‘സകലകലാശാല’ അല്ല ഇത് സകല ക്ലിഷേ ശാല ..!

0

സകലകലാശാല റിവ്യൂ: പ്രിയ തെക്കേടത്

 

 

കലാലയ ജീവിതം പശ്ചാത്തലമാക്കി നിരവധി മലയാള സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ പെട്ടെന്ന് പ്രേക്ഷക മനസ്സിൽ ഓടി വരുന്ന ചിത്രങ്ങളാണ് സര്‍വ്വകലാശാല, ചെപ്പ് , ക്ലാസ് മേറ്റ്സ് , പ്രേമം എന്നിവ. അതിൽ 1987ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം സര്‍വ്വകലാശാലയുടെ നാമത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത “സകലകലാശാല” പ്രദർശനത്തിനെത്തിയത്. മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ഓർമ്മയിൽ പ്രണവ് മോഹൻലാൽ അഭിനയിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ട് പുറത്തിറങ്ങിയപ്പോൾ അതെ ദിവസം മറ്റൊരു താരപുത്രന്റെ ചിത്രം കൂടി പ്രദർശനത്തിനെത്തി. മണിയൻ പിള്ള രാജുവിന്റെ മകനായ നിരഞ്ജ് രാജു നായകനായി എത്തുന്ന സകലകലാശാല പുതുയുഗ കലാലയ കഥയാണ് പറയുന്നത്.

 

 

 

 

 

 

ഒരു എഞ്ചിനീയറിംഗ് കോളേജും അവിടെയുള്ള വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് സകലകലാശാല എന്ന സിനിമ. കോളേജിലെ മിടുക്കനായ വിദ്യാര്‍ത്ഥിയാണ് അക്കു (അക്ബര്‍). അക്കുവിന്റെ കണ്ടുപിടിത്തങ്ങളാണ് ശാസ്ത്രമേളകളില്‍ കോളേജിന് മാറ്റ് കൂട്ടുന്നത്. ഈ വർഷം നടക്കുന്ന ശാസ്ത്ര മേളയിലേക്ക് അക്കുവിനോട് മികച്ച ഒരു കണ്ടുപിടിത്തം നടത്താന്‍ പ്രിൻസിപ്പാളായ ഫാദർ മാത്യൂസ് (ഷമ്മി തിലകന്‍) ആവശ്യപ്പെടുന്നു. തുടർന്ന് അക്കു ഉറ്റ സുഹൃത്തുക്കളായ ജിമ്മി (ധര്‍മ്മജന്‍), കണ്ണന്‍ (ഗ്രിഗറി) എന്നിവർക്കൊപ്പം ചേർന്ന് മേള അവതരിപ്പിക്കുകയും അതിൽ കോളേജിന് ഒന്നാം സമ്മാനം നേടിക്കൊടുക്കുകയും ചെയ്യുന്നു. അക്കുവിന്റെ ഈ വിജയകരമായ കണ്ടുപിടുത്തം നായികയായ മുംതാസ് ഒരു ടെലിവിഷൻ ചാനലിലൂടെ പുറത്തു വിടുന്നു. ഇത് സംപ്രേഷണം ചെയുന്നത് അക്കുവിന്റെ സമ്മതത്തോടെ അല്ല , അതെ തുടർന്ന് അക്കുവിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.

 

 

 

 

 

 

 

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന സൂപ്പർ ഹിറ്റ് പരിപാടിയുടെ എഴുത്തുകാരായ മുരളി ഗിന്നസും, ജയരാജ് സെഞ്ചുറിയുമാണ് സകലകലാശാല രചിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ കോളേജ് ജീവിതത്തിലെ തമാശകളും പ്രണയവുമായി മുന്നേറുന്ന ചിത്രം ഇടവേളയ്ക്കു ശേഷം ഗൗരവമുള്ള കഥ സഞ്ചാരത്തിലേക്ക് വഴിമാറുന്നു. കഥയിൽ എവിടെയൊക്കെയോ വ്യത്യസ്ത പുലർത്താൻ എഴുത്തുകാർ ശ്രമിച്ചിട്ടുണ്ടെങ്കിലും തിരക്കഥ തികച്ചും ഒരു പാളിച്ചയായി മാറി. ന്യൂ ജെൻ ഷോർട്ട് ഫിലിമുകളിൽ കാണുന്ന ഡബിൾ മീനിങ് തമാശകളും, പ്രണയത്തിലുണ്ടാകുന്ന തേപ്പുകളും തന്നെയാണ് സകലകലാശാലയ്ക്കും പോരായ്മയായി തീർന്നത്. ചുരുക്കി പറഞ്ഞാൽ ഒരു മുഴുനീള ‘ക്യാംപസ് ക്ലിഷേ’യായി പോയി ‘സകലകലാശാല’.

