“സാഹോ” – 350കോടിയുടെ പഴയ ബോംബ് കഥ !! റിവ്യൂ വായിക്കാം.

0

സാഹോ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട ഇന്ത്യൻ സിനിമയായിരുന്നു ‘ബാഹുബലി’ ഒന്നും രണ്ടും ഭാഗങ്ങൾ. പ്രഭാസ് എന്ന തെലുങ്ക് താരത്തെ ലോകസിനിമ പ്രേക്ഷകർ ഈ ചിത്രങ്ങളുടെ വരവോടെ തിരിച്ചറിഞ്ഞു തുടങ്ങി എന്ന് ചുരുക്കം. ഇന്ത്യൻ നാടോടിക്കഥയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത ബാഹുബലി സീരീസിന്റെ വൻവിജയത്തിന് ശേഷം താരത്തിന്റെതായി പുറത്തു വരുന്ന ഏതൊരു ചിത്രത്തിനും ആളുകൾ കാത്തിരിക്കുമെന്ന വിശ്വാസത്തിൽ പ്രേക്ഷകർക്ക് മുന്നിൽ കാട്ടിക്കൂട്ടലായി എത്തിച്ച ചിത്രമായി പോയി “സാഹോ” എന്ന സിനിമ.

 

 

പറഞ്ഞും കണ്ടും കേട്ടും ശീലിച്ച കഥവീണ്ടും വെള്ളിത്തിരയിൽ അവതരിപ്പിക്കുക എന്ന അതിസാഹസികതയാണ് സംവിധായകൻ സുജീത് കാട്ടിയതെന്ന അഭിപ്രായത്തിന് മറിച്ചൊന്നും പറയാൻ സാധിക്കില്ല. കഥയില്ലായിമ എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. ഉള്ള കഥയാകട്ടെ ആദ്യത്തെക്കുറച്ച് സീനുകൾക്ക് ശേഷം സിനിമകൾ കാണുന്ന ആർക്കും പ്രവചിക്കാവുന്നതുമായി പോയി.

 

 

നഗരത്തിൽ നടന്ന സമർത്ഥമായ മോഷണവും കൊലപാതകങ്ങളും അന്വേഷിക്കുവാൻ എത്തുന്ന അണ്ടർ കവർ പോലീസുകാരനായാണ് ആദ്യ പകുതിയിൽ നായകന്റെ വിളയാട്ടം. ലോകത്തിലെ തന്നെ ഏറ്റും വിലയേറിയ സ്പോർട്സ് കാറിൽ വന്നിറങ്ങുന്ന നായകന്റെ മാസ്എൻട്രി കൊള്ളാമായിരുന്നുവെങ്കിലും . തുടർന്ന് അങ്ങോട്ട് അതിന്റെ നിലവാരം തന്നെ ഇല്ലാതാക്കുന്നതായി കുക്കർ വിസിൽ ഫൈറ്റ്. നായകനെക്കാൾ ശാരീരിക ക്ഷമതയുള്ള വില്ലൻമാരെ അടിച്ച് ഇല്ലാതാക്കുന്ന സ്ഥിരം ബോറൻ ക്ലീഷേ രംഗം.

 

 

അമൃതയും അശോകും അടങ്ങുന്ന പോലീസ് സംഘം നഗരത്തിൽ നടന്ന മോഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്നനെ കുരുക്കാനുള്ള ഓട്ടത്തിലാണ്. ആ യാത്ര ചെന്ന് എത്തി നിൽക്കുന്നത് ലോകത്തെതന്നെ അധോലോക സാമ്രാജ്യങ്ങളെ നിയന്ത്രിക്കുന്ന റോയി ഗ്രൂപ്പിലേക്കാണ് മരണത്തിന് തൊട്ട് മുൻപ് മുംബൈയിൽ ഒരു സ്ഥലത്ത് ഒളിച്ചുവച്ചിരിക്കുന്ന കോടികൾ മൂല്യമുള്ള ബ്ലാക്ക് ബോക്സ് കൈവശപ്പെടുത്താനുള്ള കള്ളൻ- പോലീസ് കളിയാണ് ആദ്യ പകുതിവരെ.

 

 

 

നേരത്തെ പറഞ്ഞതു പോലെ സിനിമയെ കൃത്യമായി ശ്രദ്ധിക്കുന്നവർക്കറിയാം പിന്നീടുള്ള സിനിമയുടെ യാത്ര എങ്ങനെയായിരിക്കും എന്നത്. പല പല സിനിമകളിലെ രംഗങ്ങൾ ഓർമ്മിപ്പിക്കും വിധമാണ് സാഹോയിലെ ചില രംഗങ്ങൾ. കെ ജി എഫ്, പോക്കിരി, ധൂം പോലുള്ള ചിത്രങ്ങളിൽ കണ്ടതായി ഓർത്താൽ പ്രേക്ഷകരെ കുറ്റം പറയാൻ ആകില്ല.

