കരുത്ത് കുറഞ്ഞ “അണ്ടർ വേൾഡ്” – റിവ്യൂ.

0

അണ്ടർവേൾഡ് റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

“അണ്ടർവേൾഡ്” പേര് പോലെ തന്നെ അധോലേകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അരുൺകുമാർ അരവിന്ദ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് അണ്ടർവേൾഡ്. മുൻകാല അരുൺ കുമാർ സിനിമകൾ പോലെ ഈ സിനിമ സാധാരണ കാഴ്ച്ചക്കാരെ എത്രമാത്രം തൃപ്തിപ്പെടുത്തും എന്ന കാര്യത്തിൽ സംശയം ബാക്കിയാണ്.

 

 

 

 

പ്രധാനമായും ലാഗ് അടിപ്പിച്ച് മടുപ്പുളവാക്കുകയാണ് സിനിമ. ഷെബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ച ചിത്രം വിദേശസിനിമയിൽ നിന്ന് കടം കൊണ്ട് മലയാളികരിച്ചതായാണ് ഫീൽ ചെയ്യുന്നത്. ആസിഫ് അലി, ഫർഹാൻ ഫാസിൽ, മുകേഷ്, ജീൻപോൾ ലാൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാലിൻ ജോൺ എന്ന കഥാപാത്രമായി ആസിഫ് അലി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട് എങ്കിലും താരത്തിന് കരിയർ ബ്രേക്ക് നൽകാനുള്ള വ്യത്യസ്തത ഒന്നുമില്ലെന്നും സാരം.
മുകേഷിന്റെ സിനിമ ജീവിതത്തിൽ ലഭിച്ച വേറിട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലേത്. പത്മനാഭൻ നായർ എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. ലാൽ ജൂനിയറാണ് ചിത്രത്തിൽ പ്രതിനായകവേഷത്തിൽ എത്തിയിരിക്കുന്നത്. പലപ്പോഴും അഭിനയത്തിൽ ലാലിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രകടനം കാഴ്ച്ചവച്ചത്.

 

 

 

 

പരിചിതരല്ലാത്ത പല കഥാപാത്രങ്ങളുടെ ജീവിതങ്ങൾ കാണിച്ച് കഥയുടെ ഒരു ഘട്ടത്തിൽ പരസ്പരം കണ്ടുമുട്ടുന്ന രീതിയിലാണ് ചിത്രത്തിന്റെ സഞ്ചാരം. മികച്ച ഫ്രെയിമുകളും പശ്ചാത്തല സംഗീതവും ഉണ്ടെങ്കിലും കാഴ്ച്ചക്കാരനെ സിനിമക്ക് ഒപ്പം കൂട്ടുവാൻ തക്ക കഴിവ് ചിത്രത്തിന്റെ തിരക്കഥയ്ക്കും സംഭാഷണത്തിനും ഇല്ലാതെ പോയി. ഫർഹാൻ ഫാസിൽ അഭിനയത്തിൽ ഇനിയും മുന്നേറുവാൻ ഉണ്ടെന്ന് തന്നെയാണ് സിനിമയിലെ താരത്തിന്റെ പ്രകടനം എടുത്തു പറയുന്നത്.

 

 

 

 

ആസിഫ് അലിയുടെ സ്റ്റാലിൻ ജോൺ, ഫർഹാൻ ഫാസിലിന്റെ മജീദ്, ലാൽ ജൂനിയർ അവതിരിപ്പിച്ച സോളമൻ എന്നീ കഥാപാത്രങ്ങളുടെ ചെറുപ്പകാലം കാട്ടികൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. അടി ബഹളങ്ങളുടെ ഒപ്പം യാത്ര തുടങ്ങുന്ന അവർ മുതിർന്നതിന് ശേഷവും അതെ ജീവിതം തന്നെയാണ് തിരഞ്ഞെടുക്കുന്നത്. സ്റ്റാലിൻ ജോൺ എന്ന ആസിഫ് അലി കഥാപാത്രം മുതിർന്നതിന് ശേഷം തീയറ്റർ നടത്തിപ്പുകാരനായാണ് എത്തുന്നത്. അവിടെ അയാൾ ചൂതാട്ട കേന്ദ്രമാണ് നടത്തുന്നത്. (ആ ചൂതാട്ട കേന്ദ്രത്തിന്റെ ശൈലി ആകട്ടെ ഒട്ടും മലയാളിത്തമില്ലാത്ത വിദേശ സിനിമകളിൽ കാണുന്ന കാസിനോയുടെ ലുക്കോടു കൂടിയതുമാണ്). തീയറ്ററിൽ ചീട്ടുകളി കേന്ദ്രം നടത്തുന്ന അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. അതിന് കാരണമാകട്ടെ നാട്ടിലെ അറിയപ്പെടുന്ന സഖാവിന്റെ നിർദ്ദേശപ്രകാരവും. അരുൺ ആണ് ചിത്രത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയാൾക്ക് സ്റ്റാലിന്റെ കൈയ്യിൽ നിന്ന് തീയറ്റർ കൈവശപ്പെടുത്താനുള്ള ആഗ്രഹവും ഉണ്ട് അതിനായി അയാൾ പല നീക്കങ്ങളും നടത്തുന്നു. സ്റ്റാലിനെ പുറത്ത് നിന്ന് ആളെയിറക്കിവരെ തല്ലിക്കുന്നു തല്ല് കൊണ്ട സ്റ്റാലിൻ പ്രതികാരമായി തീയറ്റർ ഒരു സ്ഫോടനം നടത്തി നശിപ്പിക്കുന്നു.