 

 

 

 

 

 

 

 

അക്ബർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിരഞ്ജ് രാജുവാണ്. നായികാ കഥാപാത്രമായ മുംതാസിനെ അവതരിപ്പിക്കുന്നത് മാനസ രാധാകൃഷ്ണനാണ്. ഇരുവരും മുൻപ് കുറച്ചു സിനിമകളിൽ നായിക നായകന്മാരായിട്ടുണ്ടെങ്കിലും സകലകലാശാലയിലെ അഭിനയം തികച്ചും ശരാശരിക്ക് കീഴെ മാത്രമാണ്. ചിത്രത്തിലെ ഗാനം രംഗങ്ങളിൽ മാത്രം ഇരുവരും മികവ് കാട്ടി. ഇതൊരു ആൽബം അല്ല സിനിമയാണെന്ന് കാര്യം പലപ്പോഴും അവർ തന്നെ മറന്നു പോയത് പോലെ പ്രേക്ഷകർക്ക് അനുഭവപ്പെടും.

 

 

 

 

 

 

 

 

 

ഷമ്മി തിലകൻ , രഞ്ജി പണിക്കർ , നിർമൽ പാലാഴി, ഗ്രിഗറി , രമേശ് തിലക് , ജെൻസൺ , ടിനി ടോം, പാഷാണം ഷാജി, ഗ്രേസ് ആന്റണി എന്നിവർ തങ്ങളുടെ കഥാപാത്രങ്ങൾ തന്മയത്തോടെ അവതരിപ്പിച്ചു. സ്ഥിരം ശൈലിയിൽ ഹരീഷ് കണാരനും സകലകലാശാലയിൽ ഉണ്ട്. എന്നാൽ ഇത്തവണ പ്രേക്ഷകന് അദ്ദേഹത്തിന്റെ സ്ഥിരം കഥാപാത്രം ക്ലിഷേയായാണ് തോന്നിയത്. ചിത്രത്തിലെ കഥാപാത്രങ്ങളിൽ എടുത്തു പറയേണ്ടത് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ റോളാണ്. സിനിമയുടെ ഒരു മുഖ്യ പങ്കും ധർമജൻ തന്നെ കൊണ്ടുപോയെന്നും പറയാം. സാനിയ ഇയ്യപ്പനും ജോസഫ് അന്നംകുട്ടി ജോസും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്.

 

 

 

 

 

 

 

 

എബി ടോമിന്റെ സംഗീതം ചിത്രത്തിനോട് ചേർന്ന് നിൽക്കുന്നു. ലൈൻ അടിച്ചാൽ ഫൈൻ അടിക്കുമെന്നച്ഛൻ പറഞ്ഞു എന്ന ഗാനം ടിക്ക് ടോക്കിൽ വൈറലാണ്. മനോജ് പിള്ളയുടെ ഛായാഗ്രഹണം പുതുമ ഒന്നും ഉളവാക്കുന്നില്ല, എഡിറ്റിംഗ് റിയാസും കലാസംവിധാനം സഹസ് ബാലയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകൻ വിനോദ് ഗുരുവായൂർ ചിത്രത്തെ കോമഡി കൊണ്ടും ഗാനങ്ങൾ കൊണ്ടും ഭേദഗതിവരുത്തുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും തിരക്കഥയിലുള്ള പാളിച്ചകൾ ചിത്രത്തിന് വിനയായി. മാത്രമല്ല പ്രൊമോഷൻ പാളിച്ച കാരണം ഇങ്ങനെയൊരു ക്യാംപസ് ചിത്രം ഇറങ്ങിയെന്നു യുവാക്കൾക്ക് പോലും അറിയില്ല എന്നതും വാസ്തവം.

 

 

 

 

 

 

 

You might also like