 

 

 

ഐ മാക്സ് ക്യാമറയിൽ ചിത്രീകരിച്ച സിനിമയുടെ വിഷ്വലുകളും, ചിത്രത്തിലെ ആർട്ട് വർക്കുമാണ് അൽപ്പമെങ്കിലും ആശ്വാസം. രാക്ഷനിലൂടെ ശ്രദ്ധേയനായ ജിബ്രാന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് ചില നേരങ്ങളിൽ ഗുണമാകുന്നു. ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്ങും മികച്ച രീതിയിൽ ആയതിനാൽ അൽപ്പമെങ്കിലും കണ്ടിരിക്കാൻ സാധിക്കുന്നു. 350 കോടി മുതൽ മുടക്കിൽ എടുത്ത സാഹോ യുടെ വരും ദിവസങ്ങളിലെ ഭാവി എന്താകുമെന്ന് കണ്ട് തന്നെ അറിയണം.

 

 

 

റാമോജി റാവു ഫിലിം സിറ്റി, മുംബൈ, അബുദാബി, റൊമാനിയ, ഓസ്ട്രിയ , ദുബായ് തുടങ്ങിയ സ്ഥലങ്ങളുടെ മനോഹര ദൃശ്യങ്ങളും ചിത്രത്തിന് മികവായിട്ടുണ്ട്. പേള്‍ ഹാര്‍ബറിനും ട്രാൻസ്ഫോമേഴ്സിനും മിഷൻ ഇംപോസിബിളിനുമൊക്കെ ആക്ഷനൊരുക്കിയ കെന്നി ബെയ്റ്റ്സാണ് സാഹോയുടെ ആക്ഷൻ കൊറിയോഗ്രാഫർ. 25 കോടിയോളം മുടക്കിയ അവസാന സംഘടന രംഗങ്ങൾ ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട്. എന്നാൽ തിരക്കഥയിലെ പോരായ്മ പ്രേക്ഷകരെ നല്ല പോലെ ബോറടിപ്പിക്കുമുണ്ട്.

 

 

 

പ്രഭാസ് നായക കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. എന്നാൽ ബാഹുബലി എന്നും അദ്ദേഹത്തിന് ഒരു ഭാരമായി തന്നെ തുടരും പ്രേക്ഷക പ്രതീക്ഷയുടെ കാര്യത്തിൽ. ചിത്രത്തിലെ ഒരു ഡയലോഗ് പോലെ പ്രഭാസിന്റെ കടുത്ത ആരാധകർക്ക് മാത്രം ദഹിക്കുന്ന ഉൽപ്പന്നമാണ് സാഹോ. നായികയായി എത്തിയ ശ്രദ്ധാ കപൂറിന് ചിത്രത്തിൽ സൗന്ദര്യം ഒഴിച്ചാൽ കാര്യമായൊന്നും ചെയ്യാൻ ഉണ്ടായില്ല. അമൃത നായർ പോലീസുകാരിയുടെ വേഷമാണ് ശ്രദ്ധ ചിത്രത്തിൽ ചെയ്തത്.

 

 

 

നിതിൻ നീൽ മുകേഷ്, ജാക്കി ഷെറഫ് ദേവൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് കാര്യമായി സിനിമയിൽ ചെയ്യാൻ ഇല്ലാതെ പോയി. എന്നാൽ മലയാളി താരം ലാലിന് മികച്ച സ്ക്രീൻ സ്‌പേസ് ലഭിച്ചു. മുരളി ശർമ്മ, അരുൺ വിജയ് , വെണ്ണല കിഷോർ, മന്ദിര ബേദി, ചങ്കീ പാണ്ഡെ, സുപ്രീത്, തുടങ്ങിയവരാണ് സാഹോയിലെ മറ്റ് പ്രധാന താരങ്ങൾ. എവെലിൻ ശർമ്മ, ജ്വാക്വലീൻ ഫെർണ്ണാഡസ് എന്നീ ബോളിവുഡ് ഗ്ലാമർ നായികമാരെ എന്തിനു ഈ ചിത്രത്തിൽ ഉൾപെടുത്തിയെന്നതും ഒരു ബാക്കി ചോദ്യം മാത്രം.

 

 

 

ഇരുപത്തിമൂന്നാം വയസ്സിൽ റൺ രാജ റൺ എന്ന റൊമാന്‍റിക് കോമഡി തെലുങ്ക് ചിത്രമൊരുക്കി ശ്രദ്ധേയനായ സുജീത്ത് റെഡ്ഡിയാണ് സാഹോയുടെ സംവിധാനം. അഞ്ച് വർഷം കഴിഞ്ഞ് സംവിധാനവുമായി സുജീത് എത്തുമ്പോൾ പ്രേക്ഷകന് സഹിക്കാവുന്നതല്ല ഈ സാഹോ. വലിയ പ്രതീക്ഷകൾ ഒട്ടുമില്ലാതെ; ബാഹുബലിയും, 350 കോടിയും എല്ലാം മറന്ന് പോയാൽ “സാഹോ” കണ്ടിരിക്കാം.

 

 

 

You might also like