഷദ്വീപില്‍ നിന്നും മുംബൈയിലെ കാമാത്തിപുരയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മൂത്തോന്റ കഥാതന്തു.

മുംബൈയിലെത്തുന്ന മുല്ല ആകസ്മികമായി എത്തിച്ചേരുന്നത് അക്ബാര്‍ ഖാന്‍ എന്ന ഗുണ്ടയുടെ കരങ്ങളിലാണ്. അക്ബാര്‍ ഖാന്‍ ആയി വേഷമിടുന്നത് നിവിന്‍ പോളിയാണ്. മയക്കുമരുന്ന് കച്ചവടം നടത്തിയും കുട്ടികളെ ജോലിക്ക് വിട്ടും ഉപജീവനം നടത്തുന്ന അക്ബാര്‍ ഖാനോട് തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അത്ര മതിപ്പുണ്ടാകില്ല. സ്വന്തം നാട്ടില്‍ നിന്നുള്ള ഒരു കുട്ടിയാണെന്നറിഞ്ഞിട്ടും മുല്ലയോട് അക്ബാര്‍ ഖാന്‍ യാതൊരു ദയയും കാണിക്കുന്നില്ല. മുല്ലയെ തന്റെ വഴുതിയില്‍ കൊണ്ടുവരാന്‍ അക്ബാര്‍ ഖാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ ഏറെ വൈകാരികമാണ്.

മത്സ്യബന്ധനം നടത്തിയും പരിചകളി നൃത്തം ചെയ്തും ദ്വീപിലെ ശാന്ത ജീവിതം നയിച്ച അക്ബാര്‍ വികാരങ്ങള്‍ തീണ്ടാത്ത മനസ്സുള്ള ഭായ് ആയി മാറിയതിന് കാരണം സമൂഹം അന്യവത്ക്കരിക്കുന്ന അംഗീകരിക്കാന്‍ തയ്യാറാകാത്ത പ്രണയ സങ്കല്‍പ്പങ്ങള്‍ കൂടിയാണ് മൂത്തോന്‍. ഏവര്‍ക്കും സ്വീകാര്യനായ അക്ബാറിനെ ഒടുവില്‍ സമൂഹം തള്ളിപ്പറയുന്നു. യാഥാസ്ഥിതിക സമൂഹം നിര്‍ണ്ണയിക്കുന്ന പ്രണയത്തിന്റെ അതിര്‍വരമ്പുകള്‍ അക്ബാര്‍ ഖാനും അയാളുടെ പ്രണയഭാജനമായ അമീറും ലംഘിക്കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്.

തന്റെ ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും മനസ്സു നീറുന്ന വേദനകള്‍ മറക്കാന്‍ ലഹരി കുത്തി നിറയ്ക്കുന്ന അക്ബറിന്റെ വികാര വിസ്‌ഫോടനങ്ങളും നിസ്സഹയതകളും മറ്റും നിവിന്‍ ഗംഭീരമായി അവതരിപ്പിക്കുന്നുണ്ട്. നിവിന്റെ ഇതുവരെയുള്ള വേഷങ്ങളില്‍ നിന്നും ഒരുപാട് മുന്നിലാണ് മുത്തോനിലെ അക്ബാര്‍ ഖാന്‍. തന്റെ കരിയര്‍ ബെസ്റ്റ് തന്നെയാണ് മൂത്തോന്‍ എന്നതില്‍ നിവിനും ഏറെ അഭിമാനിക്കാം.

മുല്ലയെ അവതരിപ്പിക്കുന്ന സഞ്ജന ദീപ്, സംസാര ശേഷിയില്ലാത്ത അമീറിന്റെ വേഷം അവതരിപ്പിച്ച റോഷന്‍ മാത്യു, മൂസയായി അവതരിപ്പിക്കുന്ന ദിലീഷ് പോത്തന്‍, ഹിജഡയായി വേഷമിടുന്ന സുജിത് ശങ്കര്‍, സലീമായി വേഷമിടുന്ന ശശാങ്ക് അറോറ തുടങ്ങിയവരുടെയെല്ലാം പ്രകടനവും എടുത്തുപറയേണ്ടതാണ്. ചിത്രത്തില്‍ ചെറു വേഷങ്ങള്‍ ചെയ്യുന്നവര്‍ പോലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.

ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് മൂത്തോന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്ക് അത്രയൊന്നും പരിചിതമല്ലാത്തൊരു പ്രമേയമാണ് ഗീതു മോഹന്‍ദാസും അനുരാഗ് കശ്യപും ചേര്‍ന്നൊരുക്കിയ തിരക്കഥ സമ്മാനിക്കുന്നത്. ഗീതുവിന്റെ കാഴ്ച്ചപ്പാടിലെ കാമാത്തിപ്പുരയും അവിടുത്തെ ജീവിതങ്ങളും മൂത്തോനില്‍ ദൃശ്യമാണ്. രാജീവ്് രവിയാണ് മൂത്തോനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ ഭംഗിയും കാമാത്തിപുരയിലെ ജീവിതങ്ങളെയും അതിമനോഹരമായി തന്നെ രാജീവ് രവി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള സ്‌നേഹ ഖന്‍വര്‍ക്കാറും ഗോവിന്ദ് വാസന്തയും ചേര്‍ന്നാണ് മൂത്തോനായി സംഗീതമൊരുക്കിയിരിക്കുന്നത്. ഗീതു മോഹന്‍ദാസ്, അനുരാഗ് കശ്യപ്, എസ്.വിനോദ് കുമാര്‍, അജയ് ജി.റായ്, അലന്‍ മക്അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് മൂത്തോന്റെ നിര്‍മ്മാണം.

 

 

 

You might also like