 

 

 

ആ കേസിൽ ജയിലിൽ അടക്കപ്പെടുന്ന സ്റ്റാലിൻ സഖാവിന്റെ ആളുകളുടെ ക്വട്ടേഷൻ വാങ്ങി തന്നെ തല്ലിയ മജീദിനെ കാണുന്നു. തുടർന്ന് അവർ തമ്മിൽ ആ പഴയ കണക്ക് ജയിലിൽ വച്ച് തല്ലി തീർക്കുന്നു. അവരുള്ള അതേ ജയിലിലാണ് 500 കോടിയുടെ അഴിമതിക്കേസിൽ അകപ്പെട്ട പദ്മനാഭൻ നായർ എന്ന രാഷ്ട്രീയക്കാരനും ഉള്ളത്. അയാൾ തന്റെ വിശ്വസ്തനായിരുന്ന ആ കള്ളപ്പണം സൂക്ഷിക്കാൻ ഏൽപ്പിച്ച സോളമന്റെ കൈയിൽ നിന്ന് ആ പണം തിരികെ എടുക്കുവാനുള്ള ദൗത്യം സ്റ്റാൻലിയെയും മജീദിനെയും ഏൽപ്പിക്കുന്നു. പിന്നീട് അങ്ങോട്ട് ആ പണം തിരികെ പിടിക്കാനുള്ള ശ്രമങ്ങളും അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.

 

 

 

ഇതേ രീതിയിൽ പണം കൈവശപ്പെടുത്തുവാനുള്ള മനുഷ്യരുടെ പോരാട്ടങ്ങളുടെ കഥ വെള്ളിത്തിരയിൽ വന്ന് വൻ വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും ‘അണ്ടർവേൾഡ്’ എന്ന ഈ ചിത്രത്തിന് അതിന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം പലയിടങ്ങളിലും ത്രില്ലടിപ്പിക്കാതെയുള്ള ചിത്രത്തിന്റെ യാത്ര തന്നെ കാരണം. ചിത്രത്തിന്റെ മേക്കിങ്ങും ഛായഗ്രഹണവും നന്നായി തന്നെ വന്നിട്ടുണ്ട്. ഒത്തിരിയിടങ്ങളിൽ സിനിമയുടെ കഥാപാത്രങ്ങളുടെയും കഥാസഞ്ചാരത്തിന്റെയും വ്യക്തത നഷ്ട്ടമായി എന്നതാണ് കാഴ്ച്ചക്കാരനെ തീയറ്ററിൽ നിന്ന് പിന്നോട്ട് അടിപ്പിക്കുവാൻ കാരണമാവുന്നത് .അരുൺകുമാർ അരവിന്ദിനെ പോലെ മികവ് തെളിയിച്ച സംവിധായകനിൽ നിന്ന് ഇത്തരത്തിലുള്ള ചിത്രമല്ല പ്രതീക്ഷിക്കുക എന്നത് ഈ സിനിമയ്ക്ക് ശേഷം മനസ്സിലാക്കുമെന്ന് കരുതാം. ആസിഫ് അലി എന്നതാരത്തെ ഇഷ്ട്ടപ്പെടുന്നവർക്ക് ഒറ്റത്തവണക്കാഴ്ച്ചയ്ക്കായി ടിക്കറ്റ് എടുക്കാം.

 

 

You might also like