ചിരിയുടെ വെടിക്കെട്ടിന് സിക്‌സർ അടിച്ച “സച്ചിൻ”. റിവ്യൂ വായിക്കാം.

0

സച്ചിൻ റിവ്യൂ: വൈഷ്ണവി മേനോൻ

 

 

സന്തോഷ് നായരുടെ സംവിധാനത്തിൽ ഒരുങ്ങിയ “സച്ചിൻ” ഒരു നാട്ടിൻപുറത്തെ കുറച്ചു ചെറുപ്പക്കാരുടെ ക്രിക്കറ്റിനോടുള്ള പ്രണയവും സൗഹൃദവും നിറഞ്ഞ പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമെന്ന് വിശേഷിപ്പിക്കാം.

 

 

 

ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന ‘സച്ചിൻ’ എന്ന കേന്ദ്ര കഥാപാത്രത്തിനെ ചുറ്റുവലയം തീർത്താണ് ചിത്രത്തിന്റെ കഥമുന്നോട്ടു സഞ്ചരിക്കുന്നത്. ക്രിക്കറ്റിനോടുള്ള അമിത ആരാധന കാരണം തന്റെ മകന് സച്ചിൻ എന്നു പേരിടുന്ന ഒരച്ഛനും ആ മകൻ വളർന്നു വലുതാകുന്നു സന്ദർഭത്തിൽ അവനെയോർത്ത് അവന്റെ ക്രിക്കറ്റ് ഭ്രാന്തിനെയോർത്ത് വേവലാതിപ്പെടുകയും കുടുംബത്തെയും ചിത്രത്തിൽ രസകരമായി കാണിക്കുന്നത്. സച്ചിൻ തന്നെക്കാൾ നാല് വയസ് കൂടുതലുള്ള അഞ്ജലിയുമായി പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്റെ കഥയിലെ വഴിത്തിരിവ്. തുടർന്നു ഈ സംഭവം സച്ചിന്റെ ജീവിതത്തിലും ചുറ്റുമുള്ളവരുടെ ജീവിതത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളിലുടെയാണ് ചിത്രം മൂന്നോട്ടു പോകുന്നു.

 

 

 

 

ക്രിക്കറ്റ് എന്ന വികാരത്തെ വളരെ രസകരമായി തന്നെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ സന്തോഷ് നായർ ഒരു പരുതിവരെ വിജയിച്ചിട്ടുണ്ട്. വളരെ ലളിതമായ തിരക്കഥയെ പ്രേക്ഷകനു ഒട്ടും ബോറടിപ്പിക്കാതെ ഇരിക്കുന്നതിൽ രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നീൽ ഡി കുഞ്ഞയുടെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തിന് നിറമേകുന്നുണ്ട്. അഡ്വക്കേറ്റ് ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് സച്ചിൻ നിർമ്മിച്ചിരിക്കുന്നത്.

 

 

 

 

പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും സച്ചിൻ എന്ന കഥാപാത്രത്തെ ധ്യാൻ ശ്രീനിവാസൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റൻ ജെറിയായി അജു വർഗീസ് വളരെ മികച്ച പ്രകടനം തന്നെയാണ് കാഴച വച്ചിരിക്കുന്നത്. ധ്യാൻ – അജു കൂട്ടുക്കെട്ടിൽ ചിത്രീകരിച്ച കോമഡി രംഗങ്ങൾ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. അജു വർഗീസിന്റെ നൂറാമത്തെ ചിത്രം കൂടിയാണ് സച്ചിൻ. പൂച്ച ഷൈജുവായി ഹരീഷ് കണാരനും മാട്ടേൽ ജോസായി അപ്പാനി ശരത്തും ഹാസ്യത്തിന് പിന്തുണ നൽകുന്നുണ്ട്. രമേശ് പിഷാരടിയുടെ ക്യാപ്റ്റൻ ഷൈൻ എന്ന കഥാപാത്രം ചിത്രത്തിൽ വേറിട്ട് നിൽക്കുന്നു. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിന് ശേഷം അന്ന രേഷ്മ രാജന്റെ മികച്ച വേഷമാണ് അഞ്ജലി. മണിയൻ പിള്ള രാജു , രഞ്ജി പണിക്കർ , ബാലാജി . ജൂബി നൈനാൻ , കൊച്ചു പ്രേമൻ , മാല പാർവതി , സേതുലക്ഷ്മി അമ്മ , രശ്മി ബോബൻ എന്നിവരും അവരവരുടെ വേഷങ്ങൾ നല്ലതായി അവതരിപ്പിച്ചു.

 

 

 

 

ക്രിക്കറ്റിന്റെ ആവേശവും ചിരിയുടെ പൂരവും പ്രണയവും എല്ലാം നിറഞ്ഞ ഒരു ക്ലീൻ ഫാമിലി കോമഡി എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് ‘സച്ചിൻ’.

 

 

 

You might also like